ഒരാളൊഴികെ മത്സരിച്ച മന്ത്രിമാരെല്ലാം ജയിച്ച് വന്നിട്ടുമുണ്ട്. ആഭ്യന്തര സഹമന്ത്രി ഹർഷ് സാം‍ഗ്വി, പൂർണേഷ് മോദി, ഋഷികേശ് പട്ടേൽ തുടങ്ങിയ പ്രമുഖ‌ർക്കെല്ലാം മന്ത്രിസഭയിൽ ഒരു അവസരം കൂടി ലഭിച്ചേക്കും

അഹമ്മദാബാദ് : ബിജെപി മിന്നും വിജയം നേടിയ ഗുജറാത്തിൽ മന്ത്രിസഭാ രൂപീകരണ ചർച്ചകൾ സജീവം. മാസങ്ങൾക്ക് മുൻപ് മാത്രം മന്ത്രിസഭാ പുനസംഘടന നടത്തിയതിനാൽ വലിയ അത്ഭുതങ്ങൾക്ക് സാധ്യതയില്ല. യുവ നേതാക്കളിൽ പ്രമുഖരായ ഹാർദ്ദിക് പട്ടേലോ അൽപേഷ് താക്കൂറോ മന്ത്രിസഭയിലെത്തിയേക്കുമെന്നാണ് സൂചന. 

വിജയ് രൂപാനിയെ മാറ്റി ഭൂപേന്ദ്ര പട്ടേലിന്‍റെ നേതൃത്വത്തിൽ പുതിയ ടീമിനെ ഭരണം ഏൽപിച്ചത് ഗുണകരമായെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. ഒരാളൊഴികെ മത്സരിച്ച മന്ത്രിമാരെല്ലാം ജയിച്ച് വന്നിട്ടുമുണ്ട്. ആഭ്യന്തര സഹമന്ത്രി ഹർഷ് സാം‍ഗ്വി, പൂർണേഷ് മോദി, ഋഷികേശ് പട്ടേൽ തുടങ്ങിയ പ്രമുഖ‌ർക്കെല്ലാം മന്ത്രിസഭയിൽ ഒരു അവസരം കൂടി ലഭിച്ചേക്കും. ഇന്ത്യയിലെ ഏറ്റവും വലിയ ഡയറിയായ ബനസ് ഡയറിയുടെ ചെയർമാൻ കൂടിയായ ശങ്കർ ചൗധരിക്കും മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് വിവരം.

ഹലോ എംഎല്‍എ; ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി വിജയിച്ച ഭാര്യയെ അഭിനന്ദിച്ച് ജഡേജ

കോൺഗ്രസ് വിട്ടെത്തി വിജയിച്ച ഹാർദ്ദിക് പട്ടേലും അൽപേഷ് ഠാക്കൂറും ഇത്തവണ വിജയിച്ചിട്ടുണ്ടെങ്കിലും ഇതിൽ ഒരാൾക്ക് മാത്രം മന്ത്രിസ്ഥാനം കിട്ടിയേക്കും. പട്ടേൽ വിഭാഗത്തിന് ആവശ്യത്തിന് പ്രാതിനിധ്യം ഉള്ളതിനാൽ ഒബിസി വിഭാഗത്തെ ലക്ഷ്യം വച്ച് അൽപേഷിനാണ് കൂടുതൽ സാധ്യത. മോർബിയിൽ വൻ ജയം നേടിയ കാന്തിലാൽ അമൃതിയയും മന്ത്രിസഭയിലേക്ക് എത്തിയേക്കും. സീനിയർ എംഎൽഎ എന്ന പരിഗണനയും അദ്ദേഹത്തിനുണ്ട്. ക്രിക്കറ്റർ രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബയെയും സ്ത്രീ പ്രാതിനിധ്യം കണക്കിലെടുത്ത് മന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചേക്കും. 

'ഗുജറാത്തിലെ വിജയം, മോദിയുടെത്': ഗുജറാത്തിലെ ബിജെപി വിജയം സംബന്ധിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍

മറുവശത്ത് കോൺഗ്രസിൽ സംഘടനാപരമായ മാറ്റങ്ങൾ ഉണ്ടായേക്കും. സംസ്ഥാനത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി രഘു ശർമ്മ ഇന്നലെ സ്ഥാനം രാജിവച്ചിരുന്നു. സംസ്ഥാന നേതൃത്വം ഏതാണ്ട് ഒറ്റയ്ക്ക് നയിച്ച തെരഞ്ഞെടുപ്പെന്ന നിലയിൽ പിസിസി അധ്യക്ഷൻ ജഗദീഷ് ഠാക്കൂറും രാജിവയ്ക്കാൻ സാധ്യതയുണ്ട്.