പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വേണ്ടിയുള്ളതായിരുന്നു ഇന്നത്തെ ആദ്യ പൂജ. കാലാവസ്ഥ  പ്രതികൂലമായിട്ടും ഏകദേശം 10,000 തീര്‍ത്ഥാടകര്‍ നടതുറപ്പ് ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു. 

ദില്ലി: ഉത്തരാഖണ്ഡിലെ കേദാര്‍ നാഥ് ക്ഷേത്രം ശൈത്യകാലത്തെ താല്ക്കാലിക അടച്ചിടലിനു ശേഷം ഇന്ന് രാവിലെ തുറന്നു. രാവിലെ ആറരയോടെയാണ് പ്രത്യേക പൂജയോടെ ക്ഷേത്ര നട തുറന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വേണ്ടിയുള്ളതായിരുന്നു ഇന്നത്തെ ആദ്യ പൂജ. കാലാവസ്ഥ പ്രതികൂലമായിട്ടും ഏകദേശം 10,000 തീര്‍ത്ഥാടകര്‍ നടതുറപ്പ് ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു. 

ചാർധാം യാത്ര തീർത്ഥാടകർക്ക് അനായാസമാക്കുന്നതിനായി ചെയ്യാനാവുന്നതെല്ലാം ചെയ്യുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിം​ഗ് ധാമി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഉത്തരകാശി ജില്ലയിലെ ​ഗം​ഗോത്രി, യമുനോത്രി ക്ഷേത്രങ്ങൾ കഴിഞ്ഞ ദിവസം തുറന്നിരുന്നു. വ്യാഴാഴ്ച ബദരിനാഥ് ക്ഷേത്രവും തുറക്കും. ചാർധാം തീർത്ഥാടനം സുരക്ഷിതവും ആയാസരഹിതവുമാക്കുന്നതിന് വേണ്ടുന്നതെല്ലാം ചെയ്യും. വിവിധ സന്നദ്ധ സംഘടനകൾ അവരുടെ സേവനവും സഹകരണവും ഉറപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളും നടത്തിയിട്ടുണ്ട്. മുഖ്യമന്ത്രി പറഞ്ഞു. 

സംസ്ഥാന സര്‍ക്കാരിന്റെ കണക്കനുസരിച്ച് പതിനേഴ് ലക്ഷത്തോളം പേരാണ് ഇത്തവണ ചാര്‍ധാം യാത്രക്കായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സുരക്ഷാകാരണങ്ങള്‍ പരിഗണിച്ച് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ഈ വര്‍ഷം മുതല്‍ ചാര്‍ധാം യാത്രയ്ക്ക് രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കുകയായിരുന്നു. തീര്‍ഥാടകര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങളും സുരക്ഷയും ഒരുക്കുന്നതിന്റെ ഭാഗമായാണ് രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കിയത്. ഇതിലൂടെ സഞ്ചാരികളെ ട്രാക്ക് ചെയ്യാനും തിരക്കുകള്‍ ഒഴിവാക്കാനും സാധിക്കും. പ്രധാന ക്ഷേത്രങ്ങളില്‍ ദര്‍ശനത്തിന് തിരക്ക് ഒഴിവാക്കാനായി തീര്‍ഥാടകര്‍ക്ക് ഓണ്‍ലൈന്‍ വഴി തന്നെ ടോക്കണുകള്‍ നല്‍കും.

Read Also: 'ബിജെപി ജയിച്ചാൽ ബൊമ്മൈ തന്നെ കര്‍ണാടക മുഖ്യമന്ത്രി'; ലിംഗായത്ത് വോട്ട് ചോരാതിരിക്കാൻ നീക്കവുമായി അമിത് ഷാ