ഇൻഡോറിൽ മയക്കുമരുന്ന് കച്ചവടക്കാർ പിടിയിലായതിന് പിന്നാലെ മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ ജിതു പട്‌വാരിയുടെ സഹോദരൻ നാനാ പട്‌വാരിയെ പോലീസ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി. ഇത് ബിജെപി സർക്കാരിന്റെ രാഷ്ട്രീയ പ്രതികാരമാണെന്ന് ജിതു പട്‌വാരി ആരോപിച്ചതോടെ സംഭവം വലിയ രാഷ്ട്രീയ വിവാദമായി.
ഇൻഡോർ: മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ ജിതു പട്‌വാരിയുടെ സഹോദരൻ മയക്കുമരുന്ന് കേസിൽ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടതിനെച്ചൊല്ലി സംസ്ഥാനത്ത് വലിയ രാഷ്ട്രീയ വിവാദം. ഇൻഡോറിൽ മരുന്നുമായി രണ്ട് പേരെ പിടികൂടിയതിന് പിന്നാലെയാണ് ജിതു പട്‌വാരിയുടെ സഹോദരനായ നാനാ പട്‌വാരിക്ക് കേസിൽ പങ്കുണ്ടെന്ന് പോലീസ് വെളിപ്പെടുത്തിയത്.
രാജേന്ദ്ര നഗർ പോലീസ് 10.8 ഗ്രാം ബ്രൗൺ ഷുഗറുമായി ഇർഫാൻ ഖാൻ എന്ന ഗോലു ചന്ദേരിയെയും റാണി ഭായിയെയും അറസ്റ്റ് ചെയ്‌തിരുന്നു. ഈ ലഹരിമരുന്ന് എത്തിച്ചുനൽകാൻ ആവശ്യപ്പെട്ടവരിൽ ഒരാൾ നാനാ പട്‌വാരിയാണെന്നും ഇൻഡോർ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ നരേന്ദ്ര റാവത്ത് മാധ്യമങ്ങളോട് പറഞ്ഞു. നാനാ പട്‌വാരിക്കെതിരെ നേരത്തെ ഒമ്പത് ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
പോലീസ് നടപടിക്കെതിരെ കോൺഗ്രസ് അധ്യക്ഷൻ ജിതു പട്‌വാരി രംഗത്തെത്തി. വീട്ടുകാരെ മുൻകൂട്ടി അറിയിക്കാതെയാണ് പോലീസ് തന്റെ സഹോദരനെ കസ്റ്റഡിയിലെടുത്തതെന്നും, ബിജെപി സർക്കാർ രാഷ്ട്രീയ പ്രതികാരം തീർക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഗവൺമെന്റിനും മുഖ്യമന്ത്രി മോഹൻ യാദവിനും എതിരെ ശബ്ദമുയർത്തുന്നവരെ നിയമം ദുരുപയോഗം ചെയ്ത് നിശ്ശബ്ദരാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും, ഇത്തരം രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് മുന്നിൽ തങ്ങൾ വഴങ്ങില്ലെന്നും ജിതു പട്‌വാരി വ്യക്തമാക്കി. മുതിർന്ന കോൺഗ്രസ് നേതാവ് വിവേക് തൻഖയും പോലീസിന്റെ നടപടിയെ വിമർശിച്ചു. മധ്യപ്രദേശ് കോൺഗ്രസ് മുൻ ജനറൽ സെക്രട്ടറി രാകേഷ് സിംഗ് യാദവ് പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നതിന് തൊട്ടുപിന്നാലെയാണ് ഈ സംഭവം. കോൺഗ്രസ് നേതൃത്വത്തിനെതിരെ വിമർശനം ഉന്നയിച്ച രാകേഷ് സിംഗ് യാദവിനെ അച്ചടക്ക ലംഘനത്തിന് നേരത്തെ പുറത്താക്കിയെന്നാണ് കോൺഗ്രസ് നൽകുന്ന വിശദീകരണം.


