ഉത്തരകൊറിയൻ അതിർത്തിയിലേക്ക് ഡ്രോൺ അയച്ചതിൽ ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജെയ്-മ്യുങ് ക്ഷമാപണം നടത്തി. ഈ നടപടിയെ സ്വാഗതം ചെയ്ത ഉത്തരകൊറിയൻ നേതാവ് കിം ജോങ്-ഉൻ, ഇതൊരു ബുദ്ധിപരമായ നീക്കമാണെന്ന് പ്രശംസിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ ഈ സംഭവം ഒരു പുതിയ ഘട്ടത്തിന് തുടക്കമിട്ടേക്കുമെന്നാണ് വിലയിരുത്തൽ.

ദില്ലി: ഉത്തരകൊറിയൻ അതിർത്തി കടന്ന് ദക്ഷിണ കൊറിയൻ ഡ്രോൺ എത്തിയതിൽ പ്രസിഡന്റ് ലീ ജെയ്-മ്യുങ്ങിന്റെ ക്ഷമാപണത്തെ സ്വാ​ഗതം ചെയ്ത് ഉത്തരകൊറിയൻ നേതാവ് കിം ജോങ്-ഉൻ. കിമ്മിന്റെ നടപടി അന്തർസംസ്ഥാന ബന്ധങ്ങളിൽ ഒരു പുതിയ ഘട്ടം അടയാളപ്പെടുത്തുന്നതാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ദക്ഷിണ കൊറിയൻ പ്രസിഡന്റിന്റെ ക്ഷമാപണവും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സ്വീകരിച്ച നടപടി ശരിയും ബുദ്ധിപരവുമാണെന്ന് കിം ജോങ് ഉൻ അഭിപ്രായപ്പെട്ടു. ലീ ജെയ്-മ്യുങ്ങിന്റെ നടപടികളെ ഉത്തരകൊറിയൻ സർക്കാരും പ്രശംസിച്ചു. വർക്കേഴ്സ് പാർട്ടി ഓഫ് കൊറിയയുടെ സെൻട്രൽ കമ്മിറ്റി ഡെപ്യൂട്ടി ഡയറക്ടർ കിം യോ-ജോങ് പ്രശംസിച്ച് രം​ഗത്തെത്തി. പ്രസിഡന്റ് ലീ ജെയ്-മ്യുങ്ങിന്റെ ക്ഷമാപണവും ഇത്തരം സംഭവങ്ങൾ വീണ്ടും ഉണ്ടാകാതിരിക്കാൻ സ്വീകരിച്ച നടപടികളും വളരെ ശരിയും ബുദ്ധിപരവുമാണെന്ന് ഞങ്ങളുടെ സർക്കാർ കരുതുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു. 

കഴിഞ്ഞ ദിവസമാണ് ഉത്തരകൊറിയൻ പ്രദേശത്തേക്ക് ഡ്രോണുകൾ വിക്ഷേപിച്ചതിന് ദക്ഷിണ കൊറിയൻ പ്രസിഡന്റ് ക്ഷമാപണം നടത്തിയത്. ഈ നടപടികളെ പ്രകോപനപരമായ നടപടികളാണെന്ന് വിശേഷിപ്പിച്ചു. ഉത്തരകൊറിയയും ദക്ഷിണകൊറിയയും തമ്മിലുള്ള സംഘർഷങ്ങൾ തടയാൻ സഹായിക്കുന്ന നടപടിയായിട്ടാണ് ക്ഷമാപണത്തെ കാണുന്നത്. 2025 സെപ്റ്റംബർ മുതൽ 2026 ജനുവരി വരെ ഉത്തരകൊറിയയുടെ അതിർത്തിയിൽ ഡ്രോണുകൾ വിക്ഷേപിച്ചതായി ആരോപിക്കപ്പെടുന്ന വ്യക്തികൾക്കെതിരെ ദക്ഷിണ കൊറിയൻ പ്രോസിക്യൂട്ടർമാർ കഴിഞ്ഞ ആഴ്ച കുറ്റം ചുമത്തി. ശിക്ഷിക്കപ്പെട്ടവരിൽ 30 വയസ്സുള്ള ഒരു ബിരുദ വിദ്യാർത്ഥിയും, നാഷണൽ ഇന്റലിജൻസ് സർവീസിലെ ജീവനക്കാരനും, ഒരു സൈനിക ഉദ്യോഗസ്ഥനും ഉൾപ്പെടുന്നു.