ദില്ലി: മുതിർന്ന നേതാവ് എന്നതിലുപരി കോണ്‍ഗ്രസിന്‍റെ മികച്ച 'നയതന്ത്രജ്ഞ'നായിരുന്നു അഹമ്മദ് പട്ടേല്‍. പാര്‍ട്ടിയെ ചലിപ്പിക്കുന്നതില്‍ നിര്‍ണ്ണായക ശക്തിയായി അഹമ്മദ് പട്ടേൽ പ്രവർത്തിച്ചു. പ്രതിസന്ധി കാലഘട്ടത്തില്‍ അഹമ്മദ് പട്ടേലിന്‍റെ വിയോഗം കോണ്‍ഗ്രസിന് ഉണ്ടാക്കാവുന്ന നഷ്ടം ചെറുതായിരിക്കല്ല. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചനം രേഖപ്പെടുത്തി.

'അഹമ്മദ് പട്ടേലിന്റെ വിയോഗത്തിൽ ഖേദിക്കുന്നു. പൊതുപ്രവർത്തകനായി അദ്ദേഹം വർഷങ്ങളോളം സമൂഹത്തെ സേവിച്ചു. കോൺഗ്രസ് പാർട്ടിയെ ശക്തിപ്പെടുത്തുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് എന്നും ഓർമ്മിക്കപ്പെടും മകൻ ഫൈസലിനോട് സംസാരിക്കുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെ'-  എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുശോചന കുറിപ്പ്.

'അഹമ്മദ് ജി ഒരു ബുദ്ധിമാനും പരിചയസമ്പന്നനുമായ ഒരു സഹപ്രവർത്തകൻ മാത്രമായിരുന്നില്ല, ഞാൻ നിരന്തരം ഉപദേശങ്ങൾക്കായി സമിപിച്ചിരുന്ന ഒരാൾ കൂടി ആയിരുന്നു. ഞങ്ങൾക്കെല്ലാം വിശ്വസ്ഥനും എന്നും ആശ്രയിക്കാൻ കഴിയുന്ന ഒരു സുഹൃത്തുമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം ഉണ്ടാക്കുന്ന ശൂന്യത ചെറുതായിരിക്കില്ല..'- എന്നായിരുന്നു പ്രിയങ്കയുടെ വാക്കുകൾ.

'ഇന്നത്തെ ദിവസം ദുഖകരമാണ്. കോൺഗ്രസ് പാർട്ടിയുടെ നെടും തൂണായിരുന്നു ശ്രീ അഹമ്മദ് പട്ടേൽ. കോൺഗ്രസിൽ ജീവിക്കുകയും ശ്വസിക്കുകയും ചെയ്ത അദ്ദേഹം പാർട്ടിയുടെ ഏറ്റവും പ്രയാസകരമായ സമയങ്ങളിലും പാർട്ടിക്കൊപ്പം നിലകൊണ്ടു. അദ്ദേഹം പാർട്ടിക്ക് എന്നും മുതൽക്കൂട്ടായിരുന്നു. കുടുംബത്തിന്റെ ദുഖത്തിൽ പങ്കുചേരുന്നു'- എന്ന് രാഹുൽ ഗാന്ധിയും കുറിക്കുന്നു.