ദില്ലി: നിര്‍ഭയ കേസ് കുറ്റവാളികളുടെ വധശിക്ഷ മാറ്റിക്കുറിക്കാനായി ദില്ലിയില്‍ നീക്കങ്ങള്‍ സജീവം. മരണവാറണ്ട് സ്റ്റേ ചെയ്യാനാകില്ല എന്ന വിചാരണ കോടതി വിധി ചോദ്യം ചെയ്ത നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയതിന് പിന്നാലെ സുപ്രീംകോടതിയെ സമീപിക്കാനുള്ള ശ്രമങ്ങളിലാണ് പ്രതികളുടെ അഭിഭാഷകന്‍. ഹൈക്കോടതിയുടെ വിധി പകര്‍പ്പ് ഇല്ലാതെ തന്നെ സുപ്രീംകോടതി രജിസ്ട്രാറുടെ വീട്ടിലെത്തി അഭിഭാഷകന്‍ കേസ് മെന്‍ഷന്‍ ചെയ്തു.

എന്നാല്‍, വിധി പകര്‍പ്പ് ഇല്ലാതെ എത്തിയ എ പി സിംഗിനോട് അതെവിടെയെന്ന ചോദ്യം രജിസ്ട്രാര്‍ ഉന്നയിച്ചെന്നാണ് റിപ്പോര്‍ട്ട്. എന്തായാലും കേസ് മെന്‍ഷന്‍ ചെയ്ത സാഹചര്യത്തില്‍ രജിസ്ട്രാര്‍ ചീഫ് ജസ്റ്റിസിനെ കാര്യം അറിയിച്ചതായാണ് സൂചന. ഹൈക്കോടതി ഉത്തരവിന്‍റെ പകര്‍പ്പ് നല്‍കാതെ നടപടികള്‍ വൈകിപ്പിക്കുന്നുവെന്നാണ് എം പി സിംഗിന്‍റെ ആരോപണം.

വിചാരണക്കോടതി വിധി വസ്തുതകൾ പരിശോധിക്കാതെയാണ് എന്നാണ് കുറ്റവാളികളുടെ അഭിഭാഷകൻ ഹൈകോടതിയിൽ ഉയർത്തിയ വാദം. എന്നാൽ, ഹർജിയിൽ ഗൗരവമായി ഒന്നും കാണുന്നില്ലെന്ന് ദില്ലി ഹൈക്കോടതി നിരീക്ഷിച്ചു. ഹർജിക്കൊപ്പം ഒരു രേഖയും ഇല്ലെന്നും വിചാരണ കോടതി തീരുമാനം റദ്ദാക്കേണ്ട ഒരു സാഹചര്യവും കാണുന്നില്ലെന്ന് ജഡ്ജിമാർ നിലപാടെടുത്തു.

ശിക്ഷ സ്റ്റേ ചെയ്ത് കേസ് വിശദമായി പരിഗണിക്കണമെന്ന് പ്രതിഭാഗം പിന്നീടും ആവശ്യപ്പെട്ടു. പ്രതികളുടെ ദരിദ്രമായ കുടുംബ പശ്ചാത്തലവും പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും എന്തിനാണ് ഞങ്ങളുടെ സമയം പാഴാക്കുന്നതെന്നും പാഴാക്കാൻ സമയമില്ലെന്നും പറഞ്ഞ ജഡ്ജിമാർ പ്രത്യേകം ദയാഹർജികൾ നൽകിയതിലെ ആസൂത്രണവും ചൂണ്ടിക്കാട്ടി.