ദില്ലി: പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം പ്രണയിച്ചയാളെ ഉപേക്ഷിക്കുന്നത് ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം കുറ്റകരമല്ലെന്ന് ദില്ലി ഹൈക്കോടതി. പ്രായപൂര്‍ത്തിയായ രണ്ട് വ്യക്തികള്‍ സ്വന്തം ഇഷ്ടപ്രകാരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റമായി കാണാനാകില്ലെന്നും കോടതി വ്യക്തമാക്കി. 

വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം യുവാവ് വഞ്ചിച്ചെന്ന് ചൂണ്ടിക്കാട്ടി യുവതി നല്‍കിയ ബലാത്സംഗ കേസ് തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. പ്രായപൂര്‍ത്തിയായ ആളുകള്‍ക്ക് ലൈംഗിക ബന്ധം നിഷേധിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. പക്ഷേ പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ അത് കുറ്റകരമല്ല. 

യുവാവുമായി ആദ്യത്തെ തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം മൂന്ന് മാസങ്ങള്‍ കഴിഞ്ഞ് യുവതി തന്‍റെ സമ്മതത്തോടെ തന്നെ ഇയാളുമായി ഹോട്ടല്‍ മുറിയില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായും കോടതി കണ്ടെത്തി. അതിനാല്‍ തന്നെ ഇത് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതായി കരുതാനാവില്ലെന്നും കോടതി പറ‍ഞ്ഞു. 

2016 -ലാണ് വിവാഹവാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്തതായി യുവതി പൊലീസില്‍ പരാതി നല്‍കിയത്. അമ്മയെ കാണാന്‍ വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം പീഡിപ്പിച്ചെന്നായിരുന്നു പരാതി. എന്നാല്‍ മൂന്ന് മാസങ്ങള്‍ക്ക് ശേഷം വീണ്ടും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടെങ്കിലും വിവാഹം കഴിച്ചില്ല എന്നാണ് യുവതിയുടെ ആരോപണം.