ലഖ്നൗ: ഉത്തർപ്രദേശിലെ ബിജെപി നേതാവ് ചിന്മയാനന്ദിനെതിരെ ബലാത്സംഗ പരാതിയുമായി നിയമവിദ്യാ‍ർത്ഥിനി. പരാതി നൽകിയിട്ടും യുപി പൊലീസ് ഇത് അവഗണിച്ചെന്നും എത്രയും വേഗം ചിന്മയാനന്ദിനെ അറസ്റ്റ് ചെയ്യണമെന്നും പെൺകുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ മാസമാണ് ഷാജഹാൻപൂരിലെ നിയമ വിദ്യാ‍ർത്ഥിനിയായിരുന്നു പെൺകുട്ടി സ്വാമി ചിന്മായനന്ദിനെതിരെ ലൈംഗിക പീഡനപരാതി ഉന്നയിച്ചത്. തുടർന്ന് കാണാതായ പെൺകുട്ടിയെ രാജസ്ഥാനിൽ നിന്ന് കണ്ടെത്തി. വിഷയത്തിൽ വനിതാ അഭിഭാഷകരുടെ കത്തിന്റെ അടിസ്ഥാനത്തിൽ കേസ് പരിഗണിച്ച് സുപ്രീംകോടതി അന്വേഷണത്തിന് പ്രത്യേകസംഘത്തെ നിയോഗിക്കുകയും കേസിന്റെ മേൽനോട്ടം അലഹബാദ് ഹൈക്കോടതിയെ ഏൽപിക്കുകയും ചെയ്തിരുന്നു. പ്രത്യേക അന്വേഷണസംഘത്തോട് ചിന്മായനന്ദ ഒരു വ‍ർഷത്തോളം തന്നെ ഭീഷണിപ്പെടുത്തി ബലാത്സംഗ ചെയ്തെന്ന് പറഞ്ഞിരുന്നു. 

എന്നാൽ ഇതുവരെ ഇയാളെ അറസ്റ്റ് ചെയ്തില്ലെന്നും പെൺകുട്ടി പറയുന്നു. വിഷയത്തിൽ നേരത്തെ ദില്ലി ലോധി പൊലീസിൽ ബലാത്സംഗത്തിന് പരാതി നൽകിയിരുന്നു. കേസ് ഷാജഹാപൂർ പൊലീസിന് കൈമാറിയെങ്കിലും അന്വേഷണം നടത്താതെ ഒത്തുകളിച്ചെന്നും പെൺകുട്ടി ആരോപിച്ചു. പെൺകുട്ടിയെ കാണാതായ സംഭവത്തിൽ കേസ് എടുക്കാതെ യുപി പൊലീസ് ഒത്തുകളിച്ചെന്ന് പെൺകുട്ടിയുടെ പിതാവും നേരത്തെ ആരോപിച്ചിരുന്നു. കേസിൽ സുതാര്യമായ അന്വേഷണത്തിന് സുപ്രീംകോടതി നടപടികൾ സ്വീകരിച്ചതിന് പിന്നാലെയാണ് പുതിയ വെളിപ്പെടുത്തൽ.