അവകാശലംഘനമാണിതെന്ന് ചൂണ്ടികാട്ടിയാണ് കർഷക സംഘടനകൾ എതിർപ്പ് പരസ്യമാക്കിയത്. മാതാപിതാക്കളുടെ സമ്മതത്തോടെയേ വിവാഹ പ്രായം നിശ്ചയിക്കാവൂ
ദില്ലി: കാർഷികനിയമം പിൻവലിപ്പിച്ച് കേന്ദ്ര സർക്കാരിനെ (Modi Government) മുട്ടുകുത്തിച്ച കർഷക സംഘടനകൾ കേന്ദ്രത്തെ വീണ്ടും വെട്ടിലാക്കി രംഗത്ത്. ഇക്കുറി പെൺകുട്ടികളുടെ വിവാഹപ്രായത്തിലാണ് കർഷക സംഘടനകൾ കേന്ദ്രത്തിന് വെല്ലുവിളിയുമായി രംഗത്തെത്തിയിരിക്കുന്നത്. പെൺകുട്ടികളുടെ വിവാഹപ്രായം കൂട്ടാനുള്ള നീക്കം അനുവദിക്കില്ലെന്ന് ഹരിയാന ഭീവാണിയിൽ നടന്ന മഹാപഞ്ചായത്തിൽ (Kisan Mahapanchayat) കർഷകനേതാക്കൾ പ്രഖ്യാപിച്ചു.
പതിനെട്ടിൽ നിന്നും ഇരുപത്തിയൊന്നിലേക്ക് പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്താനുള്ള നീക്കം അംഗീകരിക്കില്ലെന്ന് നേതാക്കൾ വ്യക്തമാക്കി. അവകാശലംഘനമാണിതെന്ന് ചൂണ്ടികാട്ടിയാണ് കർഷക സംഘടനകൾ എതിർപ്പ് പരസ്യമാക്കിയത്. മാതാപിതാക്കളുടെ സമ്മതത്തോടെയേ വിവാഹ പ്രായം നിശ്ചയിക്കാവൂ. നേരത്തെ ഹരിയാന, യുപി സംസ്ഥാനങ്ങളിൽ ശക്തമായ വോട്ട്ബാങ്ക് കൂടിയായ ജാട്ട് സമുദായം സർക്കാർ നീക്കത്തിൽ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് ഇതിനായുള്ള ബിൽ കേന്ദ്രം സ്റ്റാൻഡിംഗ് കമ്മറ്റിക്ക് വിട്ടത്.
സമരത്തിനിടെ കർഷകർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കുമെന്ന ഉറപ്പ് എത്രയും വേഗം കേന്ദ്രം നടപ്പാക്കണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ മോദി സർക്കാർ വേഗത്തിൽ വാക്ക് പാലിക്കണമെന്ന് കർഷകനേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞത്. ജനുവരി 26ന് ഗ്രാമങ്ങൾ തോറും ട്രാക്ടർ റാലി നടത്തുമെന്നും ടിക്കായത്ത് പ്രഖ്യാപിച്ചു.
അതേ സമയം മഹാപഞ്ചായത്തിൽ മേഘാലയ ഗവർണർ സത്യപാൽ മാലിക് പങ്കെടുത്തില്ല. രാഷ്ട്രപതി ഭവനിൽ മറ്റൊരു യോഗത്തിൽ പങ്കെടുക്കേണ്ടതിനാൽ പരിപാടിയിൽ എത്തിനാകാകില്ലെന്ന് സത്യപാൽ മാലിക് അറിയിച്ചതായി സംഘാടകർ അറിയിച്ചു. കാർഷികനിയമങ്ങളിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനം ഉയർത്തിയ സത്യപാൽ മാലിക്കിനെ ചടങ്ങിൽ ആദരിക്കാനായിരുന്നു തീരുമാനം.
