Asianet News MalayalamAsianet News Malayalam

ലഖിംപൂർ ഖേരിയിലെ സംഘർഷം: സുപ്രീം കോടതി സ്വമേധയാ കേസെടുത്തു, നാളെ പരിഗണിക്കും

സംഘർഷത്തിൽ ഇന്നലെ പുറത്തുവന്ന എഫ്ഐആറിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിശ് മിശ്രയ്ക്കെതിരെ കൊലപാതകുറ്റം ചുമത്തിയിരുന്നു

Lakhimpur Kheri violence Supreme court takes Suo Motu cognisance case is to be heard tomorrow
Author
Delhi, First Published Oct 6, 2021, 9:54 PM IST

ദില്ലി: ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ എട്ട് കർഷകരുടെ മരണത്തിലേക്ക് നയിച്ച സംഘർഷത്തിൽ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ ബെഞ്ച് നാളെ കേസ് പരിഗണിക്കും. 

സംഘർഷത്തിൽ ഇന്നലെ പുറത്തുവന്ന എഫ്ഐആറിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിശ് മിശ്രയ്ക്കെതിരെ കൊലപാതകുറ്റം ചുമത്തിയിരുന്നു. മന്ത്രി അജയ് മിശ്രയും മകനും ചേർന്ന് ഗൂഢാലോചന നടത്തി എന്ന പരാതി പരാമർശിക്കുന്നു. എന്നാൽ കണ്ടാലറിയുന്നവർ എന്ന പേരിലാണ് മറ്റുള്ളർക്കെതിരെ കേസെടുത്തത്. മന്ത്രിക്കെതിരെയും കുറ്റം ചുമത്തണമെന്നും മന്ത്രിയേയും മകനേയും ഒരാഴ്ചയ്ക്കുള്ളിൽ അറസ്റ്റു ചെയ്യണമെന്നും കർഷക സംഘടനകൾ ആവശ്യപ്പെട്ടു. ആശിശ് മിശ്ര സ്ഥലത്തുണ്ടായിരുന്നു എന്ന് സൂചിപ്പിക്കുന്ന ഒരു വിഡിയോയും പുറത്തു വന്നു. ഭയ്യ അഥവാ ആശിശ് മിശ്രയാണ് കർഷകരെ ആദ്യം ഇടിച്ച താർ വാഹനത്തിൽ ഉണ്ട്ടായിരുന്നത് എന്ന് സംഘത്തിലെ ഒരാൾ പൊലീസിനോടു പറയുന്നുണ്ട്. 

പ്രിയങ്കയും രാഹുലും ലഖിംപൂർ ഖേരിയിലേക്ക്

കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങളെ സന്ദർശിക്കുന്നതിനായി ലഖിംപൂർ ഖേരിയിലേക്ക് (Lakhimpur) പോകവേ പൊലീസ് കസ്റ്റഡിയിലെടുത്ത കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ യുപി പൊലീസ് വിട്ടയച്ചു. കർഷകരുടെ കുടുംബങ്ങളെ സന്ദർശിക്കാൻ ലഖിംപൂർ ഖേരിയിലേക്ക് പോകാൻ രാഹുൽ ഗാന്ധിക്കും (rahul gandhi). പ്രിയങ്കാ ഗാന്ധിക്കും (priyanka gandhi ) അനുമതി ലഭിച്ചതിന് പിന്നാലെയാണ് പ്രിയങ്കയെ യുപി പൊലീസ് വിട്ടയച്ചത്. 

ലഖിംപൂർ ഖേരിയിലേക്ക് പോകാനായി രാഹുൽ ഗാന്ധിയുൾപ്പടെയുള്ള കോൺഗ്രസ് സംഘം ലക്നൗവിലെത്തി. വിമാനത്താവളത്തിലിറങ്ങാൻ അനുമതി ലഭിച്ചെങ്കിലും രാഹുൽ നിർദ്ദേശിച്ച വാഹനത്തിൽ പോകാൻ അനുവദിക്കില്ലെന്ന് ഉദ്യോഗസ്ഥർ നിലപാടെടുത്തു. ഇതോടെ രാഹുൽ ഗാന്ധിയും ഉദ്യോഗസ്ഥരും തമ്മിൽ വാഗ്വാദം ഉണ്ടായി. ഉദ്യോഗസ്ഥ നിലപാടിൽ രാഹുൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പിന്നീട്, തർക്കത്തിനൊടുവിൽ സ്വന്തം വാഹനത്തിൽ ലംഖിപൂരിലേക്ക് പോയി. 

രാഹുലിന് പോകാൻ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും അനുസരിക്കണമെന്നുമുള്ള നിലപാടിലായിരുന്നു പൊലീസ്. എന്നാൽ പൊലീസ് ഒരുക്കുന്ന സുരക്ഷ വേണ്ടെന്നും പൊലീസ് ഒരുക്കിയ വഴിയിൽ പോകില്ലെന്നും രാഹുൽ അറിയിച്ചു. ലഖിംപൂരിലേക്ക് പോകാൻ അനുമതി ലഭിച്ചെന്നാണ് സർക്കാർ അറിയിച്ചത് പക്ഷേ ഇത് എന്ത് രീതിയിലുള്ള അനുമതിയാണെന്ന് രാഹുൽ ചോദിച്ചു. പൊലീസ് മറ്റെന്തോ ആസുത്രണം ചെയ്യുകയാണെന്നും രാഹുൽ ആരോപിച്ചു. 

Follow Us:
Download App:
  • android
  • ios