കൊൽക്കത്ത ബലാത്സംഗ കൊലപാതകം; പ്രതിയുടെ നുണപരിശോധന നടത്തി; മൂന്നേമുക്കാൽ മണിക്കൂർ പരിശോധന
കേന്ദ്ര ഫൊറൻസിക് സയൻസ് ലബോറട്ടറിയിൽ നിന്നുള്ള വിദഗ്ദ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു നുണപരിശോധന.
കൊൽക്കത്ത: കൊൽക്കത്ത ആർ ജി കർ ആശുപത്രിയിലെ വനിതാ ഡോക്ടറെ ക്രൂരബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി സജ്ഞയ് റോയിയെ നുണപരിശോധനക്ക് വിധേയനാക്കി. കൊൽക്കത്ത പ്രസിഡൻസി ജയിലിലാണ് നുണ പരിശോധന നടന്നത്. കഴിഞ്ഞ ദിവസം സംഭവത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ആറ് പേരുടെ നുണ പരിശോധന നടത്തിയിരുന്നു.
രാജ്യത്തെ നടുക്കിയ കൊൽക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ നിർണ്ണായക നടപടികൾക്കാണ് ഇന്ന് കൊൽക്കത്ത പ്രസിഡൻസി ജയിൽ സാക്ഷ്യം വഹിച്ചത്. ഉച്ചക്ക് പന്ത്രണ്ട് മണിയോടെ ആരംഭിച്ച നുണപരിശോധന മൂന്നേ മുക്കാൽ മണിക്കൂർ നീണ്ടു. കേന്ദ്ര ഫൊറൻസിക് സയൻസ് ലബോറട്ടറിയിൽ നിന്നുള്ള വിദഗ്ദ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു നുണപരിശോധന.
ആർ ജി കർ ആശുപത്രിയിലെ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷ്, കുറ്റകൃത്യം നടന്ന ദിവസം വനിതാ ഡോക്ടറുടെ കൂടെ അത്താഴം കഴിച്ചു എന്ന് ആരോപിക്കപ്പെടുന്ന നാല് ഡോക്ടർമാർ, മറ്റൊരു സിവിൽ വളണ്ടിയർ എന്നിവരുടെ നുണപരിശോധന കഴിഞ്ഞ ദിവസം സിബിഐ നടത്തിയിരുന്നു. സാൾട് ലേക്കിലെ സിബിഐ ഓഫീസിലായിരുന്നു പരിശോധന. നിലവിൽ സജ്ഞയ് റോയ്ക്ക് മാത്രമേ കുറ്റകൃത്യത്തിൽ പങ്കുള്ളൂവെന്നാണ് സിബിഐയുടെയും വിലയിരുത്തല്‍. നുണ പരിശോധന ഫലം വരുന്നതോടെ ഈ കാര്യത്തിലും വ്യക്തത കൈവരും.
കേസ് അട്ടിമറിക്കാൻ ലോക്കൽ പൊലീസിന്റെ ഭാഗത്ത് നിന്നും ശ്രമം നടന്നു എന്നും നേരത്തെ സിബിഐ സുപ്രീം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. കൊലപാതകത്തെത്തുടർന്ന് തുടങ്ങിയ പ്രതിഷേധം കൊൽക്കത്തയിലിപ്പോഴും തുടരുകയാണ്. ഇന്ന് കേന്ദ്രമന്ത്രി സുകാന്ദ മജുംദാറുടെ നേതൃത്വത്തിൽ ശ്യാംബസാറിൽ ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചു. ബംഗാളിലെ ചലച്ചിത്ര പ്രവർത്തകരുടെ നേതൃത്വത്തിലും പ്രതിഷേധം നടന്നു. ആർ ജി കർ ആശുപത്രി ഉൾപ്പെടുന്ന പ്രദേശത്ത് പ്രഖ്യാപിച്ച നിരോധനാജ്ഞ ആഗസ്ത് 31 വരെ നീട്ടുന്നതായി കൊൽക്കത്ത പൊലീസ് അറിയിച്ചു.