Asianet News MalayalamAsianet News Malayalam

ലഖിംപൂര്‍ ഖേരി: നാല് പേർ കൂടി അറസ്റ്റിൽ; ഉത്തരേന്ത്യയിൽ കര്‍ഷക സമരത്തിൽ സ്തംഭിച്ച് ട്രെയിൻ ഗതാഗതം

ലഖിംപൂര്‍ ഖേരി സംഭവത്തിൽ കേന്ദ്ര മന്ത്രി അജയ് മിശ്രക്കെതിരെ നടപടി ആവശ്യപ്പെട്ട് ഇന്ന് രാജ്യവ്യാപകമായി ട്രെയിനുകൾ തടഞ്ഞ് കര്‍ഷകര്‍ പ്രതിഷേധിച്ചു. സമരം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ട്രെയിൻ ഗതാഗതത്തെ കാര്യമായി ബാധിച്ചു.

lakhimpur kheri farmers rail roko protest
Author
Delhi, First Published Oct 18, 2021, 8:38 PM IST

ദില്ലി: യുപിയിലെ ലഖിംപൂർ ഖേരിയിലെ ആക്രമണത്തിൽ നാലുപേർ കൂടി അറസ്റ്റിൽ. സുമിത് ജെയ്സ്വാൾ, നന്ദൻ സിംഗ് ഭിഷ്ട്,ശിശുപാൽ, സത്യപ്രകാശ് ത്രിപാതി എന്നിവരെയാണ് ക്രൈംബ്രാഞ്ച്  അറസ്റ്റ് ചെയ്തത്. സുമിത്  ജെയ്സ്വാൾ സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെടുന്ന വീഡിയോ നേരത്തെ പുറത്ത് വന്നിരുന്നു.

ലഖിംപൂരിൽ നാല്  കർഷകരുൾപ്പെടെ എട്ട് പേരാണ്  കൊല്ലപ്പെട്ടത്. കര്‍ഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഗൂഡാലോചന നടത്തിയത് കേന്ദ്ര മന്ത്രി അജയ് മിശ്രയെന്നാണ് കര്‍ഷകരുടെ ആരോപണം. കര്‍ഷകരെ ഇടിച്ച വാഹനത്തിൽ ഉണ്ടായിരുന്ന അജയ് മിശ്രയുടെ മകൻ ആശിശ് മിശ്രയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

അതിനിടെ ലഖിംപൂര്‍ ഖേരി സംഭവത്തിൽ കേന്ദ്ര മന്ത്രി അജയ് മിശ്രക്കെതിരെ നടപടി ആവശ്യപ്പെട്ട് ഇന്ന് രാജ്യവ്യാപകമായി ട്രെയിനുകൾ തടഞ്ഞ് കര്‍ഷകര്‍ പ്രതിഷേധിച്ചു. സമരം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ട്രെയിൻ ഗതാഗതത്തെ കാര്യമായി ബാധിച്ചു. പഞ്ചാബിലും, ഹരിയാനയിലും ട്രെയിൻ ഗതാഗതം ഏതാണ്ട് പൂര്‍ണമായി തടസപ്പെട്ടു. നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരുപോലെ കര്‍ഷകര്‍ റെയിൽവെ പാളങ്ങളിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

യു പി, ബീഹാര്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര , പശ്ചിമ ബംഗാൾ, ഒഡീഷ ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലും കര്‍ഷകരുടെ സമരം ട്രെയിൻ ഗതാഗതത്തെ ബാധിച്ചു. യുപിയിലും മധ്യപ്രദേശിലും സമരത്തിനെത്തിയ കര്‍ഷകരെ പലയിടങ്ങളിലും പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി കര്‍ഷകരെ വീട്ടുതടങ്കലിലാക്കി. നിരോധനാജ്ഞ ലംഘിച്ചായിരുന്നു ലക്നൗവിലെ റെയിൽപാളങ്ങളിൽ കര്‍ഷകരുടെ പ്രതിഷേധം. കര്‍ണാടക ഉൾപ്പടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും കര്‍ഷകര്‍ ട്രെയിൻ തടഞ്ഞു. 

 

Follow Us:
Download App:
  • android
  • ios