Asianet News MalayalamAsianet News Malayalam

ലക്ഷദ്വീപില്‍ തീരദേശ മേഖലയിൽ സുരക്ഷ വർധിപ്പിച്ച് ഉത്തരവ്

അതേ സമയം ലക്ഷദ്വീപിന്റെ പ്രത്യേക അവകാശങ്ങള്‍ ഇല്ലാതാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്‌ തീരുമാനിച്ചു. 

lakshadweep latest news coastal area security doubled by authority
Author
Lakshadweep, First Published May 28, 2021, 11:57 PM IST

കവരത്തി: തീരദേശ മേഖലയിൽ സുരക്ഷ വർധിപ്പിച്ച് ലക്ഷദ്വീപ് ഡെവലപ്മെൻറ് കോർപറേഷന്‍റെ ഉത്തരവ്. ഇന്‍റലിജന്‍സ് വിവരത്തെ തുടർന്നാണ് സുരക്ഷ ലെവൽ 2 ആക്കി വർധിപ്പിച്ചത്. സംശയാസ്പദ സാഹചര്യത്തിൽ എന്തെങ്കിലും കണ്ടാൽ അധികൃതരെ  അറിയിക്കാൻ നിർദ്ദേശം അടക്കമാണ് ഉത്തരവ്.  അറിയിപ്പ് ഉണ്ടാകും വരെ ലെവൽ 2 സുരക്ഷ തുടരുമെന്നും ഉത്തരവിൽ പറയുന്നു. 

അതേ സമയം ലക്ഷദ്വീപിന്റെ പ്രത്യേക അവകാശങ്ങള്‍ ഇല്ലാതാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്‌ തീരുമാനിച്ചു. കോവിഡ്‌ -19 പ്രോട്ടോക്കോള്‍ പാലിച്ച് കൊണ്ട്‌ മെയ്‌ 31 ന്‌ ബേപ്പൂരിലേയും കൊച്ചിയിലെയും ലക്ഷദ്വീപ്‌ ഓഫീസുകള്‍ക്ക്‌ മുന്നില്‍ പാര്‍ടി നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിക്കും.

എംപിമാരുടെ പ്രതിനിധി സംഘത്തെ ലക്ഷദ്വീപിലേക്ക്‌ അയക്കാനും സെക്രട്ടേറിയേറ്റ് തീരുമാനിച്ചിട്ടുണ്ട്. പാര്‍ടി കേന്ദ്രകമ്മിറ്റിയംഗവും എംപിയുമായ എളമരം കരീം, ആലപ്പുഴ എംപി എഎം ആരിഫ്, രാജ്യസഭാംഗം വി ശിവദാസൻ എന്നിവർ നേരിട്ട് ലക്ഷദ്വീപിലെത്തി തദ്ദേശവാസികളിൽ നിന്നും മറ്റും വിശദാംശങ്ങൾ ചോദിച്ചറിയുമെന്ന് സെക്രട്ടേറിയേറ്റ് പുറപ്പെടുവിച്ച വാർത്താക്കുറിപ്പിൽ പറയുന്നു.

നിവേദനം നൽകി ഇടി മുഹമ്മദ് ബഷീർ

ലക്ഷദ്വീപിൽ നടപ്പിലാക്കാനൊരുങ്ങുന്ന മുഴുവൻ പരിഷ്കാരങ്ങളും പിൻവലിക്കണമെന്ന് മുസ്ലിം ലീഗ് നേതാവും എംപിയുമായ ഇടി മുഹമ്മദ്‌ ബഷീർ ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാർ ദ്വീപിനെ വാണിജ്യ കേന്ദ്രമാക്കാൻ ശ്രമിക്കുകയാണ്. കോർപ്പറേറ്റുകൾക്ക് വേണ്ടി ദ്വീപ് ജനതയുടെ സ്വന്തന്ത്ര്യം ഇല്ലാതാകുകയാണ്. മംഗലാപുരത്തേക്ക് ചരക്കുനീക്കം മാറ്റുന്നതിന് പിന്നിൽ ഗൂഢ ലക്ഷ്യമുണ്ടെന്ന് പറഞ്ഞ അദ്ദേഹം ഇക്കാര്യങ്ങൾ ആവശ്യപ്പെട്ട് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്ക് നിവേദനം കൈമാറി.

അതേ സമയം ലക്ഷദ്വീപിലെ കൊവിഡ് പ്രോട്ടോക്കോള്‍ പരിഷ്ക്കാരങ്ങള്‍ ചോദ്യം ചെയ്തുള്ള  ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. പതിനാല് ദിവസത്തെ നിരീക്ഷണത്തിന് ശേഷം മാത്രമേ ദ്വീപിലേക്ക് വരാവു എന്ന വ്യവസ്ഥ എടുത്തുകളഞ്ഞതിന് എതിരെയായിരുന്നു ദ്വീപ് നിവാസികളുടെ ഹര്‍ജി.  അഡ്മിനിസ്ട്രേറ്ററുടെ ഈ പരിഷ്കാരം  രോഗവ്യാപനം വർധിപ്പിച്ചെന്നായിരുന്നു ഹർജിയിലെ പ്രധാന വാദം. 

എന്നാൽ വാദത്തിൽ കഴമ്പില്ലെന്ന് ചൂണ്ടിക്കാട്ടി ഹര്‍ജികള്‍ ഡിവിഷൻ ബെഞ്ച് തള്ളുകയായിരുന്നു. നേരത്തെ ഹൈക്കോടതി സിംഗിൾ ബെഞ്ചും ഹർജി തളളിയിരുന്നു. ഇക്കഴിഞ്ഞ ഡിസംബറിലാണ് ലക്ഷദ്വീപില്‍ കൊവിഡ് പ്രോട്ടോകോൾ പുതുക്കിയത്.

Follow Us:
Download App:
  • android
  • ios