പൂനെയിലെ മലയാളി കുടുംബത്തിൻ്റെ മരണം ആത്മഹത്യയെന്ന് നിഗമനം. പിംപ്രിയിലെ മോർവാഡിയിൽ താമസിക്കുന്ന വിനോദ്, ഭാര്യ മകൾ എന്നിവരാണ് മരിച്ചത്. സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിൻ്റെ നിഗമനം.

പൂനെ: പൂനെയിലെ മലയാളി കുടുംബത്തിൻ്റെ മരണം ആത്മഹത്യയെന്ന് പൊലീസിൻ്റെ നിഗമനം. പിംപ്രിയിലെ മോർവാഡിയിൽ താമസിക്കുന്ന തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശി വിനോദ് പി എസ് (47), ഭാര്യ സിൽജ പിളള (44) മകൾ പൂർണിമ (20) എന്നിവരാണ് മരിച്ചത്. സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് കരുതുന്നത്. പൊലീസ് കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പിലും ഇക്കാര്യം പരാമർശിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

ശനിയാഴ്ച രാവിലെ ആണ് സംഭവം. സ്കൂൾ അധ്യാപികയായ സിൽജ ജോലിക്ക് എത്താത്തതിനെ തുടർന്നാണ് സംശയം ഉയർന്നത്. സിൽജയെ സഹപ്രവർത്തകർ ബന്ധപ്പെട്ടെങ്കിലും ലഭിച്ചില്ല. സംശയം തോന്നിയ ഇവർ പിന്നീട് ബന്ധുക്കളെ വിവരം അറിയിച്ചു. ബന്ധുക്കൾ വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് മൂന്നംഗ കുടുംബത്തെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. വിനോദ് ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെ മരണപ്പെട്ടു. സിൽജയെയും മകൾ പൂർണിമയെയും ഐസിയു പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

പൊലീസ് നടത്തിയ പരിശോധനയിൽ വീട്ടിൽനിന്ന് ആത്മഹത്യാക്കുറിപ്പും രാസവസ്തുവിൻ്റെ കുപ്പിയും കണ്ടെത്തി. വിനോദ് ഓൺലൈനിലൂടെ വരുത്തിയതെന്ന് കരുതുന്ന ഈ രാസവസ്തു കത്തിച്ചപ്പോൾ ഉണ്ടായ വിഷപ്പുക ശ്വസിച്ചാണ് കുടുംബം ജീവനൊടുക്കിയതെന്നാണ് പൊലീസ് കരുതുന്നത്. കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകളാണ് കടുംകൈക്ക് പ്രേരിപ്പിച്ചതെന്ന് ആത്മഹത്യാക്കുറിപ്പിൽ പറയുന്നുണ്ട്.

ഐഐഎം അഹമ്മദാബാദിൽനിന്ന് കമ്പ്യൂട്ടർ സയൽസിൽ പഠനം പൂർത്തിയാക്കിയ വിനോദിന് ഒന്നര വർഷം മുമ്പ് ജോലി നഷ്ടപ്പെട്ടിരുന്നതായി പൊലീസ് പറഞ്ഞു. കുടുംബത്തിന് ഇടക്കാലത്ത് വലിയ കടബാധ്യത ഉണ്ടായിരുന്നതായും പൊലീസ് കണ്ടെത്തി. ഇവർ മൂന്നു വർഷം മുമ്പ് നെഹ്റു നഗറിലുള്ള വീട് വിറ്റിരുന്നതായും പിന്നീട് മോർവാഡിയിലെ ഫ്ലാറ്റിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി മാറ്റി. ഫ്ലാറ്റിൽനിന്ന് ശേഖരിച്ച സാംപിളുകൾ പൊലീസ് ഫൊറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)