ദില്ലി: കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനം രാജി വെക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനം ആത്മഹത്യാപരമെന്ന് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്. രാഹുല്‍ രാജിവെച്ചാല്‍ അത് സംഘപരിവാര്‍ സംഘടനകളുടെ നയങ്ങളോട് എതിര്‍ക്കുന്ന എല്ലാ ശക്തികള്‍ക്കും വലിയ തിരിച്ചടിയാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

'രാഹുല്‍ ഇത്തരത്തിലൊരു തീരുമാനം എടുക്കരുത്. ഗാന്ധി കുടുംബത്തിന് പുറത്തുനിന്നുള്ള ഒരാള്‍ കോണ്‍ഗ്രസിന്‍റെ അധ്യക്ഷ സ്ഥാനത്തേയ്ക്ക് എത്തുന്നത് ഒരിക്കലും ഉചിതമാവില്ല'. ഗാന്ധികുടുംബത്തിന്‍റെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് ചലിക്കുന്നൊരാള്‍ മാത്രമായിരിക്കും അവരെന്നും ലാലു കൂട്ടിച്ചേര്‍ത്തതായും ടെലഗ്രാം റിപ്പോര്‍ട്ട് ചെയ്യുന്നു.

കോണ്‍ഗ്രസിന്‍റെ പ്രവര്‍ത്തക സമിതിയിലാണ് അധ്യക്ഷ പദവിയൊഴിയാനുള്ള തീരുമാനം രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചത്. തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയെങ്കിലുംരാഹുല്‍ തീരുമാനത്തിലുറച്ചു തന്നെയാണെന്നാണ് റിപ്പോര്‍ട്ട്.