ദില്ലി: കാറിൽ യാത്രക്കാർ മറന്നുവച്ച ബാഗ് ടാക്സി ഡ്രൈവർ തിരിച്ചുനൽകി. ബാഗിനകത്ത് പത്ത് ലക്ഷത്തിലേറെ രൂപ വിലമതിക്കുന്ന സാധനങ്ങൾ ഉണ്ടായിരുന്നു. ജമ്മു കാശ്മീരിലെ ഷോപിയാൻ ജില്ലയിലാണ് വിനോദസഞ്ചാരികളായെത്തിയ കുടുംബത്തിന് നഷ്ടപ്പെട്ട ബാഗ് തിരികെ ലഭിച്ചത്.

ഷോപിയാൻ ജില്ലയിലെ അഹർബൻ വെള്ളച്ചാട്ടം കാണാനെത്തിയ ഭോപ്പാലിൽ നിന്നുള്ള കുടുംബത്തിന്റെ ബാഗാണ് നഷ്ടപ്പെട്ടത്. ഷോപിയാൻ ജില്ലക്കാരനായ താരീഖ് അൻവറെന്ന ടാക്സി ഡ്രൈവറുടെ കാറിലാണ് ഇവർ ബാഗ് മറന്നുവച്ചത്.

എന്നാൽ ഈ ബാഗ് താരീഖ് അൻവറിന്റെ കൈയ്യിൽ കിട്ടി. ബാഗിനകത്ത് സ്മാർട്ട്‌ഫോണുകളും സ്വർണ്ണാഭരണങ്ങളും ഉണ്ടായിരുന്നു. പത്ത് ലക്ഷത്തിലേറെ രൂപ വിലമതിക്കുന്ന സാധനങ്ങളാണ് ബാഗിനകത്ത് ഉണ്ടായിരുന്നതെന്നാണ് ടൂറിസം പ്രമോഷൻ കൗൺസിൽ ഇന്ത്യ ടുഡെയോട് വ്യക്തമാക്കിയിരിക്കുന്നത്. താരീഖ് ഈ ബാഗ് സുരക്ഷിതമായി ഉടമകൾക്ക് കൈമാറുകയായിരുന്നു.