ജമ്മു കശ്മീരിലെ പ്രധാന പത്രങ്ങളെല്ലാം ഇന്നലെ പുറത്തിറങ്ങിയത് ആദ്യ പേജുകളില്‍ വാര്‍ത്തയില്ലാതെ. ശ്രീനഗറില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന രണ്ട് പത്രങ്ങള്‍ക്ക് സര്‍ക്കാര്‍ പരസ്യങ്ങള്‍ നിഷേധിച്ചുവെന്നാരോപിച്ചായിരുന്നു പത്രങ്ങളുടെ പ്രതിഷേധം. കാശ്മീര്‍ എഡിറ്റേഴ്‌സ് ഗില്‍ഡിന്‍റെ -(കെഇജി) നേതൃത്വത്തിലായിരുന്നു പ്രതിഷേധം നടന്നത്.
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പ്രധാന പത്രങ്ങളെല്ലാം ഇന്നലെ പുറത്തിറങ്ങിയത് ആദ്യ പേജുകളില്‍ വാര്‍ത്തയില്ലാതെ. ശ്രീനഗറില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന രണ്ട് പത്രങ്ങള്‍ക്ക് സര്‍ക്കാര്‍ പരസ്യങ്ങള്‍ നിഷേധിച്ചുവെന്നാരോപിച്ചായിരുന്നു പത്രങ്ങളുടെ പ്രതിഷേധം. കാശ്മീര്‍ എഡിറ്റേഴ്‌സ് ഗില്‍ഡിന്‍റെ -(കെഇജി) നേതൃത്വത്തിലായിരുന്നു പ്രതിഷേധം നടന്നത്.
കൃത്യമായ കാരണങ്ങള്‍ അറിയിക്കാതെ ഗ്രേറ്റര്‍ കാശ്മീര്‍, കശ്മീര്‍ റീഡര്‍ എന്നീ പത്രങ്ങള്‍ക്ക് പരസ്യം നല്‍കുന്നത് നിര്‍ത്തിയതിനലാണ് ശൂന്യമായ പേജുകള്‍ പ്രസിദ്ധീകരിച്ചതെന്ന് പത്രങ്ങള്‍ വിശദീകരിക്കുന്നു. പരസ്യം നല്‍കുന്നത് നിര്‍ത്തലാക്കാനുള്ള തീരുമാനത്തിന്റെ കാരണം വ്യക്തമാക്കണമെന്ന ആവശ്യവുമായി ശൂന്യമായ ആദ്യ പേജുകള്‍ ഉയര്‍ത്തിപ്പിടിച്ച് പത്രാധിപന്മാര്‍ പ്രതിഷേധിച്ചു.
കാരണം വ്യക്തമാക്കാന്‍ കശ്മീര്‍ എഡിറ്റേഴ്‌സ് ഗില്‍ഡും സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അതേസമയം സര്‍ക്കാര്‍ ഇത് സംബന്ധിച്ച് യാതൊരു മറുപടിയും ഇതുവരെ നല്‍കിയിട്ടില്ലെന്ന് പത്രങ്ങള്‍ ആരോപിക്കുന്നു. പ്രസിദ്ധീകരണത്തിന് പരസ്യം നല്‍കുന്നത് നിര്‍ത്തിയത് ജമ്മു കാശ്മീര്‍ ഇന്‍ഫര്‍മേഷന്‍ ഡയറക്ടറേറ്റ് വാക്കാല്‍ മാത്രമാണ് അറിയിച്ചതെന്നും ഇത് സംബന്ധിച്ച ഉത്തരവ് ലഭിച്ചിട്ടില്ലെന്നും പത്രത്തിന്റെ പ്രതിനിധികള്‍ അറിയിച്ചു.
