ദില്ലി: ആറര മണിക്കൂർ നീണ്ട കാത്തിരിപ്പിന് ശേഷം, അവസാന ദിവസം, അവസാനനിമിഷം നാമനിർദേശപത്രിക സമർപ്പിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ. വാത്മീകി മന്ദിറിൽ നിന്ന് തുടങ്ങി റോഡ് ഷോയായി ജാംനഗർ ഹൗസിൽ പത്രിക സമർപ്പിക്കാനായി എത്തിയ കെജ്‍രിവാളിന് പ്രത്യേക സൗകര്യം ഒരുക്കരുതെന്ന് ബിജെപി ആവശ്യപ്പെട്ടു. കെജ്‍രിവാളിന് മുമ്പിലുണ്ടായിരുന്നതാകട്ടെ, അമ്പതോളം സ്വതന്ത്രരും. ഒടുവിൽ ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ, ടോക്കണിനായി ക്യൂ നിന്ന്, 45-ാം നമ്പർ ടോക്കൺ വാങ്ങി ആറര മണിക്കൂർ കാത്ത് നിന്നാണ് കെജ്‍രിവാൾ പത്രിക നൽകി മടങ്ങിയത്.

വൈകിട്ട് മൂന്ന് മണിയോടെ പത്രികാസമർപ്പണത്തിനുള്ള സമയം അവസാനിക്കേണ്ടതായിരുന്നു. എന്നാൽ നിരവധി ആളുകൾ പത്രിക സമർപ്പിക്കാൻ ബാക്കിയുള്ളതിനാൽ വരണാധികാരി കെജ്‍രിവാളിനോട് കാത്തിരിക്കാൻ ആവശ്യപ്പെട്ടു. 

''പത്രിക സമർപ്പിക്കാൻ കാത്തിരിക്കുകയാണ്. എന്‍റെ ടോക്കൺ നമ്പർ 45 ആണ്. നിരവധി ആളുകളുണ്ട് പത്രിക നൽകാൻ. ജനാധിപത്യപ്രക്രിയയിൽ ഇത്രയധികം പേർ പങ്കെടുക്കുന്നു എന്നതിൽ എനിക്ക് സന്തോഷമുണ്ട്'', എന്നാണ് കെജ്‍രിവാൾ ഏതാണ്ട് ഉച്ച തിരിഞ്ഞ് 2.36-ന് ട്വീറ്റ് ചെയ്തത്. പത്രിക സമർപ്പിക്കേണ്ടിയിരുന്ന അവസാനസമയമായ മൂന്ന് മണിക്ക് തൊട്ടുമുമ്പ്.

പത്രിക സമർപ്പിക്കാനെത്തിയത് റോഡ് ഷോയായി

എപ്പോഴും പത്രിക സമർപ്പിക്കുന്നതിന് മുമ്പ് കെജ്‍രിവാൾ ശുചീകരണത്തൊഴിലാളികൾ ഒന്നിച്ച് താമസിക്കുന്ന വാത്മീകി നഗറിലെ വാത്മീകി മന്ദിറിൽ നിന്നാണ് പ്രചാരണം തുടങ്ങാറ്. അവിടെ പ്രാർത്ഥിച്ച ശേഷം ന്യൂദില്ലി നഗരം ചുറ്റിസ്സഞ്ചരിച്ച് പത്രിക നൽകാനെത്തും. ഇത്തവണയും പ‍തിവ് തെറ്റിച്ചില്ല. വാത്മീകി മന്ദിറിൽ നിന്ന് ചൂലുകളുമായി പ്രവർത്തകരുടെ അകമ്പടിയോടെ വൻ ആഘോഷമായി പത്രിക സമർപ്പിക്കാൻ ഉച്ചയ്ക്ക് 12 മണിയോടെയാണ് കെജ്‍രിവാൾ എത്തിയത്. എത്തിയതും പെട്ടു. മുമ്പിൽ അമ്പതോളം സ്വതന്ത്രരുണ്ട്. ഇവരാരും കെജ്‍രിവാളിനായി ക്രമം തെറ്റിച്ച് പത്രിക നൽകാനായി മാറിക്കൊടുക്കില്ല. ഒടുവിൽ ഉച്ച തിരിഞ്ഞ് കെജ്‍രിവാളിന് പത്രിക സമർപ്പിക്കാനാകില്ലേ എന്ന ആശയക്കുഴപ്പം വരെയുണ്ടായി.

red5q7eo

എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് കെജ്‍രിവാളിനോട് വരണാധികാരി വ്യക്തമാക്കിയത്. മൂന്ന് മണിക്ക് മുമ്പ് എത്തി ടോക്കൺ വാങ്ങിയ ആർക്കും പത്രിക സമർപ്പിക്കാനാകും. കെജ്‍രിവാളിനും പത്രിക നൽകാം.

ക്യൂവിലുള്ള മിക്കവരും കെജ്‍രിവാളിന്‍റെ പത്രികാസമർപ്പണം വൈകിപ്പിക്കാനായി എത്തിയതാണെന്ന സൂചനയുമായി ആം ആദ്മി നേതാക്കളും പ്രതികരിച്ചു. നാമനിർദേശപത്രിക സമർപ്പിക്കുമ്പോൾ നിർബന്ധമായും വേണ്ട പിന്തുണയ്ക്കാനുള്ള ആളുകൾ പോലുമില്ലാത്തവരാണ് പലരുമെന്ന് ആം ആദ്മി നേതാക്കളുടെ പരോക്ഷവിമർശനം.

ഇന്നലെ വൈകിട്ടോടെയാണ് കെജ്‍രിവാൾ പത്രിക സമർപ്പിക്കേണ്ടിയിരുന്നത്. എന്നാൽ വൈകിട്ട് നടന്ന റോഡ് ഷോയുടെ പശ്ചാത്തലത്തിൽ സമയം വൈകി, പത്രികാസമർപ്പണം അവസാന ദിവസത്തിലേക്ക് മാറ്റി.

''പത്രിക സമർപ്പിക്കേണ്ടിയിരുന്നതാണ്. പക്ഷേ പിന്തുണയ്ക്കാൻ എത്തിയവരെ വിട്ടുകളഞ്ഞ് ഞാൻ പോകുന്നതെങ്ങനെ? പത്രികാസമർപ്പണം നാളത്തേയ്ക്ക് മാറ്റുകയാണ്'', തിങ്കളാഴ്ച കെജ്‍രിവാൾ പറഞ്ഞു.

ഫെബ്രുവരി എട്ടിനാണ് ദില്ലിയിൽ നിയമസഭാ തെരഞ്ഞെടുപ്പ്. ഫലപ്രഖ്യാപനം ഫെബ്രുവരി 11-നും. ന്യൂദില്ലി മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്ന കെജ്‍രിവാളിന്‍റെ പ്രധാന എതിരാളികൾ കോൺഗ്രസിന്‍റെ റൊമേഷ് സബർവാളും ദില്ലി യുവമോർച്ചാ അധ്യക്ഷൻ സുനിൽ യാദവുമാണ്.