ദില്ലി: ഉന്നാവ് കേസില്‍ സിബിഐ അന്വേഷണം നേരിടുന്ന കുല്‍ദീപ് സിംഗ് സെംഗാര്‍ എംഎല്‍എയ്ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി. ദില്ലിയിലെ കോടതിയാണ് ഇയാള്‍ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയത്. പെണ്‍കുട്ടിയുടെ പിതാവിന്‍റെ മരണത്തിലാണ് കുല്‍ദീപ് സിംഗ് സെംഗാറിനും സഹോദരനുമെതിരെയാണ് കൊലപാതകക്കുറ്റം ചുമത്തിയത്. 

പെണ്‍കുട്ടിയുടെ പിതാവിനെ ആക്രമിച്ചതിനും ആയുധം കയ്യില്‍വച്ചുവെന്ന കേസില്‍ കുടുക്കിയതിനുമാണ് കോടതി എംഎല്‍എയ്ക്കെതിരേയും സഹോദരനെതിരേയും കൊലപാതകക്കുറ്റം ചുമത്തിയത്. പെണ്‍കുട്ടിയുടെ പിതാവിന് നേരെയുണ്ടായ വലിയൊരു ഗൂഢാലോചനയുടെ ഭാഗമായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. പെണ്‍കുട്ടിയുടെ പിതാവിന്‍റെ ശരീരത്തിലുണ്ടായ ഗുരുതര പരിക്കുകള്‍ വന്‍ ഗൂഢാലോചനയുടെ തെളിവാണെന്നും കോടതി വ്യക്തമാക്കി. ദില്ലിയിലായിരുന്നപ്പോളും കുല്‍ദീപ് സിംഗ് സെംഗാര്‍ ഉന്നാവിലെ പൊലീസ് ഉദ്യോഗസ്ഥരുമായി നിരന്തര സമ്പര്‍ക്കത്തിലായിരുന്നെന്നും ജഡ്ജി കൂട്ടിച്ചേര്‍ത്തു. 

അടുത്തിടെ ബിജെപി പുറത്താക്കിയ എംഎല്‍എ എന്നാല്‍ കുറ്റങ്ങള്‍ നിഷേധിച്ചു. കഴിഞ്ഞ മാസം ഉന്നാവ് പെണ്‍കുട്ടി റായ്ബറേലിക്കുള്ള പാതയില്‍ അപകടത്തില്‍പ്പെട്ടിരുന്നു. അപകടത്തില്‍ പെണ്‍കുട്ടിയുടെ രണ്ട് അമ്മായിമാര്‍ മരിച്ചിരുന്നു. അപകടത്തില്‍ പരിക്കേറ്റ പെണ്‍കുട്ടിയും അഭിഭാഷകനും ഗുരുതരാവസ്ഥയില്‍ ദില്ലി എയിംസില്‍ ചികിത്സയിലാണുള്ളത്.