ദില്ലി: രാഹുൽ ഗാന്ധി കേസേരയൊഴിഞ്ഞ് ആഴ്ചകൾ പിന്നിട്ടിട്ടും അധ്യക്ഷ സ്ഥാനത്തേക്ക് ആളെ കണ്ടെത്താനാകാതെ കോൺഗ്രസ്. അധ്യക്ഷ പദവി ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ആവര്‍ത്തിച്ച് സമീപിച്ചിട്ടും പ്രിയങ്ക ഗാന്ധി വഴങ്ങിയിട്ടില്ലെന്നാണ് വിവരം. സോൻഭദ്ര സംഭവത്തിന്‍റെ കൂടി പശ്ചാത്തലത്തിൽ കോൺഗ്രസ് പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുക്കണമെന്ന ആവശ്യവുമായി വീണ്ടും സമീപിച്ച നേതാക്കളെ പ്രിയങ്ക മടക്കി അയച്ചു. 

കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തിന് പുറത്ത് നിന്ന് ആളുവരട്ടെ എന്ന നിലപാട് നേരത്തെ രാഹുൽ ഗാന്ധി കൈക്കൊണ്ടിരുന്നു. അതനുസരിച്ച് നേതാവിനെ കണ്ടെത്താൻ ഔദ്യോഗികമായും അല്ലാതെയും പലവിധ ചര്‍ച്ചകൾ നടത്തിയെങ്കിലും സമവായത്തിലെത്താൻ കോൺഗ്രസ് നേതൃത്വത്തിന് ആയിട്ടില്ല. 

യുവനേതൃത്വം വരട്ടെ എന്ന് നിലപാടുള്ളവര്‍ പാര്‍ട്ടിക്ക് അകത്ത് ഉണ്ടെങ്കിലും പരിചയസമ്പന്നരായവര്‍ തന്നെ പാര്‍ട്ടിയെ നയിക്കണം എന്ന് അഭിപ്രായപ്പെടുന്നവരും കുറവല്ല. ഇവര്‍ക്കിടയിൽ സമവായം ഇല്ലാത്തതുകൊണ്ട് തന്നെ പ്രവര്‍ത്തക സമിതി ചേരാൻ പോലും ഇതുവരെ കഴിഞ്ഞിട്ടുമില്ല