ദില്ലി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടി ഐക്യരാഷ്ട്രസഭ രക്ഷാസമിതി ഇന്ന് ചര്‍ച്ച ചെയ്തേക്കും. ഇന്ത്യൻ സമയം വൈകിട്ട് ഏഴരയ്ക്ക് അടച്ചിട്ട മുറിയിലാണ് അനൗദ്യോഗിക ചർച്ച നടക്കുക. കശ്മീർ വിഷയം രക്ഷാസമിതി ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആ​ഗസ്റ്റ് 14-ന് സമിതിക്ക് ചൈന കത്തയച്ചിരുന്നു. ഇതേത്തുടർന്നാണ് രഹസ്യ സ്വഭാവമുള്ള അടിയന്തര യോഗം ചേരുന്നത്.

അതേസമയം, ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ ആർട്ടിക്കിള്‍ 370 എടുത്ത് കളഞ്ഞ വിജ്ഞാപനത്തിനും മാധ്യമ നിയന്ത്രണത്തിനും എതിരായ ഹർജികൾ ഇന്ന് സുപ്രീംകോടതി പരി​ഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് ഹർജികൾ പരിഗണിക്കുക.

രാഷ്ട്രപതിയുടെ വിജ്ഞാപനത്തിലൂടെ പ്രത്യേക പദവി റദ്ദാക്കിയത് ഭരണ ഘടനാ വിരുദ്ധമാണെന്നാണ് ഹർജിയിലെ വാദം. മാധ്യമപ്രവർത്തനത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് ചോദ്യം ചെയ്ത് കശ്മീർ ടൈംസ് എക്സിക്യൂട്ടീവ് എഡിറ്റർ അനുരാധാ ബാസിനാണ് കോടതിയെ സമീപിച്ചത്.