ദില്ലി: ജമ്മുകശ്‍മീരില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന നേതാക്കളെ ഒരു മാസത്തിനുളളില്‍ സ്വതന്ത്രരാക്കുമെന്ന് ബിജെപി ജമ്മുകശ്‍മീര്‍ അധ്യക്ഷന്‍ രവീന്ദര്‍ റെയ്‍ന. കശ്മീരിലെ ശാന്തമായ അന്തരീക്ഷം വഷളാക്കാന്‍ പാകിസ്ഥാന്‍ നിരന്തരം ശ്രമിക്കുകയാണെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ദില്ലിയിലെത്തിയ രവീന്ദര്‍ റെയ്‍ന  ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മുന്‍ മുഖ്യമന്ത്രിമാരായ ഫറൂക്ക് അബ്ദുള്ള, മെഹ്ബൂബ മുഫ്തി, ഒമര്‍ അബ്ദുള്ള തുടങ്ങിയവര്‍  ആറ് മാസത്തോളമായി വീട്ടുതടങ്കലിലാണ്. 

യുവാക്കളെ കലാപത്തിന് പ്രേരിപ്പിക്കുമെന്നതിനാലാണ് കരുതല്‍ തടങ്കലിലാക്കിയതെന്ന് രവീന്ദര്‍ റെയ്‍ന പറഞ്ഞു. പുനസംഘടനയ്ക്ക് ശേഷം സ്ഥിതിഗതികളില്‍ മാറ്റമുള്ള സാഹചര്യത്തില്‍ മോചന നടപടികള്‍  പുരോഗമിക്കുകയാണ്. ഇന്‍റലിജന്‍സ് ഏജന്‍സികളുടെ വിവരങ്ങളുടെയടക്കം  അടിസ്ഥാനത്തില്‍ വൈകാതെ തീരുമാനമുണ്ടാകുമെന്ന് കശ്മീര്‍ ബിജെപി  അധ്യക്ഷന്‍ വ്യക്തമാക്കുന്നു. തീവ്രവാദത്തിന് കശ്മീരിനെ  ആയുധമാക്കാനാണ് പാകിസ്ഥാന്‍റെ ശ്രമം. എന്നാല്‍ ഇനിയത് വിലപ്പോവില്ലെന്നും രവീന്ദര്‍ റെയ്ന പറഞ്ഞു. കശ്മീര്‍ പുനസംഘടനയുടെ മേന്മകള്‍ ദില്ലി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വിശദീകരിക്കാനാണ് ബിജെപി രവീന്ദര്‍ റെയ്‍നയെ ദില്ലിയിലെത്തിച്ചിരിക്കുന്നത്.