ദില്ലി: ലോക്ഡൗൺ ഇളവുകൾ ഏതൊക്കെ മേഖലയിൽ വേണമെന്നതിൽ, കേരളം കേന്ദ്രത്തിന് രണ്ട് ദിവസത്തിനുള്ളിൽ വിശദമായ റിപ്പോർട്ട് നൽകും. മാർഗനിർദേശങ്ങളിൽ ഉചിതമായ മാറ്റം വരുത്താനുള്ള സ്വാതന്ത്ര്യം വേണമെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്.

മൂന്നാംഘട്ട ലോക്ഡൗൺ ഞായറാഴ്ച അവസാനിക്കാനിരിക്കെ , പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി നടത്തിയ വിഡിയോ കോൺഫറൻസിൽ കേരളം നിലപാട് വ്യക്തമാക്കിയിരുന്നു. സംസ്ഥാനങ്ങൾ വ്യത്യസ്ത നിലയിലുള്ള വെല്ലുവിളികളാണ് നേരിടുന്നത്.അതിനാൽ ലോക്ഡൗൺ മാർഗ്ഗനിർദ്ദേശങ്ങൾ അതത് സംസ്ഥനങ്ങൾ തീരുമാനിക്കണം. ഏതൊക്കെ മേഖലയിൽ ഇളവ് വേണമെന്ന് റിപ്പോർട്ട് നൽകാൻ കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.

വിദഗ്ധ സമിതിയുടെ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ച് മുഖ്യമന്ത്രിയുടെ നേതൃത്തിൽ അവലോകന യോഗം ചേർന്ന് ഇക്കാര്യത്തിൽ തീരുമാനമെടുക്കും.ഇതിന് ശേശം കേന്ദ്രത്തിന് റിപ്പോർട്ട് നൽകും. റെഡ്സോൺ ഒഴികെയുള്ള മേഖലകളിൽ നിയന്ത്രണങ്ങളോടെ പൊതുഗതാഗതം അനുവദിക്കണം, ഓട്ടോറിക്ഷകൾ അനുവദിക്കണം. യാത്രക്കാരുടെ എണ്ണം പരിമതിപ്പെടുത്തണം.വ്യവസായവാണിജ്യ സംരഭങ്ങൾ പ്രവർത്തിപ്പിക്കാൻ ഇളവുകൾ വേണം.

അന്തർ സംസ്ഥാന യാത്രകൾ നിയന്ത്രണങ്ങൾക്ക് വിധേയമാകണം, സമൂഹ വ്യാപനം തടയാനായി ഓൺലൈൻ ട്രെയിൻ ബുക്കിംഗ് അവസാനിപ്പിക്കണം. സംസ്ഥാനത്തിൻറെ രജിസ്ട്രേഷൻ പരിഗണിച്ച് ടിക്കറ്റ് അനുവദിക്കണം.കേരളത്തിലേക്കുള്ള സ്പെഷ്യൽ ട്രെയിനുകൾക്ക് കേരളത്തിൽമാത്രം സ്റ്റോപ് അനുവദിക്കണം. 

വിദേശരാജ്യങ്ങളിൽ നിന്ന് പ്രവാസികളെ വിമാനത്തിൽ കയറ്റുന്നതിന് മുമ്പ് ആൻറി ബോഡി ടെസ്റ്റ് നടത്തണം എന്നിവയാണ് കേരളത്തിൻറെ ആവശ്യങ്ങൾ. സാമൂഹ്യ അകലം ഉറപ്പ് വരുത്തി മദ്യ വിൽപ്പന ആരംഭിക്കും. ഇതിനായി മൊബൈൽ ആപ്പ് സേവനം പ്രയോജനപ്പെടുത്തണം. വരുമാനത്തിലെ നഷ്ടവും ചെലവിലെ വൻ വർധനയുംമൂലം സംസ്ഥാനം ഞെരുങ്ങുകയാണ്. വായ്പാപരിധി ഉയർത്തിയും കുറഞ്ഞ പലിശനിരക്കിൽ കൂടുതൽ ഫണ്ട് ലഭ്യമാക്കിയും ഇതിനെ മറികടക്കാൻ സഹായിക്കണമെന്നും കേരളം കേന്ദ്രത്തോട് ആവശ്യപ്പെടും.