Asianet News MalayalamAsianet News Malayalam

'എംഎൽഎ തോക്കെടുത്ത് വെടിവച്ചാൽ സഭയ്‍ക്കോ പരമാധികാരം?', ആഞ്ഞടിച്ച് ജ.ചന്ദ്രചൂഢ്

കെ എം മാണിക്ക് എതിരായ പരാമർശമെന്ന നിലപാട് സുപ്രീംകോടതിയിൽ തിരുത്തി സംസ്ഥാനസർക്കാർ. സർക്കാരിനെതിരായ പ്രതിഷേധമായിരുന്നു അതെന്നും വനിതാ എംഎൽഎമാർക്ക് അടക്കം അന്ന് പരിക്കേറ്റിരുന്നുവെന്നും സംസ്ഥാനസർക്കാരിന് വേണ്ടി ഹാജരായ രഞ്ജിത് കുമാർ. 

kerala assembly ruckus case arguments in supreme court
Author
New Delhi, First Published Jul 15, 2021, 11:46 AM IST

ദില്ലി: നിയമസഭാ കയ്യാങ്കളിക്കേസിൽ വീണ്ടും സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്. നിയമസഭയിലെ കയ്യാങ്കളിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കേണ്ടത് സഭയാണെന്ന് കേരളത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രഞ്ജിത് കുമാർ വാദിച്ചപ്പോൾ, ഒരു എംഎൽഎ തോക്കെടുത്ത് വന്ന് വെടിവച്ചാൽ സഭയ്ക്കാണോ അവിടെ പരമാധികാരമെന്ന് ജസ്റ്റിസ് ചന്ദ്രചൂഢ് ചോദിച്ചു.

ഇത് പൊതുതാത്പര്യപ്രകാരമുള്ള ഹർജിയാണെന്ന് സർക്കാർ വാദിച്ചപ്പോൾ, സഭയിലെ വസ്തുക്കൾ നശിപ്പിച്ച കേസിൽ എന്ത് പൊതുതാത്പര്യമാണുള്ളതെന്ന് ജസ്റ്റിസ് ചന്ദ്രചൂഢിന്‍റെ മറുചോദ്യം. ജനാധിപത്യത്തിന്‍റെ ശ്രീകോവിലാണ് നിയമസഭയെന്നും, അതിലെ വസ്തുക്കൾ തല്ലിത്തകർക്കുന്നതിന് എന്ത് ന്യായീകരണമാണുള്ളതെന്നും ജസ്റ്റിസ് ചന്ദ്രചൂഢ് ചോദിച്ചു. ജസ്റ്റിസ് ചന്ദ്രചൂഡിനൊപ്പം എം ആർ ഷായും അംഗമായ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. 

അതേസമയം, കെ എം മാണിക്ക് എതിരായ പരാമർശമെന്ന നിലപാട് സുപ്രീംകോടതിയിൽ  സംസ്ഥാനസർക്കാർ തിരുത്തി. സർക്കാരിനെതിരായ പ്രതിഷേധമായിരുന്നു അതെന്നും വനിതാ എംഎൽഎമാർക്ക് അടക്കം അന്ന് പരിക്കേറ്റിരുന്നുവെന്നും വനിതാ അംഗങ്ങളെ പുറത്തേക്ക് കൊണ്ടുപോയതിന് ശേഷമാണ് സംഘർഷമുണ്ടായതെന്നും രഞ്ജീത് കുമാർ കോടതിയിൽ പറ‌ഞ്ഞു. 

എന്നാൽ ഇതിന് മറുപടിയായി, ''കോടതിയിൽ ചൂടേറിയ വാദപ്രതിവാദങ്ങളുണ്ടാകാറുണ്ട്. എന്നുവച്ച് കോടതിയിലെ വസ്തുക്കൾ തല്ലിത്തകർത്താൽ അതിന് ന്യായീകരണമുണ്ടോ?'', ജസ്റ്റിസ് ചന്ദ്രചൂഢ് ചോദിച്ചു. 

പി വി നരസിംഹറാവു കേസ് വിധി പ്രകാരം ഇക്കാര്യത്തിൽ സഭയ്ക്കാണ് പരമാധികാരം എന്ന് വാദിക്കാൻ സർക്കാർ ശ്രമിച്ചു. അപ്പോഴാണ്, സഭയിൽ ഒരു എംഎൽഎ റിവോൾവറുമായി എത്തി വെടിവച്ചാൽ, അതിൽ സഭയ്ക്കാണ് പരമാധികാരം എന്ന് പറയുമോ എന്ന് ജസ്റ്റിസ് ചന്ദ്രചൂഢ് ചോദിച്ചത്. നിങ്ങൾ പ്രതികൾക്ക് വേണ്ടിയല്ല ഹാജരാകുന്നത് എന്നോർക്കണം. കേസ് തള്ളണോ വേണ്ടയോ എന്ന് മാത്രമാണ് ഇവിടെ വാദം നടക്കുന്നത് - എന്ന് ജസ്റ്റിസ് ചന്ദ്രചൂഢ്.

സഭയിൽ രാഷ്ട്രീയപ്രതിഷേധങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും ഇത് രാഷ്ട്രീയപ്രതിഷേധമാണെന്നും സർക്കാർ വാദിച്ചു. എന്നാൽ, എന്ത് ചട്ടപ്രകാരമാണ് ഈ കേസിലെ പ്രോസിക്യൂഷൻ നടപടികൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ സുപ്രീംകോടതിയെ സമീപിക്കുന്നത് എന്ന് ജസ്റ്റിസ് എം ആർ ഷാ ചോദിച്ചു. 

ഇടയ്ക്ക് സാങ്കേതിക പ്രശ്നങ്ങൾ കാരണം, താൽക്കാലികമായി ഹിയറിംഗ് നിർത്തി വച്ചു. മഴ കാരണമാണെന്ന് പറഞ്ഞ് വീഡിയോ കോൺഫറൻസ് ഹിയറിംഗിലേക്ക് തിരികെ വന്ന ജസ്റ്റിസ് ചന്ദ്രചൂഢ് വാദം തുടരാൻ നി‍ർദേശിച്ചു.

ജസ്റ്റിസ് എം ആർ ഷായ്ക്കുള്ള മറുപടിയായി, ഒരു രാഷ്ട്രീയകാരണമുള്ള പ്രതിഷേധത്തിൽ ഇനിയും പ്രോസിക്യൂഷൻ നടപടികൾ തുടരേണ്ടതില്ല എന്നാണ് സർക്കാരിന്‍റെ നിലപാടെന്ന് അഡ്വ. രഞ്ജീത് കുമാർ അറിയിച്ചു. 

കോടതിയിൽ വാദം തുടരുകയാണ്. കൂടുതൽ വിവരങ്ങൾക്കായി പേജ് റിഫ്രഷ് ചെയ്യുക. 

Updating...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

Follow Us:
Download App:
  • android
  • ios