ദില്ലി: ഹരിയാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായ സോണിയ ഗാന്ധിയുടെ വിശ്വസ്തരിൽ ഒരാളായ കുമാരി സെൽജയെ നിയോഗിച്ചു. ദളിത് നേതാവായ കുമാരി സെൽജ ഗാന്ധി കുടുംബവുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ്.

അസംബ്ലി തെരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് സംസ്ഥാനത്തെ പാർട്ടിയുടെ നേതൃത്വം വനിതയ്ക്ക് കൈമാറിയിരിക്കുന്നത്. ഹരിയാനയിൽ 19 ശതമാനം ദളിത് വോട്ടർമാരുണ്ട്. സംസ്ഥാനത്ത് ദളിത് നേതാവെന്ന നിലയിൽ പാർട്ടിയുടെ ചുമതലയ്ക്ക് വേണ്ടി അവകാശവാദം ഉന്നയിച്ചത് അശോക് തൻവാറായിരുന്നു.

ഹരിയാന പിസിസി അദ്ധ്യക്ഷനായിരുന്ന ചൗധരി ദൽവീർ സിംഗിന്റെ മകളായ കുമാരി സെൽജ മുൻപ് അംബാല, സിർസ ലോക്സഭാ മണ്ഡലങ്ങളിൽ നിന്ന് തെരഞ്ഞെടുപ്പിൽ വിജയിച്ചിരുന്നു. യുപിഎ സർക്കാരിൽ മന്ത്രിയായിരുന്ന ഇവർ, സംസ്ഥാനത്തെ ശക്തരായ നേതാക്കളിലൊരാളാണ്.

മുഖ്യമന്ത്രി ഭൂപേന്ദ്ര സിംഗ് ഹൂഡയും മുതിർന്ന നേതാവ് അശോക് തൻവാറും തമ്മിലുള്ള അധികാര വടംവലി ശക്തമായി നിലനിൽക്കുമ്പോഴാണ് സോണിയ ഗാന്ധി കുമാരി സെൽജയ്ക്ക് ചുമതല നൽകിയത്. തൻവാറിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നാണ് ഭൂപേന്ദ്ര സിംഗ് ഹൂഡ ആവശ്യപ്പെട്ടിരുന്നത്. ഈയിടെ റോഹ്‌തകിൽ പരിവർത്തൻ റാലി നടത്തിയ അദ്ദേഹം ഇതിന് ശേഷം ദില്ലിയിൽ സോണിയ ഗാന്ധിയെ കണ്ടിരുന്നു. ഹരിയാനയിൽ പാർട്ടിയുടെ നേതൃത്വ ചുമതല ഹൂഡയ്ക്ക് നൽകരുതെന്നായിരുന്നു തൻവാറിന്റെ ആവശ്യം. ഈ സാഹചര്യത്തിലാണ് ദളിത് നേതാവും വനിതയുമായ കുമാരി സെൽജയെ പ്രസിഡന്റാക്കിയത്.