വന്നതെന്തിനെന്ന് ചോദിച്ചപ്പോള്‍ 'പൊരുള്‍ ' വേണമെന്ന് പറഞ്ഞു. അപ്പോള്‍ എത്രയെന്നായി ? 100 എന്ന് ഉത്തരം. വണ്ടി വിട്ടുകൊടുക്കണം. പകരം വിശ്വാസത്തിന് അവരുടെ ഒരാളെ കൂടെ നിര്‍ത്തും. 

തിരുവനന്തപുരം: കഞ്ചാവിനോടുള്ള കട്ടക്കലിപ്പിലാണ് കേരളാ പൊലീസ്. സംസ്ഥാനത്ത് നടക്കുന്ന കുറ്റകൃത്യങ്ങളില്‍ പകുതി എണ്ണത്തിനും കഞ്ചാവുമായി ബന്ധമുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പൂന്തുറയില്‍ നിന്ന് 24 കിലോ കഞ്ചാവുമായി അറസ്റ്റിലായ ആന്ധ്രാസ്വദേശിയില്‍ നിന്നാണ് വിശാഖപട്ടണത്ത് നിന്നാണ് കേരളത്തിലേക്ക് കഞ്ചാവ് എത്തുന്നതെന്ന് പൊലീസിന് വിവരം ലഭിക്കുന്നത്. 

ഇതേ തുടര്‍ന്ന് കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപികരിച്ചു. അങ്ങനെ ആറ് പേരടങ്ങുന്ന ഷാഡോ പൊലീസ് വിശാഖപട്ടണത്തേക്ക് രണ്ട് വണ്ടികളിലായി പുറപ്പെട്ടു. നേരത്തെ ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു കേരളാ പൊലീസിന്‍റെ പ്ലാന്‍.

വിശാഖപട്ടണത്തെത്തിയ പൊലീസ് സംഘം ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് പ്രസാദ് എന്നയാളെ അന്വേഷിച്ചു. ഇയാളാണ് കഞ്ചാവിന്‍റെ വിശാഖപട്ടണത്തെ ഏജന്‍റ്. പ്രസാദിനെ വിശാഖപട്ടണത്തെ ഹോട്ടലുകളില്‍ അന്വേഷിച്ചാല്‍ മതിയെന്നായിരുന്നു പൊലീസിന് ലഭിച്ച വിവരം. ഇതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ പ്രസാദിനെ കണ്ടെത്തി. ഒരു മുറിക്കുള്ളില്‍ അവര്‍ നാല് പേരുണ്ടായിരുന്നു. അവര്‍ക്ക് തെലുങ്കും തമിഴുമാണ് അറിയാമായിരുന്നത്. കേരളാ പൊലീസിനാകട്ടെ മലയാളവും. അല്‍പ്പം തമിഴും. 

വന്നതെന്തിനെന്ന് ചോദിച്ചപ്പോള്‍ 'പൊരുള്‍ ' വേണമെന്ന് പറഞ്ഞു. അപ്പോള്‍ എത്രയെന്നായി ? 100 എന്ന് ഉത്തരം. വണ്ടി വിട്ടുകൊടുക്കണം. പകരം വിശ്വാസത്തിന് അവരുടെ ഒരാളെ കൂടെ നിര്‍ത്തും. അങ്ങനെ അവര്‍ പറ‌ഞ്ഞതനുസരിച്ച് കൊണ്ടുപോയതില്‍ ഒരു വണ്ടി അവര്‍ക്ക് വിട്ടുകൊടുത്തു. തുടര്‍ന്ന് അവര്‍ എടുത്തുകൊടുത്ത മുറിയില്‍ എല്ലാവരും താമസിച്ചു. പിറ്റേന്ന് രാത്രി രണ്ട് മണിക്ക് അണ്ണാമലൈ ബൈപ്പാസില്‍ എത്തിചേരാന്‍ നിര്‍ദ്ദേശം. 

രാത്രി രണ്ട് മണിക്ക് അവര്‍ പറഞ്ഞതനുസരിച്ച് അണ്ണാമലൈ ബൈപ്പാസിലെത്തി ചേര്‍ന്നു. എന്നാല്‍ ഈ സമയം ആന്ധ്രാ പൊലീസിന്‍റെ പട്രോളിങ്ങ് ഉണ്ടായിരുന്നതിനാല്‍ പൊരുള്‍ കൈമാറാന്‍ ഇവര്‍ തയ്യാറായില്ല. പിന്നീട് അഞ്ച് മണിയോടെ പെട്രോളിങ്ങ് ബൈക്കിന്‍റെ അകമ്പടിയോടെ എത്തിയവര്‍ വണ്ടി കൈമാറി. എന്നാല്‍ പൊട്ടെന്ന് തന്നെ കേരളാ പൊലീസ് ഇവരെ വളഞ്ഞു. എന്നാല്‍ പൊലീസിനെ വെട്ടിച്ച് ഇവര്‍ ഓടി രക്ഷപ്പെട്ടു. ഒടുവില്‍ ആന്ധ്രയില്‍ നിന്ന് കഞ്ചാവ് ലോബി കൂട്ടിനിരുത്തിയ ശ്രീനിവാസ റാവും ഫുള്‍ വണ്ടി കഞ്ചാവുമായി കേരളത്തിലേക്ക്. ഇവിടെ വന്ന് നോക്കിയപ്പോഴാണ് 325 കിലോ കഞ്ചാവാണ് അവര്‍ പൊതിഞ്ഞ് വണ്ടിക്കകത്ത് വച്ചതെന്ന് അറിയുന്നത്. 

പിന്നീട് ആന്ധ്രാ പൊലീസുമായി ബന്ധപ്പെട്ടപ്പോഴാണ് അണ്ണാമലൈ ബൈപ്പാസിന് നൂറ് കിലോമീറ്റര്‍ മാറിയാണ് കഞ്ചാവ് തോട്ടമെന്നും, തോട്ടം മാവോവാദികളുടെ കീഴിലാണെന്നും അറിയുന്നത്. ഇവരുടെ പൈലറ്റ് വാഹനങ്ങള്‍ ഓടിക്കുന്ന ബൈക്കുകാരന്‍റെ കൈയില്‍ തോക്ക് ഉണ്ടാകും. തോക്ക് ഉപയോഗിക്കാന്‍ മടിയില്ലാത്ത ഇവരുടെ അടുത്ത് നിന്ന് രക്ഷപ്പെട്ടത് ഭാഗ്യത്തിനാണെന്ന് ആന്ധ്ര പൊലീസ് പറയുഞ്ഞു. അപ്പോഴാണ് അതിന്‍റെ ഭീകരത മനസിലാകുന്നതെന്നും കഞ്ചാവ് വേട്ടയില്‍ പങ്കെടുത്ത ഷാഡോ പൊലീസ് അംഗം ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു.