Asianet News MalayalamAsianet News Malayalam

പ്രസംഗ വിവർത്തനം ഇനി ആരെ ഏൽപ്പിക്കും, കേരളത്തിന്റെ ടാബ്ലോ കേന്ദ്രം അംഗീകരിക്കുമോ?, ഉദ്യോഗസ്ഥന് ഇരട്ടയടി!

പ്രസംഗ വിവർത്തനം ഇനി ആരെ ഏൽപ്പിക്കും, കേരളത്തിന്റെ ടാബ്ലോ കേന്ദ്രം അംഗീകരിക്കുമോ?, ഉദ്യോഗസ്ഥന്  ഇരട്ടയടി!

Kerala s Republic Day tableau in front of the centre and more from india gate latest
Author
First Published Jan 22, 2023, 7:08 PM IST

അർഹിക്കുന്ന 'വോട്ട്'

ആകെ ജനസംഖ്യയുടെ  21 ശതമാനത്തിലധികം ഗോത്ര വോട്ട് ബാങ്കുള്ള  സംസ്ഥാനമാണ് മധ്യപ്രദേശ്. അതു തന്നെയാവാം രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ യുവ നേതാവിലൂടെ ബിജെപി ലക്ഷ്യമിടുന്നതും. അതെ, അങ്ങനെയാണ് രാഷ്ട്രീയ അഭ്യൂഹങ്ങളുടെ വഴി. നിലവിൽ രാജ്യസഭാ എംപിയായ ആർഎസ്എസിന്റെ അരുമപുത്രൻ, രാഷ്ട്രീയത്തിൽ ഏറെ വളർച്ചയുള്ള കരിയർ ഗ്രാഫ്,  മികച്ച പ്രാസംഗികൻ, നേതൃപാടവം എന്നിവയെല്ലാമുള്ള ഗോത്ര വിഭാഗത്തിൽ നിന്നുള്ള യുവ മുഖം. ഇതിനെല്ലാം ഉപരിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുഡ് ബുക്കിൽ പേരുണ്ടെന്ന് വിശ്വസിക്കപ്പെടുന്നയാൾ.  ഇതൊക്കെയാകാം ഈ നേതാവിന്റെ കാബിനറ്റ് സാധ്യതകളിലേക്ക് ചർച്ചകൾ ഉയരുന്നതും. ആസന്നമാകുന്ന മധ്യപ്രദേശ് തെരഞ്ഞെടുപ്പിന് മുമ്പ് കേന്ദ്ര കാബിനറ്റിലേക്ക് ഈ വർഷം തന്നെ എത്താൻ അദ്ദേഹത്തിന് സാധ്യതകളേറുന്നുവെന്നാണ് അടക്കംപറച്ചിലുകൾ.  ഗോത്ര വിഭാഗങ്ങൾക്ക് ഏറെ സ്വാധീനമുള്ള പടിഞ്ഞാറൻ മധ്യപ്രദേശിൽ ഏറെ ആഴത്തിൽ സ്വാധീനമുള്ള നേതാവിന് അവിടെ ഒരു 'വോട്ട്' അർഹിക്കുന്നുവെന്ന് ബിജെപി കണക്കുകൂട്ടുന്നുണ്ടാകാം.

Read more: യെദ്യൂരപ്പയ്ക്കായി ഒത്തുതീർപ്പ് ഫോർമുല, പാവപ്പെട്ട മമതയുടെ പാർട്ടി, പണക്കാരായ നേതാക്കൾ!

കീറാമുട്ടിയാകുന്ന വിവർത്തനം

2023-ലെ  കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രചരണ പ്രവർത്തനങ്ങള്‍ സജീവമാക്കുകയാണ് സംസ്ഥാനത്തെ പ്രധാന പാർട്ടികള്‍. തങ്ങളുടെ വമ്പൻ നേതാക്കളെ എത്തിച്ചുള്ള പ്രചാരണങ്ങൾക്ക് ബിജെപിയും കോൺഗ്രസുമെല്ലാം ഒരുക്കം കൂട്ടുമ്പോഴും അവർക്ക് തലവേദനയാകുന്നത് ഹിന്ദിയിൽ നിന്നും ഇംഗ്ലീഷിൽ നിന്നും കന്നടയിലേക്കുള്ള വിവർത്തനമാണ്. വോട്ടർമാരുടെ പിന്തുണയുറപ്പിക്കാൻ ബിജെപി പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും ആണ് ആശ്രയിക്കുന്നത്. കോൺഗ്രസാകട്ടെ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടക്കമുള്ളവരെയും. എന്നാൽ ഇവരുടെ പ്രസംഗങ്ങൾ ജനങ്ങൾക്കായി വിവർത്തനം ചെയ്യാൻ ഇരു പാർട്ടികളും ചുമതലപ്പെടുത്തിയവർ സമ്പൂർണ്ണമായും പരാജയപ്പെടുന്ന കാഴ്ചകളാണ് കർണാടകയിലുള്ളത്.  നേതാക്കളുടെ ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള പ്രസംഗങ്ങളിലെ ആത്മാംശം അതേപടി അണികളിലേക്കെത്തിക്കാൻ വിവർത്തകർക്ക് സാധിക്കുന്നില്ല. 

കോൺഗ്രസിന്റെ  വനിത കൺവെൻഷനായ 'നാ നായകി'യിലേതാണ് ഒടുവിലത്തെ ഉദാഹരണം. പാർടി ചുമതലപ്പെടുത്തിയ ലക്ഷ്മി ഹെബ്ബാൾക്കർ, പ്രിയങ്കയുടെ പ്രസംഗത്തിന്റെ ആത്മാവും ഉദ്ദേശ്യവും യതാർത്ഥ അർത്ഥത്തിൽ  വിവർത്തനം ചെയ്യുന്നതിൽ പാടേ പരാജയപ്പെട്ടു. പ്രിയങ്കയുടെ യഥാർത്ഥ പ്രസംഗത്തിൽ നിന്ന് വിഭിന്നമായിരുന്നു വിവർത്തനം. ഭാരത് ജോഡോ യാത്രയ്ക്കിടെ വിവർത്തകരായി എത്തിയ ധരം സിങ്ങിന്റെ മകൻ അജയ് സിങ്ങും നാഗരാജ് യാദവും മൊളകൽമൂറിലും ദാവൻഗെരെയിലും രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിൽ നിന്ന് മാറി  സ്വന്തമായി പ്രസംഗം തുടങ്ങി, ഇത് ജനക്കൂട്ടം തിരിച്ചറിയുകയും ചെയ്തു. ഒരു ഘട്ടത്തിൽ, യഥാർത്ഥ പ്രസംഗത്തിൽ നിന്ന് വ്യതിചലിച്ച തന്റെ പരിഭാഷകനെ രാഹുൽ ഗാന്ധി നിയന്ത്രിക്കുന്ന സാഹചര്യവും ഉണ്ടായി. അമിത് ഷായുടെ മാണ്ഡ്യ സന്ദർശനത്തിനിടെയായിരുന്നു ബിജെപിയെ ഇത്തരത്തിൽ നാണംകെടുത്തിയ സംഭവം ഉണ്ടായത്. എല്ലാവർക്കും കൊവിഡ് വാക്സിനേഷൻ ലഭിച്ചോ എന്ന് അദ്ദേഹം സദസ്സിനോട് ചോദിച്ചു. പക്ഷേ, തങ്ങൾക്കെല്ലാം കേന്ദ്രസർക്കാർ പദ്ധതികളിൽ നിന്ന് പ്രയോജനം ലഭിച്ചോ എന്നായിരുന്നു വിവർത്തകൻ സദസിനോട് ചോദിച്ചത്.  ഒടുവിൽ വിവർത്തനത്തിൽ അമിത് ഷായ്ക്ക് ഇടപെടേണ്ടിയും വന്നു.

റിപ്പബ്ലിക് ദിന പരേഡും കേരളത്തിന്റെ ടാബ്ലോയും

കഴിഞ്ഞ വർഷം റിപ്ലബിക് ദിന പരേഡിനായി കേരളം തയ്യാറാക്കിയ ടാബ്ലോ സ്വീകരിക്കാതെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തള്ളിയിരുന്നു. കൃത്യമായ സാമൂഹിക സന്ദേശമില്ലാത്ത ടാബ്ലോയാണ് കേരളത്തിന്റേത് എന്നായിരുന്നു അന്ന് കാരണമായി പറഞ്ഞത്. എന്നാൽ ഇത്തവണ കേരളം ഒരു ട്രം കാർഡ് തന്നെ പുറത്തെടുത്തു. പ്രധാനമന്ത്രിയുടെ  ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന ആശയമാണ്  കേരളം മുന്നോട്ട് വച്ചിരിക്കുന്നത്.  സ്ത്രീശക്തിയുടെ വിവിധ ഭാവങ്ങളാണ് റിപ്പബ്ലിക് ഡേ ടാബ്ലോ ആയി കേരളം മുന്നോട്ട് വച്ചിരിക്കുന്ന ആശയം. വ്യത്യസ്ത മേഖലകളെ പ്രതിനിധാനം ചെയ്യുന്ന 24 സ്ത്രീകളുള്ള ടാബ്ലോ കർത്തവ്യപഥിൽ പ്രദർശിപ്പിക്കും. ഒപ്പം കളരിപ്പയറ്റും ഡ്രംസും ഉണ്ടാകും. പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിൽ പ്രവർത്തിക്കുന്ന ഗോത്ര കലാമണ്ഡലത്തിലെ കലാകാരന്മാർ ഗോത്രവർഗ ഗാനങ്ങളും നൃത്തരൂപങ്ങളും അവതരിപ്പിക്കും. മികച്ച ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ നഞ്ചമ്മയാണ് കലാമണ്ഡലത്തിന് നേതൃത്വം നൽകുന്നത്. സ്ത്രീ ശാക്തീകരണത്തിൽ കേരളം കൈവരിച്ച മഹത്തായ മുന്നേറ്റങ്ങൾ മറ്റ് കലാകാരന്മാർ പ്രതിനിധീകരിക്കും.  പ്രധാനമന്ത്രി ഇഷ്ട പ്രോജക്ടുകളായ 'ബേട്ടി ബച്ചാവോ ബേഠി പഠാവോ', ഉജ്ജ്വല യോജന, നാരി ശക്തി എന്നിവയുമായി ചേർന്ന് നിൽക്കുന്ന ഈ ടാബ്ലോ തീർച്ചയായും റിപ്പബ്ലിക് ദിന പരേഡിൽ ഇടംപിടിച്ചേക്കും.

മധ്യപ്രദേശിൽ മന്ത്രിസഭാ പുനസംഘടന?

സംസ്ഥാന ബജറ്റ് സമ്മേളനത്തിന് തൊട്ടുമുമ്പ് മധ്യപ്രദേശിൽ മന്ത്രിസഭാ പുനസംഘടന ഉണ്ടാകുമെന്ന് അഭ്യൂഹങ്ങൾ പുറത്തുവരികയാണ്. 'മാമാ'ജി തന്റെ മുഖ്യമന്ത്രി സ്ഥാനം ഉറപ്പിക്കാൻ വേണ്ടതെല്ലാം ചെയ്തിരിക്കുമെങ്കിലും, ബിജെപി നേതൃത്വം ആറോ ഏഴോ  മന്ത്രിമാരെ മാറ്റി പുതുമുഖങ്ങളെ അവതരിപ്പിച്ചേക്കും എന്നാണ് വിവരം. പുതുമുഖങ്ങളെ അവതരിപ്പിക്കുന്നതിലൂടെ  മുഖ്യമന്ത്രി ശിവരാജ് സിങ് ചൌഹാൻ തെരഞ്ഞെടുപ്പിലേക്ക്  കടക്കുന്നത് ഒരു പുത്തൻ ഭാവത്തിലുള്ള കാബിനറ്റുമായി ആകണമെന്നാണ് ബിജെപി കരുതുന്നത്. ഇതിലൂടെ ഭരണവിരുദ്ധ വികാരം തടയാനാകുമെന്നും പാർടി കരുതുന്നു.

റോയൽറ്റിയോ ലോയലിറ്റിയോ

രാജാക്കൻമാർക്ക് റെഡ് കാർപ്പറ്റുകളാണ് ശീലം. പാർട്ടിയിലെ അത്തരത്തിലുള്ള 'രാജാക്കൻമാർക്ക്' പാർട്ടിയുടെ താഴെ തട്ടിലുള്ള കേഡർമാരുമായുള്ള ഉരസലുകളും പതിവാണ്.  ഇത്തരം 'രാജകുടുംബാംഗങ്ങൾ' ബിജെപിയിൽ  ചേരുകയും സുപ്രധാന പദവിയിൽ എത്തുകയും ചെയ്താൽ, അദ്ദേഹത്തനിതിരെ  കേഡറുകളിൽ നിന്ന് സമാന ആരോപണങ്ങൾ വൈകാതെയെത്തും. ഇത്തരത്തിൽ ഉയർന്നു പറക്കുന്ന നേതാവിനെതിരെ കഴിഞ്ഞ വർഷവും  പ്രാദേശിക ബിജെപി കേഡർ പാർട്ടി ആസ്ഥാനത്തേക്ക് കത്തയച്ചിരുന്നു. അനുഭാവികളും തങ്ങളോട് അനാദരവ് കാട്ടിയതിനെതിരെ ആയിരുന്നു ഇത്. അന്ന് ഇത് തൽക്കാലം ഒതുക്കി തീർത്തെങ്കിലും  മധ്യപ്രദേശിൽ തെരഞ്ഞെടുപ്പ് കാലമെത്തിയതോടെ അതൃപ്തി വീണ്ടും പുറത്തുവരികയാണ്. ഇനി ഇത് ബിജെപി നേതൃത്വത്തിന് പരിഗണിക്കാതെ പോകാനാവില്ല. ഒന്നുകിൽ വീണ്ടും ഒതുക്കിത്തീർക്കുകയോ പ്രശ്നത്തിന് പരിഹാരം കണുകയോ ബിജെപി ചെയ്യുമെന്ന് കരുതാം.

ജാമ്യവും രാഷ്ട്രീയവും

അധിക്ഷേപങ്ങൾ, പ്രത്യേകിച്ച് സോഷ്യൽ മീഡിയയിൽ, എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും ശീലമായി മാറിയിരിക്കുകയാണ്. ഇത്തരം അധിക്ഷേപ പ്രതികരണങ്ങളിലേക്ക്  നേതാക്കളുടെ ബന്ധുക്കളെയടക്കം വലിച്ചിഴക്കാൻ ആരും മടിക്കുന്നുമില്ല എന്നതാണ് മറ്റൊരു വസ്തുത. യുപിയിലെ 'ചോട്ടെ നേതാജി'കണ്ടെത്തിയതുപോലെ ഇതൊരു ലിംഗഭേദമില്ലാത്ത പ്രതിഭാസമാണ്. നീണ്ട  സൈബർ യുദ്ധ പരമ്പരയിൽ അടുത്തിടെ ഒരു വനിതാ നേതാവ് അദ്ദേഹത്തെ അധിക്ഷേപിച്ചു. എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തെങ്കിലും, അത് ഇരുതല മൂർച്ചയുള്ള ആയുധമാണെന്ന് നേതാജിക്ക് വൈകാതെ മനസ്സിലായി. വനിതാ നേതാവിനെ അറസ്റ്റ് ചെയ്യരുതെന്ന് അദ്ദേഹം തന്നെ പോലീസിനോട് പറഞ്ഞു. പക്ഷേ അത് നേതാജിയുടെ ഔദാര്യമല്ല, മറിച്ച് രാഷ്ട്രീയ വിവേകം മൂലമാണെന്ന് ഏവരും തിരിച്ചറിഞ്ഞു. തുടർ നിയമനടപടികൾക്കായി സമ്മർദ്ദം ചെലുത്തുന്നത് വനിതാ നേതാവ് ഉൾപ്പെട്ട ഒരു പ്രത്യേക വോട്ട് ബാങ്കിന്റെ ചോർച്ചയ്ക്ക് കാരണമാകുമെന്നതായിരുന്നു രണ്ടാം ചിന്തയിൽ അദ്ദേഹത്തിന് വന്ന വിവേകം.  കൂടാതെ, തന്റെ പാർട്ടിയുടെ സോഷ്യൽ മീഡിയ സെൽ ആരംഭിച്ച ഒരു തർക്കത്തിന് പ്രതികരിക്കുക മാത്രമാണ്  യുവതി ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൃത്യസമയത്ത് ലഭ്യമാകുന്ന ജാമ്യവും ഒരു രാഷ്ട്രീയ ആയുധമാണെന്ന് ചുരുക്കം.

ഉദ്യോഗസ്ഥന് കിട്ടിയ ഇരട്ടയടി
 
രണ്ട് സംഭവങ്ങളാണ് യുപിയിലെ ഒരു പൊലീസ് ഉദ്യോഗസ്ഥനെ അതിവേഗം സോഷ്യൽ മീഡിയയിലേക്ക് വഴി നടത്തിയത്. ആദ്യത്തേത് അഖിലേഷ് യാദവിന്റെ പെരുമാറ്റമായിരുന്നു.  പാർട്ടിയുടെ സോഷ്യൽ മീഡിയ തലവൻ അറസ്റ്റിലായതിന് പിന്നാലെ പൊലീസ് ആസ്ഥാനത്ത് എത്തിയ അഖിലേഷ് ഐപിഎസ് ഉദ്യോഗസ്ഥൻ നൽകിയ ചായ നിരസിച്ചു, അത് അദ്ദേഹത്തിന്റെ മുഖത്തേക്ക് ഒരു ചീമുട്ട എറിഞ്ഞതിന് തുല്യമായിരുന്നു. നിരവധി പേരുടെ സാന്നിധ്യത്തിൽ പൊലീസിനെ വിശ്വാസമില്ലെന്ന് പറഞ്ഞ അഖിലേഷ് ഒരു പടികൂടി കടന്നായിരുന്നു പ്രതികരിച്ചത്.  ഏതാനും മണിക്കൂറുകൾ മാത്രം കഴിഞ്ഞാണ് അടുത്ത സംഭവം, ഒരു മാധ്യമ പ്രവർത്തകന്റെ ജോലിയിൽ ഉദ്യോഗസ്ഥൻ ഇടപെടുന്നതായിരുന്നു ഈ വീഡിയോ. തന്റെ ജോലിയിൽ കൈകടത്താൻ ശ്രമിച്ച  ഉദ്യോഗസ്ഥന് മാധ്യമപ്രവർത്തകൻ ഉചിതമായ മറുപടി നൽകുന്നതായിരുന്നു ദൃശ്യം. ഒടുവിൽ  ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുമെന്ന് സർക്കാർ ഉറപ്പുനൽകിയതിന് ശേഷമാണ് മാധ്യമരോഷം അടങ്ങിയത്.  എന്നാൽ യുപിയിൽ നടക്കാനിരിക്കുന്ന ചില വലിയ പരിപാടികൾ കണക്കിലെടുത്ത് ഉദ്യോഗസ്ഥനെതിരായ നടപടി വൈകുകകയാണ്. 
 

Follow Us:
Download App:
  • android
  • ios