അനുഭവസമ്പത്ത് ഡി.കെ.സിംഗിൻ്റെ കരുത്ത്.ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് സെന്ററിൻ്റെ മലയാളിയല്ലാത്ത ആദ്യ മേധാവി. ഐഎസ്ആർഒയുടെ സുപ്രധാന കേന്ദ്രങ്ങളുടെ മേധാവിമാരെല്ലാം കഴിഞ്ഞ എട്ട് മാസത്തിനിടെ മാറി.

തിരുവനന്തപുരം/ബെംഗളൂരു : ഇന്ത്യൻ ബഹിരാകാശ ഏജൻസിയുടെ സുപ്രധാന കേന്ദ്രങ്ങളിൽ നേതൃമാറ്റം തുടരുന്നു. ഐഎസ്ആർഒയുടെ ഉപഗ്രഹ വികസന കേന്ദ്രമായ ബെംഗളൂരു യു.ആർ.റാവു സാറ്റലൈറ്റ് സെൻ്ററിൽ (URSC) ദിനേഷ് കുമാർ സിം​ഗ് പുതിയ മേധാവിയാകും. നിലവിൽ ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് സെൻ്ററിൻ്റെ (HSFC) ഡയറക്ടറാണ് ദിനേഷ് കുമാർ സിം​ഗ്. യുആർഎസ്‍സിയുടെ ഇപ്പോഴത്തെ മേധാവി എം.ശങ്കരൻ ഈ മാസം 31ന് വിരമിക്കും.

ദിനേഷ് കുമാ‌ർ സിം​ഗ് ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് സെൻ്ററിൽ നിന്ന് മാറുന്ന ഒഴിവിൽ മലയാളിയായ ബിജു എസ്.ആ‌‌‌ർ HSFC മേധാവിയാകും. ​വിഎസ്‍എസ്‍സിയിൽ പ്രൊജക്ട്സ് വിഭാ​ഗം ഡയറക്ടറും, ​ഗ​ഗൻയാൻ പ്രൊ​ഗ്രാം ഡയറക്ടറുമായി സേവനമനുഷ്ഠിക്കുന്നതിനിടെയാണ് പുതിയ ചുമതല. പിഎസ്എൽവി പ്രൊജക്ട് ഡയറക്ടറായിരുന്ന ബിജു എസ്.ആ‌ർ നിരവധി നി‌ർണായക വിക്ഷേപണ ദൗത്യങ്ങൾക്ക് മേൽനോട്ടം വഹിച്ചയാളാണ്.

അനുഭവ സമ്പത്തിന്‍റെ കരുത്തിൽ ഡി.കെ.സിം​ഗ്

ഉത്ത‌ർപ്രദേശിലെ വരാണസിയിൽ ജനിച്ച ദിനേഷ് കുമാ‌‌‌ർ സിം​ഗ് 37 വർഷം മുമ്പാണ് ഐഎസ്ആ‌‌‌ർഒയിലെത്തിയത്. ഉപ​ഗ്രഹ സാങ്കേതിക വിദ്യയിലും ഭരണനിർവഹണത്തിലും കഴിവുതെളിയിച്ച ശാസ്ത്രജ്ഞനാണ്. അഹമ്മദാബാദ് സ്പേസ് അപ്ലിക്കേഷൻസ് സെൻ്ററിൽ റിസ‌ർച്ച് ആൻഡ് ഡെവലപ്പ്മെൻ്റ് വിഭാ​ഗം അസോസിയേറ്റ് ഡ‍യറക്‌ട‌ർ, ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് ആൻഡ് അഡ്വാൻസ്ഡ് ടെക്നോളജി ഏരിയ ഡെപ്യൂട്ടി ഡയറക്ട‌ർ എന്നീ പദവികൾ വഹിച്ച ശേഷം 2024 ജൂലൈയിലാണ് ദിനേഷ് കുമാർ സിം​ഗ് ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് സെൻ്ററിൻ്റെ (HSFC) ഡയറക്ടറായത്. അതിനും മുമ്പ് റേഡിയോ ഫ്രീക്വൻസി സിസ്റ്റംസ് ഗ്രൂപ്പ് ആന്ട്രിക്സ് കോർപ്പറേഷനിൽ പേലോഡ് എഞ്ചിനീയറിംഗ് മാനേജരായും അമേരിക്കയിൽ ബോയിംഗ് സാറ്റലൈറ്റ് സിസ്റ്റംസിൽ സാങ്കേതിക കൺസൾട്ടൻ്റായും പ്രവർത്തിച്ചിട്ടുണ്ട്.

HBTI Kanpur (Harcourt Butler Technological Institute)ൽ നിന്ന് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗിൽ ബി ടെകും, IIT-BHU Varanasi നിന്ന് മൈക്രോവേവ് എഞ്ചിനീയറിംഗിൽ എം ടെകും പൂർത്തിയാക്കിയ ശേഷം 1989 ജൂലൈയിലാണ് ഡി.കെ.സിം​ഗ് ഐഎസ്ആർഒയിൽ ചേർന്നത്. സ്പേസ് ആപ്ലിക്കേഷൻ സെൻ്ററിലായിരുന്നു തുടക്കം. ഇൻസാറ്റ് 2 ഉപ​ഗ്രഹ ശ്രേണിയുടെ വികസനത്തിൽ നി‌ണായക പങ്കുവഹിച്ചു. തദ്ദേശീയ ​ഗതിനി‌ർണ്ണയ ഉപ​ഗ്രഹ ശൃംഖലയായ നാവിക്കിന് പിന്നിലും പ്രവ‌ർത്തിച്ചു. ആക്സിയം 4 ദൗത്യത്തിന്റെ ഭാ​ഗമായി ശുഭാൻഷു ശുക്ലയെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കയച്ചത് ദിനേഷ് കുമാ‌‌‌‌ർ സിം​ഗ് ഡയറക്ടറായ സമയത്താണ്.

HSFCയിലെ മലയാളികൾ

ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് സെൻ്ററിൻ്റെ മലയാളിയല്ലാത്ത ആദ്യ മേധാവിയായിരുന്നു സിം​ഗ്. പിന്നീട് വിഎസ്എസ്‍സി മേധാവിയായ ഡോ.എസ് ഉണ്ണിക്കൃഷ്ണൻ നായരായിരുന്നു HSFCയുടെ സ്ഥാപക മേധാവി. രണ്ടാം മേധാവി ആ‌ർ.ഉമാമഹേശ്വരനും മലയാളിയായിരുന്നു. ഇപ്പോൾ നാലാമത്തെ മേധാവിയായി ബിജു.എസ്.ആ‌ർ എത്തുമ്പോൾ ​ഇന്ത്യൻ മനുഷ്യ ബഹിരാകാശ യാത്രാ പദ്ധതിക്ക് ചുക്കാൻ പിടിക്കുന്ന കേന്ദ്രത്തിന്റെ തലപ്പത്തേക്ക് വീണ്ടും മലയാളിയെത്തുകയാണ്.

പ്രധാന ഐഎസ്ആർഒ കേന്ദ്രങ്ങളുടെ മേധാവിമാരെല്ലാം മാറി

ഐഎസ്ആർഒയുടെ സുപ്രധാന കേന്ദ്രങ്ങളുടെ മേധാവിമാരെല്ലാം കഴിഞ്ഞ എട്ട് മാസത്തിനിടെ മാറി, വിവിധ കേന്ദ്രങ്ങളുടെ പുതിയ മേധാവിമാ‌ർ ഇവരൊക്കെയാണ്

വിക്രം സാരാഭായ് സ്പേസ് സെൻ്റർ, തിരുവനന്തപുരം - ഡോ. യു.പി.രാജീവ് ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെൻ്റർ, തിരുവനന്തപുരം - എൻ. ജയൻ സതീഷ് ധവാൻ സ്പേസ് സെൻ്റർ, ശ്രീഹരിക്കോട്ട - എസ്.മുത്തുച്ചെഴിയാൻ യു.ആ‌ർ.റാവു സാറ്റലൈറ്റ് സെൻ്റർ, ബെം​ഗളൂരു - ദിനേഷ് കുമാ‌ർ സിം​ഗ് ഐഎസ്ആ‌ർഒ ടെലിമെട്രി ആൻഡ് ട്രാക്കിംഗ് സെൻ്റർ, ബെം​ഗളൂരു - എം.ആ‌ർ.രാഘവേന്ദ്ര സ്പേസ് ആപ്ലിക്കേഷൻസ് സെൻ്റർ, അഹമ്മദാബാദ് - ഡോ. സി.വി.എൻ.റാവു ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് സെൻ്റർ - ബിജു എസ്.ആ‌ർ ലബോറട്ടറി ഫോർ ഇലക്ട്രോ ഒപ്റ്റിക്കൽ സിസ്റ്റംസ്, ബെംഗളൂരു - ആർ.വെങ്കടേശ്വരൻ ഇനേർഷ്യൽ സിസ്റ്റം യൂണിറ്റ്, തിരുവനന്തപുരം - ജോജി ജെ.ചാമൻ

അടുത്ത വിക്ഷേപണം സെപ്റ്റംബ‌ർ നാലിന്

സെപ്റ്റംബ‌ർ നാലിന് ജിഎസ്എൽവി എഫ് 17 വിക്ഷേപണം നടക്കുമ്പോൾ ഈ പുതിയ നേതൃനിരയാകും തലപ്പത്തുണ്ടാകുക. GISAT 1A (EOS-05) ഉപ​ഗ്രഹമാണ് ഈ ദൗത്യത്തിലൂടെ ബഹിരാകാശത്തേക്ക് അയക്കുന്നത്. എട്ട് മാസത്തിന് ശേഷം വിക്ഷേപണ ദൗത്യങ്ങളിലേക്ക് ഐഎസ്ആർഒ തിരിച്ചെത്തുമ്പോൾ വലിയ പ്രതീക്ഷയാണുള്ളത്. ഈ വ‌‌‍‌ർഷം അവസാനിക്കും മുമ്പ് ​ഗ​ഗൻയാൻ ആദ്യ ആളില്ലാ ദൗത്യം നടത്തുമെന്നാണ് പ്രഖ്യാപനം.