ദില്ലി: ദില്ലിയിൽ അഭിഭാഷകരുടെ സമരം പിൻവലിച്ചു. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് സമരം അവസാനിപ്പിക്കാന്‍ അഭിഭാഷകര്‍ തീരുമാനിച്ചത്. തീസ് ഹസാരി കോടതിയില്‍ പൊലീസുമായുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്നായിരുന്നു രണ്ടാഴ്ചയായി അഭിഭാഷകര്‍ സമരം നടത്തിവന്നത്. 

ശനിയാഴ്ച മുതല്‍ കോടതികളില്‍ ഹാജരാകുമെന്നാണ് അഭിഭാഷകര്‍ അറിയിച്ചിരിക്കുന്നത്. ദില്ലിയിലെ ആറ് ജില്ലാ കോടതികളിലെയും അഭിഭാഷകര്‍ നവംബര്‍ രണ്ടിനുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന് പണിമുടക്കിലായിരുന്നു. ജില്ലാ കോടതികളിലെ അഭിഭാഷകരുടെ സംയുക്ത സമിതിയാണ് ഇന്ന് യോഗം ചേര്‍ന്ന് സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. 

സമരം എത്രയും വേഗം അവസാനിപ്പിക്കാന്‍ പരിഹാരം കാണണമെന്നാണ് അഭിഭാഷകരോട് ദില്ലി ഹൈക്കോടതി നിര്‍ദ്ദേശിച്ചത്. ഹൈക്കോടതി നിര്‍ദ്ദേശത്തെ മാനിക്കുന്നുവെന്നും ശനിയാഴ്ച മുതല്‍ ജോലിക്ക് ഹാജരാകുമെന്നും അഭിഭാഷകര്‍ അറിയിച്ചു. അഭിഭാഷകരുടെ സംരക്ഷണത്തിനുള്ള നിയമത്തിനു വേണ്ടി തുടര്‍ന്നും പോരാടുമെന്നും അവര്‍ പറഞ്ഞു. 

വാഹനം പാര്‍ക്കു ചെയ്യുന്നതിനെച്ചൊല്ലി കോടതിവളപ്പില്‍ ഉണ്ടായ തര്‍ക്കമാണ്  അഭിഭാഷക- പൊലീസ് സംഘര്‍ഷത്തിലേക്കും അക്രമത്തിലേക്കും കലാശിച്ചത്. ഇരുപതോളം പൊലീസുകാര്‍ക്കും നിരവധി അഭിഭാഷകര്‍ക്കും സംഘര്‍ഷത്തില്‍ പരിക്കേറ്റിരുന്നു.