ജയ്പൂരിൽ അമ്മയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ നിയമ വിദ്യാർത്ഥിനിക്കെതിരെ പുതിയ ആരോപണം. ഒരു വർഷം മുൻപ് മരിച്ച പിതാവിൻ്റെ മരണത്തിന് പിന്നിലും മകൾ തന്നെയാണെന്ന് അമ്മയുടെ സഹോദരൻ പരാതി നൽകി.  

ജയ്‌പൂർ: ജയ്പൂരിൽ അമ്മയെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായ നിയമ വിദ്യാർത്ഥിക്കെതിരെ ആരോപണവുമായി അമ്മയുടെ സഹോദരൻ. കഴിഞ്ഞ വർഷം പെൺകുട്ടിയുടെ അച്ഛനും മരിച്ചിരുന്നുവെന്നും ഇതിന് പിന്നിൽ നിയമ വിദ്യാർത്ഥിനി തന്നെയാകാമെന്നാണ് ആരോപണം. നിലവിൽ പോലീസ് കസ്റ്റഡിയിലാണ് ലോ കോളേജ് വിദ്യാർത്ഥിനിയുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ജയ്‌പൂർ കോടതിയിലെ ജീവനക്കാരിയായിരുന്ന അമ്മ നീരജ് ശർമ്മയെ എസ്‌യുവി കാറിടിച്ചു കൊലപ്പെടുത്തിയ കേസിലാണ് മകൾ ആയുഷി അറസ്റ്റിലായത്. പിന്നാലെയാണ് പിതാവ് വിജയ് ശർമ്മയുടെ മരണത്തിലും സംശയങ്ങൾ ഉയർന്നിരിക്കുന്നത്. അസുഖബാധിതനായിരുന്ന വിജയ് ശർമ്മയുടെ ജീവൻ രക്ഷാ ട്യൂബുകൾ ആയുഷി ബലമായി ഊരിമാറ്റിയതാണ് മരണത്തിന് കാരണമായതെന്ന് നീരജ് ശർമ്മയുടെ സഹോദരൻ രാകേഷ് ശർമ്മ പോലീസിൽ പരാതി നൽകി. 

അമ്മയുടെ കോടതിയിലെ സർക്കാർ ജോലിയും കുടുംബ സ്വത്തും തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് അവസാന വർഷ എൽഎൽബി വിദ്യാർത്ഥിനിയായ ആയുഷി ഈ കൊടുംക്രൂരതകൾ ആസൂത്രണം ചെയ്തതെന്ന് പോലീസ് പറയുന്നു.

സ്വന്തം കസിൻ സഹോദരനും കാമുകനുമായ ബൽറാമിന്റെ സഹായത്തോടെ ഏഴ് ലക്ഷം രൂപയ്ക്കാണ് ആയുഷി അമ്മയെ വകവരുത്താൻ ക്വട്ടേഷൻ സംഘത്തെ ഏർപ്പാടാക്കിയത്. തുടർന്ന് ജൂലൈ 3-ന് മകനെ കോച്ചിംഗ് സെന്ററിലാക്കി മടങ്ങുകയായിരുന്ന നീരജ് ശർമ്മയെ വാടകക്കൊലയാളികൾ സ്കോർപിയോ കാറിടിച്ച് വീഴ്ത്തുകയായിരുന്നു. കേവലം ഒരു റോഡപകടമായി ചിത്രീകരിക്കാൻ ശ്രമിച്ച ഈ കേസിൽ അഞ്ചോളം വാടകക്കൊലയാളികളെ പോലീസ് ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്.

പിതാവിന്റെ മരണത്തിലും സമാനമായ രീതിയിൽ ആയുഷിയും ബൽറാമും ചേർന്ന് ഗൂഢാലോചന നടത്തിയതായാണ് ബന്ധുക്കൾ ആരോപിക്കുന്നത്. കഴിഞ്ഞ വർഷം ബ്രെയിൻ സ്ട്രോക്ക് വന്ന വിജയ് ശർമ്മയെ കുടുംബാംഗങ്ങളെ ആരെയും അറിയിക്കാതെ ഇവർ രഹസ്യമായി മറ്റേതോ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പിന്നീട് വീട്ടിലെത്തിച്ച അദ്ദേഹത്തിന്റെ അവയവങ്ങൾ പ്രവർത്തനരഹിതമാകുകയാണെന്ന് ഡോക്ടർമാർ അറിയിച്ചതിന് പിന്നാലെയാണ് ആയുഷി ട്യൂബുകൾ നീക്കം ചെയ്ത് കൊലപാതകം നടത്തിയത്.

നിലവിൽ കസ്റ്റഡിയിലുള്ള ആയുഷിയെ പോലീസ് ഈ സംഭവത്തിലും ചോദ്യം ചെയ്തുവരികയാണ്. ഒളിവിൽ പോയ പ്രധാന സൂത്രധാരൻ ബൽറാമിനായുള്ള തിരച്ചിൽ പോലീസ് ശക്തമാക്കി.