മുംബൈ: മഹാരാഷ്ട്ര, ഹരിയാന നിയമസഭ തെരഞ്ഞെടുപ്പുകൾ കശ്മീര്‍ വിഷയത്തിലെ ബിജെപി സര്‍ക്കാരിന്‍റെ നിലപാടിന്‍റെ വിലയിരുത്തലാകുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. ജമ്മു കശ്മീരിന്‍റെ പ്രത്യേക അധികാരങ്ങൾ മോദി സര്‍ക്കാര്‍ എടുത്തു കളഞ്ഞതിനെ പറ്റി പരമാവധി ജനങ്ങളോട് സംവദിക്കണമെന്നാണ് അണികൾക്ക് ദേശീയ അധ്യക്ഷന്‍റെ നിര്‍ദ്ദേശം. വിഷയം തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കുന്നത് ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് ബിജെപി.

പ്രളയ ദുരിതമനുഭവിച്ച സംസ്ഥാനത്ത്, ഭരണവിരുദ്ധ വികാരങ്ങളെ പിടിച്ചുനിർത്താൻ ദേശീയതയിലൂന്നിയുള്ള പ്രചാരണത്തിനാണ് മുന്‍തൂക്കം നല്‍കുന്നത്. കശ്മീർ വിഷയത്തിൽ ഗാന്ധി കുടുബത്തിൻറെ നിലപാടുകളെ വിമർശിച്ച അമിത് ഷാ രാഹുൽ ഗാന്ധിക്ക് ചരിത്രം അറിയില്ലെന്നും കുറ്റപ്പെടുത്തി.

മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും ദേവേന്ദ്ര  ഫഡ്നാവിസ് വീണ്ടും മുഖ്യമന്ത്രി ആകുമെന്നും അമിത് ഷാ മുബൈയിൽ പറഞ്ഞു. ബിജെപി ശിവസേന സഖ്യത്തിന്റെ സീറ്റു ധാരണ സംബന്ധിച്ചുള്ള പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് സൂചന.