ഹരിയാനയിലെ ഭിവാണിയിൽ ചേരുന്ന കർഷകമഹാപഞ്ചായത്ത് സ്ത്രീകളുടെ വിവാഹപ്രായം ഉയർത്തുന്നതിലെടുക്കേണ്ട തീരുമാനം എന്താകണമെന്നത് ചർച്ച ചെയ്യും.

ദില്ലി: കേന്ദ്ര സർക്കാരിന്റെ കാർഷികനിയമങ്ങൾക്കെതിരെ സമരം നടത്തി വിജയം നേടിയ കർഷകസംഘടനകൾ, എതിർപ്പുള്ള പൊതുവിഷയങ്ങളിലും തങ്ങളുടെ പ്രതിഷേധം ഉയർത്താനുള്ള തീരുമാനത്തിലേക്ക്. വിവാഹപ്രായം ഉയർത്തുന്നതിൽ കേന്ദ്രസർക്കാരിനെതിരെ പലകോണുകളിൽ നിന്നും പ്രതിഷേധം ഉയരുന്നതിനിടെ കർഷകസംഘടനകളും വിഷയം ഏറ്റെടുത്തേക്കും. ഇന്ന് ഹരിയാനയിലെ ഭിവാണിയിൽ ചേരുന്ന കർഷകമഹാപഞ്ചായത്ത് സ്ത്രീകളുടെ വിവാഹപ്രായം ഉയർത്തുന്നതിലെടുക്കേണ്ട തീരുമാനം എന്താകണമെന്നത് ചർച്ച ചെയ്യും. വിവാഹപ്രായം ഉയർത്തുന്നതിൽ യുപി അടക്കം സംസ്ഥാനങ്ങളിലെ ജാട്ട്, ന്യൂനപക്ഷ സമുദായങ്ങൾക്കിടയിൽ വലിയ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് കർഷക സംഘടനകൾ വിഷയം ചർച്ച ചെയ്യാനൊരുങ്ങുന്നത്. 

തെരഞ്ഞെടുപ്പിൽ മത്സരിക്കണ്ടെന്ന് സംയുക്ത കിസാൻ മോർച്ച തീരുമാനിച്ചെങ്കിലും 22 കർഷകസംഘടനകൾ ചേർന്ന് പഞ്ചാബിൽ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചതും ഇന്നത്തെ യോഗത്തിൽ ചർച്ചയാകും. ആംആദ്മി പാർട്ടിയുമായി രാഷ്ട്രീയസഖ്യം രൂപീകരിക്കാൻ സംയുക്ത സമാജ് മോർച്ച ഏകപകക്ഷീയമായി നീങ്ങുന്നതും യോഗം പരിശോധിക്കും. കാർഷികനിയമങ്ങളിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനം ഉയർത്തിയ മേഘാലയ ഗവർണർ സത്യപാൽ മാലിക്കിനെ ചടങ്ങിൽ ആദരിക്കും. കർഷക അനൂകൂല നിലപാട് സ്വീകരിച്ച് കേന്ദ്രസർക്കാരിനെതിരെ തുടർച്ചയായി സത്യപാൽ മാലിക്ക് രംഗത്ത് വന്നത് സമരത്തിന് കിട്ടിയ വലിയ പിന്തുണയായിട്ടാണ് സംഘടനകൾ കാണുന്നത്. ജമ്മുകശ്മീർ ഗവർണർ സ്ഥാനത്തു നിന്ന് മാറ്റിയതോടെ ബിജെപിയുമായി സത്യപൽ മലിക് അകന്ന് നിൽക്കുകയുമാണ്. അതിനിടെ കാർഷിക നിയയത്തിൽ കേന്ദ്രസർക്കാർ നൽകിയ ഉറപ്പുകൾ നടപ്പാക്കുന്നതിലെ പുരോഗതി വിലയിരുത്താൻ ഈ മാസം പതിനഞ്ച് സംയുക്ത കിസാൻ മോർച്ച വീണ്ടും യോഗം ചേരും.