ഇന്ന് രാവിലെ ഖാര്‍ഗെയും ചെന്നിത്തലയും അടങ്ങുന്ന സംഘം സബര്‍മതി ആശ്രമത്തിൽ സന്ദര്‍ശനം നടത്തി 

അഹമ്മദാബാദ്: എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പിൽ ഹൈക്കമാൻഡിൻ്റെ ആശീ‍ര്‍വാദത്തോടെ മത്സരിക്കുന്ന മല്ലികാര്‍ജ്ജുൻ ഖാര്‍ഗ്ഗേ ഗുജറാത്തിൽ പ്രചാരണം ആരംഭിച്ചു. പ്രചരണത്തിനായി ഇന്നലെ അഹമ്മദാബാദിലെത്തിയ ഖാര്‍ഗ്ഗെയ്ക്കൊപ്പം രമേശ് ചെന്നിത്തലയമുണ്ട്. ഇന്ന് രാവിലെ സബര്‍മതി ആശ്രമത്തിൽ ഖാ‍ര്‍ഗ്ഗെ സന്ദര്‍ശനം നടത്തി. ചെന്നിത്തലയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

സബര്‍മതിയിൽ നിന്നും ഗുജറാത്ത് പിസിസിയിലെ നേതാക്കളെ കണ്ട് വോട്ട് തേടാനായി ഖാ‍ര്‍ഗെ അഹമ്മദാബാദിലെ കോണ്‍ഗ്രസ് ആസ്ഥാനത്തേക്ക് എത്തും. ഇന്നലെ രാത്രി അഹമ്മദാബാദിൽ എത്തിയ മല്ലികാര്‍ജ്ജുൻ ഖാര്‍ഗെയ്ക്ക് വലിയ സ്വീകരണമാണ് ഗുജറാത്ത് പിസിസി അധ്യക്ഷൻ്റെ നേതൃത്വത്തിൽ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നൽകിയത്. 

ഇന്ന് പകൽ ഗുജറാത്തിൽ പ്രചാരണം നടത്തുന്ന ഖാ‍ര്‍ഗെ 12 മണിക്ക് പിസിസി ആസ്ഥാനത്ത് വാ‍ർത്താ സമ്മേളനം നടത്തുന്നുണ്ട്. വൈകിട്ട് മുംബൈയിൽ എത്തുന്ന ഖാ‍ര്‍ഗെ മഹാരാഷ്ട്ര പിസിസി ആസ്ഥാനത്തും വോട്ട് തേടിയെത്തും. ഈ പരിപാടികളിലെല്ലാം ഖാര്‍ഗ്ഗെയെ ചെന്നിത്തല അനുഗമിക്കും. ഗുജറാത്ത് തെര‌ഞ്ഞെടുപ്പിനായുള്ള കോൺഗ്രസ് സ്ക്രീനിംഗ് കമ്മറ്റി ചെയർമാൻ കൂടിയാണ് ചെന്നിത്തല.

ബിഹാറിൽ ഒൻപത് വയസ്സുകാരിയെ പീഡിപ്പിച്ചയാളെ നാട്ടുകാര്‍ തല്ലിക്കൊന്നു

പാറ്റ്ന: ബിഹാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാളെ നാട്ടുകാർ കെട്ടിയിട്ടു തല്ലിക്കൊന്നു. കാടിഹാർ ജില്ലയിൽ ഹസൻഗൻജിൽ ആണ് സംഭവം. ഹസൻഗഞ്ജ് സ്വദേശി മുഹമ്മദ് സാഗിർ ആണ് മർദനമേറ്റ്‌ മരിച്ചത്. ബുധനാഴ്ചയാണ് നാട്ടുകാർ ഇയാളെ മരത്തിൽ കെട്ടിയിട്ടു തല്ലിയത്. ഗുരുതര പരിക്കുകളുമായി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാൾ വ്യാഴാഴ്ച രാത്രിയോടെ മരണപ്പെടുകയായിരുന്നു. ഒൻപത് വയസുള്ള പെൺകുട്ടിയെ പീഡിപ്പിക്കുന്നതിനിടെയാണ് ഇയാളെ നാട്ടുകാർ പിടികൂടി മർദിച്ചതെന്നാണ് വിവരം. നേരത്തെയും പീഡന കേസിൽ പ്രതിയായ ഇയാൾ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ദേശീയതലത്തിൽ തന്നെ ചര്‍ച്ചയായ സംഭവത്തിൽ ബിഹാർ പോലീസ് അന്വേഷണം തുടങ്ങി.