Asianet News MalayalamAsianet News Malayalam

കുംഭമേള ചുരുക്കണം, പ്രതീകാത്മക ചടങ്ങുകൾ മതിയെന്ന് പ്രധാനമന്ത്രി

രണ്ട് പ്രധാനപ്പെട്ട ഷാഹി സ്നാനുകൾ അവസാനിച്ചു. ഇനി പ്രധാനപ്പെട്ട ചടങ്ങ് നടക്കാനിരിക്കുന്നത് ഈ മാസം 27-ാം തീയതിയാണ്. അത് ഒഴിവാക്കി തൽക്കാലം പ്രതീകാത്മക ചടങ്ങുകൾ മതിയെന്നാണ് മോദി ആവശ്യപ്പെട്ടിരിക്കുന്നത്. 

kumbh mela should be restricted says pm narendra modi
Author
New Delhi, First Published Apr 17, 2021, 9:26 AM IST

ദില്ലി/ ഉത്തരാഖണ്ഡ്: രാജ്യം കൊവിഡ് തരംഗത്തിന്‍റെ രണ്ടാംഘട്ടത്തിൽ വിറങ്ങലിച്ച് നിൽക്കവേ, ലക്ഷക്കണക്കിന് പേർ പങ്കെടുക്കുന്ന ഉത്തരാഖണ്ഡിലെ കുംഭമേള വെട്ടിച്ചുരുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കുംഭമേള നടത്തുന്ന സന്യാസിമഠങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട മഠങ്ങളിലൊന്നായ ജുന അഖാഡയുടെ നേതൃത്വം വഹിക്കുന്ന സ്വാമി അവധേശാനന്ദ് ഗിരിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണിൽ സംസാരിച്ചു. ഇത്തവണ കുംഭമേള പ്രതീകാത്മകമായി മാത്രം നടത്തിയാൽ മതിയെന്നും, രണ്ട് ഷാഹി സ്നാനുകൾ അവസാനിച്ച സാഹചര്യത്തിൽ ഇനി ചടങ്ങുകൾ വെട്ടിച്ചുരുക്കണമെന്നും മോദി അഭ്യർത്ഥിച്ചു. മോദിയുടെ അഭ്യർത്ഥന സ്വീകരിക്കുന്നതായി സ്വാമി അവധേശാനന്ദ് ഗിരിയും പ്രതികരിച്ചിട്ടുണ്ട്. സന്ന്യാസിമാർ വലിയ സംഖ്യയിൽ സ്നാനത്തിന് എത്തരുതെന്നും ജുന അഖാഡയുടെ മുഖ്യപുരോഹിതൻ അഭ്യർത്ഥിച്ചു.

PM Narendra Modi speaks to Swami Avdheshanand Giri over telephone, requests that Kumbh Mela should now only be symbolic in the wake of #COVID19 pandemic, now that two shahi snans have concluded.

മൂന്ന് ദിവസത്തിനിടെ ഹരിദ്വാറിൽ മാത്രം മൂവായിരത്തോളം പേര്‍ക്ക് കൊവിഡ് ബാധിക്കുകയും, കുംഭമേളയുടെ സംഘാടകരിലൊരാളായ മുഖ്യപുരോഹിതന്‍ മരിക്കുകയും ചെയ്തിരുന്നു. അഖാഡകളിലൊന്നിന്‍റെ തലവൻ മഹാമണ്ഡലേശ്വർ കപിൽ ദാസ് (65) ആണ് മരിച്ചത്. 80 പുരോഹിതർക്കാണ് ഇത് വരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിൽ മേളയിലെ സംഘാടകരിലൊന്നായ നിരഞ്ജനി അഖാഡ കുംഭമേളയിൽ നിന്ന് പിൻമാറുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ നിരവധി സന്ന്യാസിസംഘടനകൾ മേള നിർത്തിവയ്ക്കരുതെന്ന് ആവശ്യപ്പെട്ട് എതി‍ർപ്പുമായി രംഗത്തെത്തി. ഈ സാഹചര്യത്തിൽ ഉത്തരാഖണ്ഡ് സർക്കാർ വിഷയത്തിലിടപെടാതെ മാറി നിൽക്കുകയായിരുന്നു. സന്യാസിസംഘടനകൾ തന്നെ ചർച്ച ചെയ്ത് ഇക്കാര്യത്തിൽ ഒരു തീരുമാനമെടുക്കട്ടെയെന്നായിരുന്നു ഉത്തരാഖണ്ഡ് സർക്കാരിന്‍റെ നിലപാട്. 

ഈ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് വിഷയത്തിലിടപെടുന്നത്. 

Follow Us:
Download App:
  • android
  • ios