'കേസിന്‍റെ എല്ലാ കാര്യങ്ങളും ഏകോപിപ്പിച്ചത് മുബീൻ ഫറൂഖിയാണ്'. ദീപിക സിംഗ് രജാവത്തിനെ ആരോ തെറ്റിദ്ധരിപ്പിച്ചതാകാമെന്നാണ് യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി സി കെ സുബൈർ പറയുന്നത്.

കോഴിക്കോട്: കത്വ കേസിൽ പെൺകുട്ടിയുടെ കുടുംബത്തിന് വേണ്ടി ഹാജരായ അഡ്വ. ദീപിക സിംഗ് രജാവത്തിന് മറുപടിയുമായി യൂത്ത് ലീഗ്. ഇപ്പോൾ വിവാദമുയർന്ന അഡ്വ. മുബീൻ ഫാറൂഖി വഴിയാണ് രജാവത്ത് ആ കുടുംബത്തിന്‍റെ വക്കാലത്ത് വാങ്ങിയതെന്ന് യൂത്ത് ലീഗ് വ്യക്തമാക്കുന്നത്. തെളിവായി ദീപിക സിംഗ് രജാവത്ത് വക്കാലത്ത് ചോദിച്ചുവാങ്ങുന്നതെന്ന് അവകാശപ്പെടുന്ന ഒരു ശബ്ദരേഖയും യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി സി കെ സുബൈർ പുറത്തുവിട്ടു. കേസിന്‍റെ എല്ലാ കാര്യങ്ങളും ഏകോപിപ്പിച്ചത് അഡ്വ. മുബീൻ ഫാറൂഖിയാണ്. അതിനാലാണ് കേസ് നടത്തിപ്പിന്‍റെ തുക മുബീൻ ഫാറൂഖിയെ ഏൽപിച്ചതെന്നും സി കെ സുബൈർ പറയുന്നു. ദീപിക സിംഗ് രജാവത്തിനെ ആരോ തെറ്റിദ്ധരിപ്പിച്ചതാകാമെന്നാണ് യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി സി കെ സുബൈർ പറയുന്നത്.

കത്വ കേസുമായി ബന്ധപ്പെട്ട് കേസ് നടത്തിപ്പിനായി കേരളത്തിൽ നിന്ന് യൂത്ത് ലീഗ് ഒരു കോടി രൂപ പിരിച്ചുവെന്നും ഇത് കൈമാറിയില്ലെന്നും വലിയ ആരോപണം ഉയർന്നിരുന്നു. മന്ത്രി കെ ടി ജലീൽ അടക്കം ഈ ആരോപണങ്ങൾ വലിയ രാഷ്ട്രീയവിവാദമായി ഉയർത്തിക്കൊണ്ടുവരികയും ചെയ്തു. എന്നാല്‍ 39,33,697 രൂപ മാത്രമാണ് പിരിച്ചതെന്നാണ് യൂത്ത് ലീഗ് ആദ്യം വിശദീകരിച്ചത്. കത്‍വ ഇരയുടെ ബന്ധുക്കള്‍ക്കും അഭിഭാഷര്‍ക്കുമടക്കം പണം കൈമാറിയെന്നും യൂത്ത് ലീഗ് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചിരുന്നു.

എന്നാൽ യൂത്ത് ലീഗിന് കനത്ത തിരിച്ചടിയായി കത്വാ കേസ് നടത്തിപ്പിനായി അഭിഭാഷകര്‍ ആരും പണം വാങ്ങിയിട്ടില്ലെന്നാണ് അഭിഭാഷക ദീപിക സിംഗ് രാജാവത് പിന്നീട് വ്യക്തമാക്കിയത്. മുസ്ലീം യൂത്ത് ലീഗ് പണം നല്‍കിയെന്ന് പറയുന്ന അഡ്വ. മുബീന്‍ ഫാറൂഖിക്ക് കേസുമായി ബന്ധമില്ലെന്നും ഇവര്‍ പറയുന്നു.

''മുബീന്‍ ഫാറൂഖി വിചാരണ നടപടികളില്‍ പങ്കെടുത്തിട്ടില്ല. പക്ഷേ ഇങ്ങനെ ഒരു വക്കീല്‍ പറയുന്നത് അദ്ദേഹം വിചാരണ നടപടികളില്‍ ഹാജരായി എന്നാണ്. വിചാരണ പൂര്‍ണ്ണമായും നടത്തിയത് പബ്ലിക് പ്രോസിക്യൂട്ടര്‍ ആണ്. ഒരു സ്വകാര്യ അഭിഭാഷനും വാദങ്ങളിലോ സാക്ഷി വിസ്താരത്തിലോ മറ്റേതെങ്കിലും നടപടികളിലോ രക്ഷിതാക്കളെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടില്ല'', എന്നാണ് ദീപിക സിംഗ് പറഞ്ഞത്. 

എന്നാൽ, മുസ്ലീം യൂത്ത് ലീഗ് ദേശീയ കമ്മിറ്റിക്ക് വേണ്ടി മുബീന്‍ ഫാറൂഖിയാണ് കേസ് കോ ഓര്‍ഡിനേറ്റ് ചെയ്തത് എന്നാണ് യൂത്ത് ലീഗ് ആവര്‍ത്തിക്കുന്നത്. ഇത് സംബന്ധിച്ച് എല്ലാ രേഖകളും തങ്ങളുടെ കൈവശമുണ്ടെന്ന് സി കെ സുബൈർ പറയുന്നു. മുമ്പീൻ ഫാറൂഖി കേസിൽ ഹാജരായത് ഇരയുടെ പിതാവിന്‍റെ ആവശ്യപ്രകാരമാണെന്ന് സി കെ സുബൈർ അവകാശപ്പെട്ടു. 

''കേസിൽ ദീപിക സിംഗ് രജാവത്ത് രണ്ട് തവണയാണ്. പിന്നീട് അഡ്വ. മുബീൻ ഫാറൂഖി ഹാജരായി. ദീപിക സംഗ് രജാവത്തിനെ ചിലർ തെറ്റിദ്ധരിപ്പിച്ചതാണ്. പഠാൻ കോട്ട് കോടതിയിൽ കേസിന്‍റെ വിശദാംശങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ വിശദീകരിക്കുന്നത് അഡ്വ. മുബീൻ ഫാറൂഖിയാണ്. അദ്ദേഹത്തെ അപമാനിക്കരുത്'', എന്നും സി കെ സുബൈർ പറയുന്നു.