Asianet News MalayalamAsianet News Malayalam

Western Ghats : കസ്തൂരിരംഗൻ അന്തിമവിജ്ഞാപനം: ഡിസംബർ 3-ന് കേരളവുമായി കേന്ദ്ര ചർച്ച

എല്ലാ സംസ്ഥാനങ്ങളുമായും ചർച്ച നടത്തി അഭിപ്രായ സമന്വയത്തിലൂടെ അന്തിമ വിജ്ഞാപനത്തിന് ശ്രമിക്കുമെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. ഒപ്പം കരടു വിജ്ഞാപനത്തിൽ പറയുന്ന പരിസ്ഥിതിലോല പ്രദേശങ്ങളിലെ (Ecologically Sensitive Areas) നിബന്ധനകൾ നിൽനിൽക്കുമെന്നും കേന്ദ്രമന്ത്രി. 

Kasthurirangan Report Centre To Hold Talks WIth Kerala Government On December 3
Author
New Delhi, First Published Nov 29, 2021, 4:13 PM IST

ദില്ലി: കസ്തൂരിരംഗൻ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ പശ്ചിമഘട്ടമലനിരകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് അന്തിമവിജ്ഞാപനം പുറപ്പെടുവിക്കാൻ തയ്യാറെടുത്ത് കേന്ദ്രസർക്കാർ. ഇതിന്‍റെ അടിസ്ഥാനത്തിൽ കേരളസർക്കാർ പ്രതിനിധികളുമായി ഡിസംബർ 3-ന് കേന്ദ്രവനംപരിസ്ഥിതി മന്ത്രി ഭൂവേന്ദ്ര യാദവിന്‍റെ നേതൃത്വത്തിൽ ചർച്ചകൾ നടത്തും. ഈ ചർച്ചയിൽ ചീഫ് സെക്രട്ടറിയും വനംവകുപ്പ് സെക്രട്ടറിയും പങ്കെടുക്കും. ചർച്ചയിൽ കേരളത്തിലെ എംപിമാർ കൂടി പങ്കെടുക്കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു. ലോക്സഭയിൽ ഡീൻ കുര്യാക്കോസ് എംപി ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു കേന്ദ്രമന്ത്രി. 

കേരളത്തിലെ 123 വില്ലേജുകളിലായി 13108 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്തെയാണ് കസ്തൂരിരംഗൻ സമിതി പരിസ്ഥിതി ലോല പട്ടികയിൽ ഉൾപ്പെടുത്തിയത്. കേരളത്തിന്‍റെ പ്രതിഷേധം കണക്കിലെടുത്ത് ഉമ്മൻ വി ഉമ്മൻ സമിതി തയ്യാറാക്കിയ പട്ടിക പ്രകാരം ഇത്  9993.7 ചതുരശ്ര കിലോമീറ്ററായി കുറച്ച് 2018 ഡിസംബറിൽ പുതിയ കരട് വിജ്ഞാപനം പുറത്തിറക്കിയിരുന്നു. ജനവാസ മേഖലയിൽ വരുന്ന 880 ചതുരശ്ര കിലോമീറ്റര്‍ കൂടി  കുറക്കണമെന്നാണ് ഇപ്പോൾ കേരളത്തിന്‍റെ ആവശ്യം. ഇത് അംഗീകരിക്കാനാകില്ലെന്നാണ് വനംപരിസ്ഥിതി മന്ത്രാലയത്തിന്‍റെ നിലപാട്. ഉമ്മൻ വി ഉമ്മൻ സമിതി ശുപാര്‍ശയുടെ അടിസ്ഥാനത്തിൽ വരുത്തിയ മാറ്റങ്ങളിൽ ചിലത് പുനഃപരിശോധിക്കേണ്ടിവരുമെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു. ഇക്കാര്യങ്ങളിലാണ് ചീഫ് സെക്രട്ടറി, വനംവകുപ്പ് സെക്രട്ടറി എന്നിവരെ  വനംപരിസ്ഥിതി മന്ത്രാലയം ചര്‍ച്ചക്ക് വിളിച്ചിരിക്കുന്നത്.

2018 ഒക്ടോബർ 3- ന് പുന:പ്രസിദ്ധീകരിച്ച കസ്തൂരിരംഗൻ കരട് വിജ്ഞാപനത്തിന്‍റെ കാലാവധി 2021 ഡിസംബർ 31-ന് അവസാനിക്കാനിരിക്കുകയാണ്. സംസ്ഥാനസർക്കാർ ഈ കരട് സംബന്ധിച്ച് നിരവധി നിർദേശങ്ങൾ സമർപ്പിച്ചിരുന്നു. ഇത് കേന്ദ്രസർക്കാരിന്‍റെ പരിഗണനയിലാണ്. കേരളമുൾപ്പടെയുളള സംസ്ഥാനങ്ങളുമായി 2019 ഫെബ്രുവരി 15, 2020 മെയ് 21, 2020 ജൂലൈ 9, 10, 2021 ഒക്ടോബർ 5 എന്നിങ്ങനെ നാല് തവണകളായി അന്തിമ വിജ്ഞാപനത്തിനായുളള ചർച്ചകൾ നടന്നിട്ടുണ്ട്. 

എല്ലാ സംസ്ഥാനങ്ങളുമായും ചർച്ച നടത്തി അഭിപ്രായ സമന്വയത്തിലൂടെ അന്തിമ വിജ്ഞാപനത്തിന് ശ്രമിക്കുമെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. ഒപ്പം കരടു വിജ്ഞാപനത്തിൽ പറയുന്ന പരിസ്ഥിതിലോല പ്രദേശങ്ങളിലെ (Ecologically Sensitive Areas) നിബന്ധനകൾ നിൽനിൽക്കുമെന്നും കേന്ദ്രമന്ത്രി ഡീൻ കുര്യാക്കോസിന് നൽകിയ മറുപടിയിൽ വ്യക്തമാക്കുന്നു. 

കഴിഞ്ഞ എട്ട് വര്‍ഷത്തിനിടയിൽ പുതുക്കിയും കാലാവധി നീട്ടിയും കരട് വിജ്ഞാപനം പലതവണ ഇറക്കി. അന്തിമവിജ്ഞാപനം ഇനിയും വൈകില്ലെന്ന സൂചന കേന്ദ്ര സര്‍ക്കാര്‍ നൽകുന്നു. അതേസമയം കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളുടെ ശക്തമായ എതിര്‍പ്പ് തുടരുമ്പോൾ അന്തിമ വിജ്ഞാപനം വീണ്ടും നീളാനുള്ള സാധ്യതയും ഉണ്ട്. 

Follow Us:
Download App:
  • android
  • ios