Asianet News MalayalamAsianet News Malayalam

ലഖിംപുർ സംഘർഷം; മന്ത്രിയ്ക്ക് വീഴ്ച പറ്റിയെന്ന് ബിജെപി വിലയിരുത്തൽ; അന്ത്യശാസനവുമായി കർഷകർ

തെരഞ്ഞെടുപ്പിന് മുമ്പ് അനാവശ്യ വിവാദം ഉണ്ടാക്കിയെന്നാണ് പാർട്ടി വിലയിരുത്തുന്നത്. അജയ് മിശ്രയോട് ദില്ലിയിൽ എത്താൻ ബിജെപി നേതൃത്വം നിർദ്ദേശിച്ചു. കേന്ദ്ര സഹമന്ത്രിയേയും, മകനെയും ഒരാഴ്ചക്കുള്ളിൽ അറസ്റ്റ് ചെയ്യണമെന്ന് കിസാൻ മോർച്ച അന്ത്യശാസനം നൽകി. എഫ് ഐ ആറിലടക്കം കൊലപാതകത്തിലെ പങ്ക് വ്യക്തമായ സാഹചര്യത്തിൽ നടപടി വൈകിപ്പിക്കരുത്. 

lakhimpur clash bjps assessment that minister ajay mishra has failed
Author
Delhi, First Published Oct 6, 2021, 9:12 AM IST

ദില്ലി: ലഖിംപുർ സംഘർഷത്തിൽ (Lakhimpur )കേന്ദ്ര സഹമന്ത്രി അജയ് മിശ്രയ്ക്ക് (Ajay Mishra) വീഴ്ച പറ്റിയെന്ന് ബിജെപിയുടെ(BJP) വിലയിരുത്തൽ. തെരഞ്ഞെടുപ്പിന് മുമ്പ് അനാവശ്യ വിവാദം ഉണ്ടാക്കിയെന്നാണ് പാർട്ടി വിലയിരുത്തുന്നത്. അജയ് മിശ്രയോട് ദില്ലിയിൽ എത്താൻ ബിജെപി നേതൃത്വം നിർദ്ദേശിച്ചു. 

ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് അജയ്മിശ്രയുടെ വാദം. ഗൂഢാലോചനയിൽ പങ്കുണ്ടെന്ന വാദവും മന്ത്രി തള്ളിക്കളഞ്ഞു. അതേസമയം, സംഘർഷത്തിൽ കൊല്ലപ്പെട്ട  എല്ലാ കർഷകരുടെയും മൃതദേഹം സംസ്ക്കരിച്ചു. കേന്ദ്ര സഹമന്ത്രിയേയും, മകനെയും ഒരാഴ്ചക്കുള്ളിൽ അറസ്റ്റ് ചെയ്യണമെന്ന് കിസാൻ മോർച്ച അന്ത്യശാസനം നൽകി. എഫ് ഐ ആറിലടക്കം കൊലപാതകത്തിലെ പങ്ക് വ്യക്തമായ സാഹചര്യത്തിൽ നടപടി വൈകിപ്പിക്കരുത്. അറസ്റ്റ് നീണ്ടാൽ കർഷക പ്രതിഷേധം വീണ്ടും ശക്തമാക്കുമെന്ന് കർഷക നേതാവ് രാകേഷ് ടികായത്ത് പറഞ്ഞു. ലഖിംപൂർ സംഘർഷത്തിൽ യു പി സർക്കാർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് വിശദമായ റിപ്പോർട്ട് കൈമാറി. ലഖിംപൂരിലെ ഇൻ്റർനെറ്റ് റദ്ദാക്കിയ നടപടി വീണ്ടും നീട്ടി. 

ലഖിംപുർ കേസില് പൊലീസ് ഇട്ട എഫ്ഐആറിൽ മന്ത്രിയുടെ മകന്റെ പേരും ഉണ്ടെന്നാണ് വിവരം. കർഷകർക്ക് നേരെ ഇടിച്ച് കയറിയ വാഹനത്തിൽ ആശിഷ് മിശ്ര ഉണ്ടായിരുന്നുവെന്നാണ് എഫ്ഐആർ. അപകടമുണ്ടാക്കുന്ന രീതിയിൽ ആശിഷ് വാഹനം കർഷകർക്ക് നേരെ ഓടിച്ചു. സംഭവത്തിന് ശേഷം ആശിഷ് കരിമ്പ് തോട്ടത്തിലേക്ക് ഓടി ഒളിച്ചു. ആൾക്കൂട്ടത്തിന് നേരെ ഇയാൾ വെടിവച്ചന്നും എഫ് ഐ ആറിൽ പറയുന്നു. ഇതോടെ മകൻ സംഭവസ്ഥലത്തില്ലായിരുന്നെന്ന കേന്ദ്രസഹമന്ത്രി അജയ് മിശ്രയുടെ വാദമാണ് പൊളിയുന്നത്. 

അതിനിടെ, അനുമതി നിഷേധിച്ചെങ്കിലും ലഖിംപുർ ഖേരി സന്ദർശിക്കാനൊരുങ്ങിയിരിക്കുകയാണ് രാഹുൽ ഗാന്ധി. ലഖിംപുർ ഖേരിയിലും ,ലക്നൗവിലും നിലനിൽക്കുന്ന നിരോധനാജ്ഞ ചൂണ്ടിക്കാട്ടിയാണ് സന്ദർശനനാനുമതി യുപി സർക്കാർ തള്ളിയത്. രാവിലെ പത്ത് മണിക്ക് രാഹുൽ ദില്ലിയിൽ മാധ്യമങ്ങളെ കാണും. വൈകുന്നേരം നാല് മണിയോടെ ലഖിംപുർ ഖേരിയിലെത്തുന്ന രാഹുൽ മരിച്ച കർഷകരുടെ കുടുംബാംഗങ്ങളെ സന്ദർശിക്കുമെന്നാണ് എ ഐ സി വ്യക്തമാക്കുന്നത്. ശേഷം സീതാപുരിലെത്തി പ്രതിഷേധിക്കുന്ന കോൺഗ്രസ് പ്രവർത്തകരെ അഭിസംബോധന ചെയ്യും. 

പ്രിയങ്ക ഗാന്ധി ഇപ്പോഴും സീതാ പുരിലെ പൊലീസ് കേന്ദ്രത്തിൽ തുടരുകയാണ്. പ്രിയങ്കയുടെ അറസ്റ്റ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. ലംഖിപുർ ഖേരി സന്ദർശിക്കാതെ മടങ്ങില്ലെന്ന നിലപാടിലാണ് പ്രിയങ്ക. ആരോപണ വിധേയനായ കേന്ദ്രസഹ മന്ത്രി രാജി വയ്ക്കും വരെ പ്രതിഷേധം തുടരാനാണ് തീരുമാനം. 

Follow Us:
Download App:
  • android
  • ios