കേരളത്തിലെ തെറ്റ് തിരുത്തൽ രേഖയിൽ നേരത്തെ ചൂണ്ടിക്കാട്ടിയ പാര്‍ലമെന്‍ററി വ്യാമോഹനം ഉൾപ്പെടയുള്ള പ്രവണത തുടരുന്നു എന്നാണ് സിപിഎം കേന്ദ്ര കമ്മിറ്റി തയ്യാറാക്കിയ 26 പേജുള്ള അവലോകനം വ്യക്തമാക്കുന്നത്. 

ദില്ലി: കേരളത്തിലെ സിപിഎമ്മിൽ പാര്‍ലമെന്‍ററി വ്യാമോഹവും അധികാരത്തിനുള്ള അത്യാര്‍ത്തിയും തുടരുന്നുവെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി തയ്യാറാക്കിയ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിൽ വിമർശനം. മുസ്ലീം ക്രിസ്ത്യൻ വിഭാഗങ്ങളിൽ നിന്ന് കൂടുതൽ പേരെ പാര്‍ട്ടി അംഗങ്ങളാക്കണമെന്നും റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു. കേരള സമൂഹം വലത്തോട്ട് ചായുന്നത് ഗൗരവമായി കാണമെന്നും റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു.

കേരളത്തിലെ തെറ്റ് തിരുത്തൽ രേഖയിൽ നേരത്തെ ചൂണ്ടിക്കാട്ടിയ പാര്‍ലമെന്‍ററി വ്യാമോഹനം ഉൾപ്പെടയുള്ള പ്രവണത തുടരുന്നു എന്നാണ് സിപിഎം കേന്ദ്ര കമ്മിറ്റി തയ്യാറാക്കിയ 26 പേജുള്ള അവലോകനം വ്യക്തമാക്കുന്നത്. പാര്‍ലമെന്‍ററി വ്യതിയാനവും സ്ഥാനങ്ങൾക്കുള്ള അത്യാര്‍ത്ഥിയും വ്യാമോഹവും തടയേണ്ടതുണ്ട്. രണ്ട് മണ്ഡലങ്ങളിൽ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലിയുണ്ടായ പ്രതിഷേധങ്ങൾ പാര്‍ടിയെ ബാധിച്ചു. ചില സ്ഥലങ്ങളിൽ വിഭാഗിയത പ്രകടനമായി. ഇതിനെതിരെ അടിയന്തിര തിരുത്തലും തെറ്റ് തിരുത്താനുള്ള പ്രചാരണവും വേണമെന്ന് റിപ്പോര്‍ട്ട് നിര്‍‍ദ്ദേശിക്കുന്നു.

അധികാര സ്ഥാനങ്ങളിൽ ഇരിക്കുന്നവരുടെ ധാര്‍ഷ്ട്യവും അഴിമതിയും തടയാൻ പാര്‍ട്ടിയുടെ ജാഗ്രത വേണം. മുസ്ലീം മേഖലകളിൽ പാര്‍ട്ടിക്കൊപ്പം വന്നവരെ അംഗങ്ങളാക്കി കൂടെ നിര്‍ത്തണം. ക്രിസ്ത്യൻ സമുദായത്തിൽ നിന്നും കൂടുതൽ പേരെ റിക്രൂട്ട് ചെയ്യണം. കേരള കോണ്‍ഗ്രസ് ഉൾപ്പടെ വന്നിട്ടും രണ്ട് ശതമാനത്തിൽ താഴെ വോട്ട് മാത്രമാണ് പാര്‍ടിക്ക് കൂടിയത്. 2006ൽ വി.എസിന്‍റെ കാലത്തെ വോട്ട് വിഹിതം ഇത്തവണ കിട്ടിയില്ല എന്നതും ഗൗരവത്തോടെ കാണണം. 

സ്ത്രീകൾക്കെതിരെയുള്ള അക്രമവും സ്ത്രീധനത്തിന്‍റെ പേരിലെ കൊലപാതകവും കേരളം വലത്തേക്ക് തിരിയുന്നതിന്‍റെ ലക്ഷണങ്ങളാണ്. ഇത് ചെറുക്കാൻ പാര്‍ട്ടിക്ക് ആകണമെന്നും റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു. പശ്ചിമബംഗാളിൽ കോണ്‍ഗ്രസുമായി സീറ്റ് ധാരണക്കാണ് തീരുമാനിച്ചത്. അത് മുന്നണിയാക്കി മാറ്റിയത് വലിയ പിഴവായെന്നും കേന്ദ്ര കമ്മിറ്റി കുറ്റപ്പെടുത്തി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona