ആകെയുള്ള 144 വാര്‍ഡുകളില്‍ 134 എണ്ണവും തൃണമൂല്‍ കോണ്‍ഗ്രസ് പിടിച്ചടക്കി. ബിജെപി മൂന്ന് സീറ്റും, കോണ്‍ഗ്രസും ഇടത് സഖ്യവും രണ്ട് സീറ്റ് വീതവും നേടി.

കൊല്‍ക്കത്ത: കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് തരംഗം. ആകെയുള്ള 144 വാര്‍ഡുകളില്‍ 134 എണ്ണവും തൃണമൂല്‍ കോണ്‍ഗ്രസ് പിടിച്ചടക്കി. ബിജെപി മൂന്ന് സീറ്റും, കോണ്‍ഗ്രസും ഇടത് സഖ്യവും രണ്ട് സീറ്റ് വീതവും നേടി. അതേ സമയം വോട്ട് ശതമാന കണക്കില്‍ ബിജെപിയെ മറികടന്ന് ഇടതുപക്ഷം മുന്നിലെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

മൂന്ന് സ്വതന്ത്ര്യന്മാരും ജയിച്ചിട്ടുണ്ട്. വിജയിച്ച സ്വതന്ത്ര്യന്മാര്‍ തൃണമൂലിന് പിന്തുണ നല്‍കും എന്നാണ് ഇന്ത്യന്‍ എക്സ്പ്രസിന്‍റെ റിപ്പോര്‍ട്ട് പറയുന്നത്. അതേസമയം 65 വാര്‍ഡുകളില്‍ ഇടതുപക്ഷമാണ് രണ്ടാം സ്ഥാനത്ത്. 48 ഇടത്ത് ബിജെപിയാണ് രണ്ടാംസ്ഥാനത്ത് എത്തിയത്. കോണ്‍ഗ്രസ് 16 ഇടത്ത് രണ്ടാം സ്ഥാനത്ത് എത്തി. സ്വതന്ത്ര്യന്മാര്‍ അഞ്ചിടത്ത് രണ്ടാം സ്ഥാനത്ത് എത്തി. 

വിജയത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച ടിഎംസി മേധാവിയും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി, 'ബിജെപി ബൗള്‍ഡായി പോയി, സിപിഐഎമ്മിന്‍റെ സാന്നിധ്യം പോലും ഉണ്ടായില്ല. കോണ്‍ഗ്രസ് സിപിഎമ്മിനും ബിജെപിക്കും ഇടയില്‍ സാന്‍റ്വിച്ചായി പോയി' എന്നാണ് പ്രതികരിച്ചത്.

2015ലെ കൊല്‍ക്കത്ത കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ടിഎംസി 124 സീറ്റുകളിലാണ് വിജയം നേടിയത്. ഇടതുപക്ഷം 13 സീറ്റുകള്‍ നേടിയിരുന്നു. ബിജെപി അഞ്ച് സീറ്റുകള്‍ നേടി. കോണ്‍ഗ്രസ് രണ്ടും സീറ്റ് നേടി. വോട്ട് ഷെയറിലേക്ക് വന്നാല്‍ ടിഎംസി 72.16 ശതമാനം വോട്ട് ഇത്തവണ നേടി. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിനെക്കാള്‍ 22 ശതമാനം വോട്ട് ടിഎംസി വര്‍ദ്ധിപ്പിച്ചു. ഇടതുപക്ഷം 11.87 ശതമാനം വോട്ട് നേടി. ബിജെപി വോട്ടിംഗ് ശതമാനം 9.19 ശതമാനം വോട്ടാണ് നേടിയത്. 

അതേ സമയം 2015ലെ തദ്ദേശ തെരഞ്ഞെടുപ്പ് കണക്കുകള്‍ വച്ച് നോക്കിയാല്‍ ബിജെപി കെഎംസി തെരഞ്ഞെടുപ്പില്‍ വോട്ട് ശതമാനം ഉയര്‍ത്തി. എന്നാല്‍ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലെ കണക്കുകള്‍ പ്രകാരം അവരുടെ വോട്ട് ശതമാനം താഴേക്ക് പോവുകയും ചെയ്തു. കഴിഞ്ഞ കെഎംസി തെരഞ്ഞെടുപ്പ് വച്ച് നോക്കിയാല്‍ സീറ്റിലും വോട്ടിലും തളര്‍ച്ചയാണ് ഇടതിന് സംഭവിച്ചെങ്കിലും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് വച്ച് നോക്കിയാല്‍ ഇടതിന് ആശ്വാസം ലഭിച്ചെന്നാണ് തെരഞ്ഞെടുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നത്.