ദില്ലി: ജമ്മു കശ്മീരിലേക്ക് നടത്തിയ യാത്രക്കിടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് മുന്നില്‍ വിമാനത്തിനുള്ളില്‍ വച്ച് പൊട്ടിക്കരയുന്ന കശ്മീരി സ്ത്രീയുടെ ദൃശ്യങ്ങള്‍ പുറത്ത്. പൊട്ടിക്കരഞ്ഞ സ്ത്രീയെ രാഹുലും മാധ്യമപ്രവര്‍ത്തകരും ചേര്‍ന്ന് ആശ്വാസ വാക്കുകളുമായി സാന്ത്വനിപ്പിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.

ഓഗസ്റ്റ് അഞ്ചു മുതല്‍ എന്താണ് താഴ്‍വരയിലെ ജനങ്ങളുടെ അവസ്ഥ എന്ന് വിശദീകരിക്കുകയാണ് സ്ത്രീ ചെയ്യുന്നത്. '' ഞങ്ങളുടെ കുട്ടികള്‍ക്ക് വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ സാധിക്കുന്നില്ല. എന്‍റെ സഹോദരന്‍ ഒരു ഹൃദ്രോഗിയാണ്. പത്ത് ദിവസമായി ഡോക്ടറെ കാണാന്‍ സാധിക്കുന്നില്ല.

ഞങ്ങള്‍ അത്യന്തികമായി പ്രശ്നത്തിലാണെന്നും'' സ്ത്രീ പറയുന്നുണ്ട്. ഇത് വിശദമായി കേട്ട ശേഷം സ്ത്രീയെ ആശ്വസിപ്പിക്കാന്‍ രാഹുല്‍ ശ്രമിക്കുന്നുണ്ട്. അതേസമയം, സ്ഥിതിഗതികൾ വിലയിരുത്താൻ ജമ്മു കശ്മീരിലെത്തിയ കോണ്‍ഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സംഘത്തെ തിരിച്ചയച്ചിരുന്നു.

 

ശ്രീനഗര്‍ വിമാനത്താവളത്തിൽ തടഞ്ഞുവെച്ച സംഘത്തെ സന്ദര്‍ശനത്തിന് അനുവദിക്കാതെയാണ് തിരിച്ചയച്ചത്. മാധ്യമങ്ങളെ കാണാനും അനുവദിച്ചില്ല. ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ ശേഷം ആദ്യമായാണ് രാഹുല്‍ ഗന്ധി ജമ്മു കശ്മീരിലെത്തിയത്.

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ് , ആനന്ദ് ശർമ്മ , കെ സി വേണുഗോപാൽ ഉൾപ്പടെ പന്ത്രണ്ട് പേരാണ് രാഹുലിനൊപ്പമുണ്ടായിരുന്നത്. ഇതിന് ശേഷം  ജമ്മു കശ്‌മീരിൽ സ്ഥിതിഗതികൾ സാധാരണ നിലയിലല്ലെന്ന് വ്യക്തമായതായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രതികരിച്ചിരുന്നു.