മുൻ ചീഫ് സെക്രട്ടറി ജിജി തോംസണെ ബിജെപിയിലേക്ക് ക്ഷണിച്ച മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ രാഹുൽ ഗാന്ധി. ഏഷ്യാനെറ്റ് ന്യൂസ് വാർത്ത പങ്കുവെച്ചാണ് രാഹുൽ ഗാന്ധിയുടെ വിമർശനം. തെരഞ്ഞെടുപ്പുകളിൽ മാച്ച് ഫിക്സിംഗ് നടത്താനാണ് ഗ്യാനേഷ് കുമാറിനെ അമ്പയറാക്കിയതെന്നും രാഹുൽ ആരോപിച്ചു.

ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാർ മുൻ ചീഫ് സെക്രട്ടറി ജിജി തോംസണെ ബിജെപിയിലേക്ക് ക്ഷണിച്ചതിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഏഷ്യാനെറ്റ് ന്യൂസിന്‍റെ വാർത്ത പങ്കുവച്ചാണ് രാഹുൽ ഗാന്ധി എക്സിൽ വിമർശനം ഉന്നയിച്ചത്. ആദ്യം ഗ്യാനേഷ് കുമാറിനെ ബിജെപിയിലേക്ക് ആളുകളെ ചേർക്കാൻ ഉപയോഗിച്ചു. പിന്നീട് ഗ്യാനേഷ് കുമാറിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും അമ്പയറാക്കി, തെരഞ്ഞെടുപ്പുകളിൽ മാച്ച് ഫിക്സിംഗ് ചുമതല ഏൽപ്പിച്ചെന്നും രാഹുൽ ഗാന്ധി വിമർശിച്ചു.

ഗ്യാനേഷ് കുമാറിനെതിരായ ജിജി തോംസന്‍റെ വെളിപ്പെടുത്തൽ ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തുവിട്ടത്. 'ബിജെപി ടിക്കറ്റിൽ തെരഞ്ഞെടുപ്പിൽ മത്സരിച്ചുകൂടെ' എന്ന് ഗ്യാനേഷ് കുമാർ തന്നോട് ചോദിച്ചെന്നാണ് ജിജി തോംസന്‍റെ വെളിപ്പെടുത്തൽ. ജയിച്ചാൽ കേന്ദ്രമന്ത്രിയാകാമെന്ന് ഗ്യാനേഷ് കുമാർ പറഞ്ഞു. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപര്യമില്ലെന്ന് താൻ മറുപടി നൽകിയെന്നും ജിജി തോംസൺ ഏഷ്യാനെറ്റ് ന്യൂസിനോട് പറ‍ഞ്ഞു.

2016ൽ ദില്ലി വിമാന യാത്രയ്ക്കിടെയായിരുന്നു സംഭാഷണമെന്ന് ജിജി തോംസണ്‍ വെളിപ്പെടുത്തി. ഗ്യാനേഷ് കുമാർ അല്ലല്ലോ ഈ ഓഫർ വെക്കേണ്ടതെന്നും ഗ്യാനേഷ് കുമാറിന്റെ ഈ നീക്കം തന്നെ അത്ഭുതപ്പെടുത്തിയെന്നും ജിജി തോംസൺ പറഞ്ഞു. താൻ സർവീസിൽ ഇരിക്കെയാണ് ​ഗ്യാനേഷ് കുമാർ ഇത്തരമൊരു ക്ഷണം മുന്നോട്ടുവെച്ചതെന്നും ജിജി തോംസണ്‍ പറഞ്ഞു.

Scroll to load tweet…

YouTube video player