കോളജ് ഫെസ്റ്റിൽ ശ്രുതി നൃത്തം ചെയ്യുന്ന വീഡിയോ പോസ്റ്റ് ചെയ്ത് പ്രതീക് ആര്യന്‍ നടത്തിയ പരാമര്‍ശമാണ് വിവാദമായത്

മുംബൈ: തന്‍റെ നൃത്ത വീഡിയോയെ പരാമർശിച്ച് 'കോഠ' (വേശ്യാലയം) പരാമര്‍ശം നടത്തിയ യുവാവിനെതിരെ പൊലീസിനെ സമീപിച്ച് യുവതി. കോറിയോഗ്രാഫറായ ശ്രുതി പരിജയാണ് പ്രതീക് ആര്യന്‍ എന്നയാള്‍ക്കെതിരെ എക്സിലൂടെ മുംബൈ പൊലീസിന്‍റെ സഹായം തേടിയത്.

കോളേജ് ഫെസ്റ്റിൽ ശ്രുതി പരിജ നൃത്തം ചെയ്യുന്ന വീഡിയോ പോസ്റ്റ് ചെയ്ത് പ്രതീക് ആര്യന്‍ നടത്തിയ പരാമര്‍ശമാണ് വിവാദമായത്- "ഇന്ത്യയിലെ സ്‌കൂളുകളും കോളജുകളും പരമ്പരാഗതവും പ്രാദേശികവുമായ സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കുന്ന കാര്യത്തിൽ പ്രസിദ്ധമാണ്. എന്നാൽ ഇപ്പോഴത് ഒരു 'കോഠ'യായി മാറിയിരിക്കുന്നു. സാംസ്‌കാരിക പരിപാടിയെന്ന പേരിൽ ഐറ്റം ഡാൻസ്. വിദ്യാഭ്യാസ സമ്പ്രദായത്തിനൊപ്പം സാംസ്കാരിക വ്യവസ്ഥയും ഇന്ത്യയിൽ അപകടത്തിലാണ്. ഈ തലമുറയ്ക്കും ഇന്ത്യയിലെ കോളേജുകൾക്കും എന്തൊരു തകർച്ചയാണ്" 

പിന്നാലെ വീഡിയോയിലെ പെൺകുട്ടി താനാണെന്നും തന്‍റെ സമ്മതമില്ലാതെയാണ് പ്രതീക് വീഡിയോ പോസ്റ്റ് ചെയ്തതെന്നും ശ്രുതി പരിജ വ്യക്തമാക്കി. വീഡിയോ ഡിലീറ്റ് ചെയ്യണമെന്ന് ശ്രുതി ആവശ്യപ്പെട്ടു. താൻ ആ കോളജിലെ വിദ്യാർത്ഥിയല്ലെന്നും പ്രൊഫഷണൽ കോറിയോഗ്രാഫറാണെന്നും ശ്രുതി പറഞ്ഞു- "ഞാനവിടെ ജഡ്ജ് ആയാണ് എത്തിയത്. വിദ്യാർത്ഥികളും സദസ്സിലുണ്ടായിരുന്നവരും എന്നോട് നൃത്തം ചെയ്യാന്‍ ആവശ്യപ്പെട്ടു. നിങ്ങള്‍ക്ക് ശരിയെന്ന് തോന്നുന്നതിനെ കുറിച്ച് അഭിപ്രായം പറയാം. എന്നാല്‍ ആ കോളജുമായി ഒരു ബന്ധവുമില്ല എനിക്ക്. എന്നെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ സംസാരിക്കാന്‍ നിങ്ങള്‍ക്ക് അവകാശമില്ല".

ഇന്ത്യയിലെ സ്‌കൂളുകളെയും കോളേജുകളെയും കുറിച്ചാണ് താൻ സംസാരിച്ചതെന്നും നിങ്ങള്‍ക്കെതിരെയല്ല വിരൽചൂണ്ടിയതെന്നും പ്രതീക് ശ്രുതിക്ക് മറുപടി നല്‍കി. സാംസ്കാരിക പരിപാടിയുടെ മറവിൽ ഐറ്റം ഡാൻസ് ചെയ്യുന്നതിനെയാണ് വിമർശിച്ചത്. നിങ്ങളെ ദോഷകരമായി ബാധിക്കുന്ന ഒരു പരാമര്‍ശവും നടത്തിയിട്ടില്ലെന്നും പ്രതീക് അവകാശപ്പെട്ടു. താന്‍ പോസ്റ്റ് ഡിലീറ്റ് ചെയ്യില്ലെന്നും പറഞ്ഞു. 

പിന്നാലെയാണ് ശ്രുതി മുംബൈ പൊലീസിനെ ടാഗ് ചെയ്ത് ഇക്കാര്യം ശ്രദ്ധയില്‍ പെടുത്തിയത്. വിഡിയോ നീക്കം ചെയ്യാന്‍ താന്‍ പലതവണ അഭ്യർത്ഥിച്ചിട്ടും പ്രതീക് തയ്യാറായില്ലെന്ന് ശ്രുതി ചൂണ്ടിക്കാട്ടി- "ഞാൻ നൃത്തം ചെയ്ത വേദിയെ വേശ്യാലയവുമായി താരതമ്യം ചെയ്യുകയും എന്നെ അപകീർത്തിപ്പെടുത്തുകയും ചെയ്ത പോസ്റ്റ് പിന്‍വലിക്കാന്‍ ഞാന്‍ ആവശ്യപ്പെട്ടു. പലതവണ അഭ്യർത്ഥിച്ചിട്ടും അദ്ദേഹം വിസമ്മതിച്ചു. എന്നെ ബ്ലാക്ക്‍മെയിൽ ചെയ്തു"

ഈ പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട മുംബൈ പൊലീസ്, കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടാനുള്ള നമ്പർ നല്‍കാന്‍ ശ്രുതിയോട് ആവശ്യപ്പെട്ടു. പ്രതീക് വീഡിയോ പിന്‍വലിച്ചില്ലെങ്കിലും കോപ്പി റൈറ്റ് ക്ലെയിം കാരണം നിലവില്‍ വീഡിയോ കാണാന്‍ കഴിയുന്നില്ല. 

Scroll to load tweet…