ദില്ലി: സ്പെഷ്യൽ ട്രെയിനിൽ പഞ്ചാബിൽ നിന്ന് കേരളത്തിലേക്ക് യാത്ര തിരിച്ച മലയാളികൾ ദുരിതത്തിൽ. യാത്രയിൽ ആവശ്യമായ വെള്ളമോ ഭക്ഷണമോ കിട്ടുന്നില്ലെന്ന് ഇവർ പരാതിപ്പെടുന്നു. രണ്ട് ദിവസം മുമ്പാണ് പഞ്ചാബിൽ നിന്ന് പ്രത്യേക ട്രെയിനിൽ ഇവർ കേരളത്തിലേക്ക് യാത്ര തിരിച്ചത്.

യാത്രയിൽ ആവശ്യമായ ഭക്ഷണത്തിനും വെള്ളത്തിനും സംവിധാനമൊരുക്കിയിട്ടുണ്ടെന്നാണ് യാത്ര തുടങ്ങും മുമ്പ് ലഭിച്ച അറിയിപ്പെന്ന് ഇവർ പറയുന്നു. എന്നാൽ വെള്ളം പോലും കിട്ടാത്ത അവസ്ഥയാണ് ഇപ്പോൾ. മധ്യപ്രദേശിലെ ഒരു സ്റ്റേഷനിൽ വച്ച്  ഭക്ഷണം ആവശ്യപ്പെട്ടപ്പോൾ പൊലീസുകാർ വളരെ മോശമായി പെരുമാറിയെന്നും ഇവർ പറയുന്നു. ഒടുവിൽ തർക്കത്തിന് ശേഷമാണ് വെള്ളമെങ്കിലും ലഭിച്ചത്.

രാത്രി പതിനൊന്ന് മണിയോടെ ഈ ട്രെയിൻ എറണാകുളത്തെത്തുമെന്നാണ് ലഭിക്കുന്ന വിവരം. ട്രെയിൻ നിലവിൽ വിജയവാഡയ്ക്ക് അടുത്തെത്തിയെന്നാണ് ഇവർ പറയുന്നത്.