18000 കോടി രൂപയുടെ അസ്തിയാണ് കോകിലാ ബെൻ അംബാനിക്കുള്ളത്. റിലയൻസ് ഇൻഡസ്ട്രീസിൽ 1.57 കോടി രൂപയുടെ വിഹിതവും കോകിലാ ബെന്നിന്നുണ്ട്
മുംബൈ: റിലയൻസ് സ്ഥാപകൻ ധീരുഭായ് അംബാനിയുടെ ഭാര്യയും രാജ്യത്തെ ഏറ്റവും വലിയ സമ്പന്നൻ മുകേഷ് അംബാനിയുടേയും അനിൽ അംബാനിയുടേയും അമ്മയുമായ കോകിലാ ബെൻ അംബാനിയെ ആശുപത്രിയിൽ. വെള്ളിയാഴ്ച രാവിലെ വിമാന മാർഗം കോകിലാ ബെന്നിനെ എച്ച്എൻ റിലയൻസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സൗത്ത് മുംബൈയിലെ ആശുപത്രിയിലേക്ക് അംബാനി കുടുംബത്തിന്റെ വാഹന വ്യൂഹം എത്തുന്നതിന്റെ വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. എന്നാൽ കോകിലാ ബെന്നിന്റെ ആരോഗ്യ നില സംബന്ധിച്ച് ഡോക്ടർമാർ പ്രതികരിച്ചിട്ടില്ല. 91കാരിയാണ് കോകിലാ ബെൻ അംബാനി. 2002ൽ ധീരുഭായ് അംബാനിയുടെ മരണത്തിന് പിന്നാലെ മുകേഷ് അംബാനിക്കും അനിൽ അംബാനിക്കും ഇടയിൽ ഭിന്നതകൾ ഉണ്ടായപ്പോൾ അവ രമ്യതയിൽ എത്താൻ മധ്യസ്ഥത വഹിച്ചത് കോകിലാ ബെൻ അംബാനി ആയിരുന്നു.
അംബാനി കുടുംബത്തിലെ സ്വത്ത് വിഭജനത്തിനും കോകിലാ ബെൻ അംബാനിയുടെ നിർദ്ദേശങ്ങൾ നിർണായകമായിരുന്നു. 18000 കോടി രൂപയുടെ അസ്തിയാണ് കോകിലാ ബെൻ അംബാനിക്കുള്ളത്. റിലയൻസ് ഇൻഡസ്ട്രീസിൽ 1.57 കോടി രൂപയുടെ വിഹിതവും കോകിലാ ബെന്നിന്നുണ്ട്. കമ്പനിയുടെ ആകെ ഷെയറിന്റെ 0.24 ശതമാനമാണ് ഇത്. ധീരുഭായ് അംബാനിക്കും കോകിലാ ബെൻ അംബാനിക്കുമായി നാല് മക്കളാണ് ഉള്ളത്. മുകേഷ്, അനിൽ, നിനാ കോത്താരി, ദിപ്തി സൽഗോകാർ എന്നിവരാണ് അവർ. 1934ൽ ഗുജറാത്തിലെ ജാംനഗറിലാണ് കോകിലാ ബെൻ ജനിച്ചത്. മുകേഷ് അംബാനിക്കും കുടുംബത്തിനുമൊപ്പം മുംബൈയിൽ ആന്റിലയിലാണ് കോകിലാ ബെൻ അംബാനി താമസിക്കുന്നത്.
