ദില്ലി: കശ്മീര്‍ സ്വദേശികളായതു കൊണ്ട് പിതാവിനും സഹോദരിക്കും ഓയോ ഹോട്ടലില്‍ മുറി നല്‍കിയില്ലെന്ന് വിദ്യാര്‍ത്ഥി. ദില്ലി സര്‍വ്വകലാശാല വിദ്യാര്‍ത്ഥിയായ നൗമാന്‍ റഫീഖാണ് ദില്ലിയിലെ ആശാ റെസിഡന്‍സി ഹോട്ടലിനെതിരെ രംഗത്തെത്തിയത്. 

ജമ്മു കശ്മീരില്‍ നിന്നുള്ള അതിഥികളെ താമസിപ്പിക്കരുതെന്ന് പൊലീസ് നിര്‍ദ്ദേശം നല്‍കിയെന്നാണ്  ഹോട്ടല്‍ അധികൃതരുടെ വിശദീകരണം. പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ആളുകള്‍ക്ക് ഹോട്ടലില്‍ മുറി നല്‍കരുതെന്നാണ് ഓയോയുടെ നിയമമെന്ന് ആശാ റെസിഡന്‍സി ഹോട്ടല്‍ ജീവനക്കാര്‍ നൗമാനോട് പറഞ്ഞതായി ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ താന്‍ ജമ്മു സ്വദേശിയാണെന്ന് പറഞ്ഞതോടെ ജമ്മു കശ്മീരില്‍ നിന്നുള്ളവര്‍ക്കും താമസസൗകര്യം നല്‍കരുതെന്ന് പൊലീസ് നിര്‍ദ്ദേശമുണ്ടെന്ന് ഇവര്‍ കൂട്ടിച്ചേര്‍ത്തു. ദില്ലിയിലെ വിജയ് നഗറിലാണ് ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്. 

Read More: മുഖ്യമന്ത്രിയുടെ ജന്മദിനത്തിൽ കൂറ്റൻ ഹോർഡിം​ഗ് സ്ഥാപിച്ചു; മന്ത്രിക്ക് 5000 രൂപ പിഴയിട്ട് കോര്‍പ്പറേഷന്‍

പിതാവിന്‍റെ തിരിച്ചറിയല്‍ രേഖകള്‍ പോലും പരിശോധിക്കാതെയാണ് ഹോട്ടല്‍ ജീവനക്കാര്‍ മുറി നല്‍കില്ലെന്ന് പറഞ്ഞതെന്നും നൗമാന്‍ വ്യക്തമാക്കി. എന്നാല്‍ സോഷ്യല്‍ മീഡിയയിലൂടെ നൗമാന്‍ ഈ വിവരം പുറത്തുവിട്ടതോടെ ഓയോ ഹോട്ടലിനെതിരെ നിരവധി പേര്‍ രംഗത്തെത്തി. തുടര്‍ന്ന് നൗമാനോട് ഓയോ അധികൃതര്‍ ക്ഷമ പറഞ്ഞു.