ചിക്മഗളൂരുവിലെ മുനിസിപ്പൽ ബോഡിയുടെ തലവനായപ്പോഴാണ് നായ്ക്കളെ കൂട്ടമായി കൊലപ്പെടുത്തിയതെന്ന് അദ്ദേഹം സമ്മതിച്ചു.

ബെംഗളൂരു: കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ 2800 നായ്ക്കളെ കൊന്നതായി ജനതാദൾ സെക്കുലര്‍ പാര്‍ട്ടിയിലെ നേതാവിന്‍റെ തുറന്ന് പറച്ചില്‍. എം‌എൽ‌സി എസ്‌എൽ ഭോജഗൗഡയാണ് നായ്ക്കളെ കൊലപ്പെടുത്തിയെന്ന് വെളിപ്പെടുത്തിയത്. നായ്ക്കൾക്കെതിരെ നടപടിയെടുക്കാൻ സുപ്രീം കോടതിയോട് ആവശ്യപ്പെടുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം കർണാടകയാകട്ടെയെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങൾക്ക് മൃഗങ്ങളോട് ഉത്കണ്ഠയുണ്ട്, പക്ഷേ മൃഗസ്നേഹികൾ മറ്റൊരു ഭീഷണിയാണെന്നും ഭോജഗൗഡ നിയമസഭയില്‍ പറഞ്ഞു. ദിവസവും കൊച്ചുകുട്ടികളുടെ കഷ്ടപ്പാടുകൾ കാണുന്നു. ഇതിനെക്കുറിച്ച് ദിവസവും പത്രങ്ങളിലും ടിവിയിലും വായിക്കുന്നു. ഇത് എല്ലാ ദിവസവും സംഭവിക്കുന്നുവെന്നും പറഞ്ഞു.

ചിക്മഗളൂരുവിലെ മുനിസിപ്പൽ ബോഡിയുടെ തലവനായപ്പോഴാണ് നായ്ക്കളെ കൂട്ടമായി കൊലപ്പെടുത്തിയതെന്ന് അദ്ദേഹം സമ്മതിച്ചു. മാംസത്തിൽ വിഷം കലർത്തി ഏകദേശം 2800 നായ്ക്കളെ കൊലപ്പെടുത്തി തെങ്ങിന്റെ ചുവട്ടിൽ കുഴിച്ചിട്ടു. നമ്മുടെ കുട്ടികളുടെ സുരക്ഷയ്ക്കായി ആവശ്യമെങ്കിൽ നമുക്ക് ജയിലിലും പോകാമെന്നും അദ്ദേഹം പറഞ്ഞു.

ദില്ലിയില്‍ നിന്നും എൻസിആറിൽ നിന്നും മുഴുവന്‍ തെരുവ് നായ്ക്കളെയും നീക്കം ചെയ്ത് ഷെൽട്ടറുകളിൽ പാർപ്പിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ബെംഗളൂരുവിൽ രണ്ട് കോളേജ് വിദ്യാർത്ഥികൾക്ക് നേരെ തെരുവ് നായ്ക്കളുടെ ആക്രമണത്തെത്തുടർന്ന് കർണാടക നിയമസഭയിലും ഈ വിഷയം ചര്‍ച്ചയായി. ബെംഗളൂരുവിലെ അംബേദ്കർ സ്കൂൾ ഓഫ് ഇക്കണോമിക്സ് യൂണിവേഴ്സിറ്റിയിലെ എംഎസ്‌സി വിദ്യാർത്ഥികളായ രണ്ടുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവന്നു. 

കഴിഞ്ഞ മാസം കർണാടകയിലെ കൊഡിഗെഹള്ളിയിൽ വീടിന് പുറത്ത് തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ 70 വയസ്സുള്ള ഒരാൾ മരിച്ചു. ബെംഗളൂരു നഗരസഭയായ ബ്രുഹത് ബെംഗളൂരു മഹാനഗര പാലിഗെയുടെ നേതൃത്വത്തിൽ തെരുവ് നായ്ക്കളെ നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് കർണാടക ലോകായുക്ത ജസ്റ്റിസ് ബി.എസ്. പാട്ടീൽ രൂക്ഷ വിമർശനം ഉന്നയിച്ചു.