ബംഗളൂരു: വിശ്വാസവോട്ടെടുപ്പ് തേടാനുള്ള കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ തീരുമാനം കോണ്‍ഗ്രസും ജെഡിഎസും ചേര്‍ന്നെടുത്തതാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍ പറഞ്ഞു. ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവര്‍ സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്യുമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ഭരണത്തില്‍ അനിശ്ചിതാവസ്ഥയുണ്ടാകാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ല. കുതിരക്കച്ചവടം അവസാനിപ്പിക്കാനാണ് വിശ്വാസവോട്ട് തേടാന്‍ തീരുമാനിച്ചത്. കൂറുമാറ്റ നിയമം മറികടക്കാനാണ് വിമതര്‍ രാജിനാടകം കളിക്കുന്നതെന്നും വേണുഗോപാല്‍ ആരോപിച്ചു. 

വിശ്വാസവോട്ടെടുപ്പിന് തയ്യാറാണെന്ന് മുഖ്യമന്ത്രി കുമാരസ്വാമി ഇന്ന് നിയമസഭയെ അറിയിക്കുകയായിരുന്നു. അധികാരത്തില്‍ കടിച്ചുതൂങ്ങുക തന്‍റെ ലക്ഷ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസവോട്ടെടുപ്പ് തിങ്കളാഴ്ച നടക്കാനാണ് സാധ്യത. അതേസമയം, അജണ്ടക്ക് പുറത്തുള്ള വിഷയമാണ് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞതെന്നാരോപിച്ച് ബിജെപി രംഗത്തെത്തിയിട്ടുണ്ട്.