കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പങ്കെടുത്ത വേദി ശുദ്ധീകരിച്ച സംഭവത്തിൽ പ്രധാനമന്ത്രി എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിടണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. ഇത് ജാതീയ അധിക്ഷേപവും ദളിതർക്കെതിരായ വിവേചനത്തിന്റെ പ്രതിഫലനവുമാണെന്ന് അദ്ദേഹം ആരോപിച്ചു

ദില്ലി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്‌ക്കെതിരെ ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ നടന്നത് ജാതീയ അധിക്ഷേപമാണെന്ന് ആവർത്തിച്ച്, കേന്ദ്ര സർക്കാരിനും ബി ജെ പിക്കുമെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി രംഗത്ത്. ഓഗസ്റ്റ് 8 ന് നടന്ന സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ട് കേസ് എടുപ്പിക്കണമെന്നും ഖർഗെയ്ക്ക് നീതി ലഭിക്കണമെന്ന് രാഹുൽ ആവശ്യപ്പെട്ടു. രാജ്യത്ത് ദളിത് വിഭാഗങ്ങൾ നേരിടുന്ന വലിയൊരു യാഥാർത്ഥ്യത്തിന്റെ പ്രതിഫലനമാണ് ഖർഗെക്കെതിരായ അധിക്ഷേപമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്കൂളുകളിൽ ദളിത് വിദ്യാർത്ഥികളെക്കൊണ്ട് ശുചീകരണ പണി ചെയ്യിക്കുന്നതും, ചായക്കടകളിൽ പേപ്പർ കപ്പുകളിൽ ദളിതർക്ക് ചായ നൽകുന്നതുമെല്ലാം ഇന്നും തുടരുന്ന വിവേചനത്തിന്റെ ഉദാഹരണങ്ങളാണ്. ഈ വിഷയം ഖർഗെയുടെ മാത്രം പ്രശ്നമല്ലെന്നും, മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഖർഗെ പങ്കെടുത്ത റാലിക്ക് പിന്നാലെ വേദി ശുദ്ധീകരിച്ചത് ഭരണഘടനാപരമായി വലിയൊരു ക്രിമിനൽ കുറ്റമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ദളിതർ ബഹുമാനിക്കപ്പെടണമെന്ന് ബി ജെ പിയും ആർ എസ് എസും ആഗ്രഹിക്കുന്നില്ലെന്ന് ആരോപിച്ച അദ്ദേഹം, സംഭവത്തിൽ ദളിത് അതിക്രമ നിരോധന നിയമപ്രകാരം ഉടൻ തന്നെ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് നടപടിയെടുക്കാൻ പ്രധാനമന്ത്രി ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടു. ഖർഗെ, ജിതൻ റാം മാഞ്ചി, രാജസ്ഥാനിലെ കോൺഗ്രസ് നേതാക്കൾ എന്നിവരെല്ലാം ഇത്തരത്തിലുള്ള അവഗണനകൾ അനുഭവിച്ചവരാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ഖർഗെക്കൊപ്പം കോൺഗ്രസ്

വിഷയത്തിൽ പാർട്ടിക്കുള്ളിൽ നിന്നും പിന്തുണ ലഭിച്ചില്ലെന്ന ഖർഗെയുടെ പരാതിയെക്കുറിച്ച് വ്യക്തത വരുത്തിയ രാഹുൽ ഗാന്ധി, അത് ചില വ്യക്തിപരമായ പിന്തുണകളെക്കുറിച്ചുള്ള പരാമർശമായിരുന്നുവെന്ന് വിശദീകരിച്ചു. ഖർഗെയുമായി താൻ നേരിട്ട് സംസാരിച്ച് പിന്തുണ അറിയിച്ചിട്ടുണ്ടെന്നും കോൺഗ്രസ് അധ്യക്ഷന് പോലും ഇത്തരം അനുഭവം ഉണ്ടാകുന്നുവെങ്കിൽ സാധാരണക്കാരുടെ അവസ്ഥ എന്താകുമെന്നും അദ്ദേഹം ചോദിച്ചു. ഇതിനെതിരെ കോൺഗ്രസ് ഒറ്റക്കെട്ടായി പോരാടുമെന്നും ഖാഗെയ്ക്ക് നീതി ലഭിക്കണമെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

ഹല്‍ദ്വാനിയില്‍ ഓഗസ്റ്റ് 8 ന് നടന്ന കോണ്‍ഗ്രസ് റാലിയില്‍ പ്രസംഗിച്ച് മടങ്ങിയതിന് ശേഷം ബി ജെ പി പ്രവര്‍ത്തകര്‍ വേദി ശുദ്ധീകരിച്ചെന്നും താന്‍ ദളിതനായതുകൊണ്ടാണെന്ന് അങ്ങനെ ചെയ്തതെന്നും അപമാനിതനായെന്നുമാണ് മല്ലികാര്‍ജുന്‍ ഖര്‍ഗെ രാജ്യസഭയില്‍ പരാതി അറിയിച്ചത്. എന്നാൽ വേദി ശുദ്ധീകരിച്ച ശ്രീ രാം സേനയെന്ന സംഘടനയുമായി ബി ജെ പിക്ക് ഒരു ബന്ധവുമില്ലെന്നാണ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അഭിപ്രായപ്പെട്ടത്.

YouTube video player