Asianet News MalayalamAsianet News Malayalam

കശ്മീർ ഗാസയല്ല, മോദിയും അമിത് ഷായും രക്തച്ചൊരിച്ചിൽ ഇല്ലാതെ രാഷ്ട്രീയ പരിഹാരം ഉറപ്പാക്കി: ഷെഹ്‍ല റാഷിദ്

കശ്മീരില്‍ കല്ലെറിയുന്നവരോട് സഹതാപമുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഷെഹ്‍ല.  2010ല്‍ ഉണ്ടായിരുന്നു എന്നാണ് ഷെഹ്‍ലയുടെ മറുപടി.

Kashmir is not Gaza says former jnu student leader shehla rashid SSM
Author
First Published Nov 15, 2023, 1:45 PM IST

ദില്ലി: കശ്മീർ ഗാസയല്ലെന്ന് ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ (ജെഎൻയു) മുൻ വിദ്യാർത്ഥി നേതാവ് ഷെഹ്‌ല റാഷിദ്. ജമ്മു കശ്മീരിലെ മാറ്റങ്ങൾക്ക് കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും നയങ്ങളാണെന്നും ഷെഹ്‍ല റാഷിദ് പറഞ്ഞു. അവർ കശ്മീരില്‍ രാഷ്ട്രീയ പരിഹാരം ഉറപ്പ് വരുത്തിയിട്ടുണ്ട്. അത് രക്തച്ചൊരിച്ചില്‍ ഇല്ലാത്തതാണെന്നും ഷെഹ്‍ല പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഷെഹ്‍ലയുടെ പരാമര്‍ശം. 

കശ്മീരില്‍ കല്ലെറിയുന്നവരോട് സഹതാപമുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഷെഹ്‍ല.  2010ല്‍ ഉണ്ടായിരുന്നു എന്നാണ് ഷെഹ്‍ലയുടെ മറുപടി. കശ്മീരില്‍ നുഴഞ്ഞുകയറ്റവും കലാപവും പ്രതിഷേധങ്ങളുമുണ്ടായിരുന്നു. എന്നാല്‍ ഇന്നത്തെ കശ്മീരിലെ അവസ്ഥ കാണുമ്പോള്‍ ഏറെ നന്ദിയുണ്ടെന്നും  കശ്മീര്‍ ഗാസയല്ലെന്നും ഷെഹ്‍ല പറഞ്ഞു. നിലവിലെ സര്‍ക്കാരിന്, പ്രത്യേകിച്ച് പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും ക്രെഡിറ്റ് നല്‍കാന്‍ ആഗ്രഹിക്കുന്നുവെന്നും ഷെഹ്‍ല വ്യക്തമാക്കി.

ജമ്മു കശ്മീരിലെ നിലവിലെ സ്ഥിതിഗതികളെ ഇതിന് മുന്‍പും ഷെഹ്‍ല പ്രശംസിച്ചിട്ടുണ്ട്.  ഇന്ത്യക്കാര്‍ എത്ര ഭാഗ്യവാന്മാരാണെന്നാണ് ഷെഹ്‍ല നേരത്തെ പറഞ്ഞത്. കശ്മീരിൽ സുസ്ഥിര സമാധാനവും സുരക്ഷയും ഉറപ്പാക്കിയതിന് സർക്കാരിനും സുരക്ഷാ സേനയ്ക്കും നന്ദിയെന്നും ഷെഹ്‍ല പറഞ്ഞിരുന്നു. മിഡിൽ ഈസ്റ്റ് പ്രതിസന്ധി കാണിച്ചുതരുന്നത് സുരക്ഷ ഇല്ലാതെ സമാധാനം അസാധ്യമാണെന്നാണെന്ന് ഷെഹ്‍ല അഭിപ്രായപ്പെട്ടു. ഇന്ത്യൻ സേനയും സിആര്‍പിഎഫും ജമ്മു കശ്മീർ പൊലീസിലെ ധീരരായ ഉദ്യോഗസ്ഥരും കശ്മീരിൽ സുസ്ഥിര സമാധാനവും സുരക്ഷിതത്വവും ഉറപ്പാക്കാൻ വലിയ ത്യാഗങ്ങൾ ചെയ്തിട്ടുണ്ടെന്നും ഷെഹ്‍ല സമൂഹ മാധ്യമമായ എക്സില്‍ നേരത്തെ പ്രതികരിക്കുകയുണ്ടായി.

ജെഎന്‍യു വിദ്യാര്‍ത്ഥിയായിരിക്കെ മോദി സര്‍ക്കാരിന്‍റെയും ബിജെപിയുടെയും കടുത്ത വിമര്‍ശകയായിരുന്നു ഷെഹ്‍ല റാഷിദ്. 2016ല്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന് ആരോപിക്കപ്പെട്ട് അറസ്റ്റിലായ വിദ്യാര്‍ത്ഥികളില്‍ ഷെഹ്‍ലയുമുണ്ടായിരുന്നു. ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ വൈസ് പ്രസിഡന്‍റാണ് ഷെഹ്‍ല റാഷിദ്. 

പലസ്തീനിലെ മനുഷ്യക്കുരുതിയെ ന്യായീകരിച്ചവരോടൊപ്പം എങ്ങനെ ദീപാവലി ആഘോഷിക്കും? അമേരിക്കയുടെ ക്ഷണം തള്ളി രൂപി കൗർ

2016ല്‍ വിദ്യാര്‍ത്ഥി നേതാക്കളായിരുന്ന ഉമര്‍ ഖാലിദും കനയ്യ കുമാറും അറസ്റ്റിലായതിന് ശേഷം ജെഎന്‍യുവിലെ അവസ്ഥയെ കുറിച്ചും ഷെഹ്‍ല സംസാരിച്ചു. അന്ന് ആരും ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കിയിരുന്നില്ലെന്ന് ഷെഹ്‍ല പറഞ്ഞു- "ഇത് ഞങ്ങൾ മൂന്ന് പേരുടെയും ജീവിതം മാറ്റിമറിച്ച സംഭവം മാത്രമായിരുന്നില്ല. മുഴുവൻ സർവ്വകലാശാലയും ആ സംഭവത്തിന്റെ അനന്തരഫലങ്ങൾ അനുഭവിച്ചു. അങ്ങനെ ഒറ്റ രാത്രി കൊണ്ട്, ആ വരേണ്യ സര്‍വകലാശാലയ്ക്ക് കളങ്കമുണ്ടായി".

ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതിനെതിരെ ഷെഹ്‍ല നേരത്തെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന 370ആം വകുപ്പ് റദ്ദാക്കിയതിന് എതിരെയാണ് കോടതിയെ സമീപിച്ചത്. എന്നാല്‍ ഈ വര്‍ഷം ജൂലൈയില്‍ ഹര്‍ജി പിന്‍വലിച്ചു. ഷെഹ്ലയുടെ നിലപാടുകളിലും മാറ്റം സംഭവിച്ചു. മോദി സര്‍ക്കാരിന്‍റെ കീഴില്‍ കശ്മീരിലെ മനുഷ്യാവകാശ നില മെച്ചപ്പെട്ടെന്ന് ഷെഹ്ല ആഗസ്ത് 15 ന് പറയുകയുണ്ടായി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios