ബീഹാറിൽ മഹാസഖ്യം പിന്നോട്ടുപോകുമ്പോൾ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ പഴയ ആവേശം തിരിച്ചുപിടിക്കുകയാണ്. മത്സരിച്ച 29ൽ 18 ഇടത്ത് ഇടതുപക്ഷം ലീഡ് നിലനിര്‍ത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. കേരളത്തിലും പശ്ചിമബംഗാളിലും തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇടതുപക്ഷത്തിന് ആവേശമായി ബീഹാറിലെ മുന്നേറ്റം. അതേസമയം മഹാസഖ്യത്തിനൊപ്പം നിന്ന കോണ്‍ഗ്രസ് കാര്യമായ മുന്നേറ്റം ഉണ്ടാക്കിയില്ല. 

കര്‍ഷകര്‍ക്കും ആദിവാസി-ദളിത് വിഭാഗങ്ങൾക്കിടയിലും ഉള്ള പഴയ സ്വാധീനം തിരിച്ചുപിടിക്കുകയാണ് ബീഹാറിൽ ഇടതുപക്ഷം. 19 സീറ്റിൽ മത്സരിച്ച സിപിഐ എം.എൽ മൂന്ന് സിറ്റിംഗ് സീറ്റുകളിൽ ഉൾപ്പടെ 11 ഇടത്തും സിപിഐ- സിപിഎം പാര്‍ട്ടികൾ ഏഴിടത്തും മുന്നേറ്റമുണ്ടാക്കി. ജെ.എൻ.യുവിലെ വിദ്യാര്‍ത്ഥി നേതാവായിരുന്ന സിപിഐ എം.എലിന്‍റെ സന്ദീപ് സൗരവ്, ബൽറാംപൂര്‍ മണ്ഡലത്തിൽ മെഹബൂബ ആലം, തറാറി മണ്ഡലത്തിൽ സുധാമ പ്രസാദ് തുടങ്ങിയവര്‍ മുന്നിലാണ്. നാലിടത്ത് മത്സരിച്ച സിപിഎം മൂന്നിടത്തും, ആറ് സീറ്റിൽ മത്സരിച്ച സിപിഐ നാലിടത്തും ലീഡ് നിലനിര്‍ത്തുന്നുണ്ട്. 

പശ്ചിമബംഗാളിലും തൃപുരയിലും അധികാരമില്ലാതായി. പാര്‍ലമെന്‍റിലെ അംഗബലും കുറഞ്ഞു. തിരിച്ചടികൾക്ക് മുന്നിൽ നിൽക്കുമ്പോഴാണ് പഴയ ആവേശം ബീഹാറിൽ ഇടതുപക്ഷ പാര്‍ടികൾ തിരിച്ചുപിടിക്കുന്നത്. ഇടതുപക്ഷ ഐക്യം ദേശീയതലത്തിൽ ശക്തിപ്പെടുത്താനും ഇത് വഴിയൊരുക്കും. കോണ്‍ഗ്രസാകട്ടെ കൂടുതൽ ദുര്‍ബലമാകുന്നു. സിറ്റിംഗ് സീറ്റുകളിൽ പലതും കോണ്‍ഗ്രസിന് നഷ്ടമായി. 27 ൽ നിന്ന് സീറ്റ് നില 20താഴേക്ക് ചുരുങ്ങുകയാണ്. ബീഹാറിൽ നേട്ടമുണ്ടാക്കി ദേശീയ മുന്നേറ്റം ശക്തിപ്പെടുത്താനുള്ള കോണ്‍ഗ്രസ് കണക്കുകൂട്ടലുകളും ബീഹാറിൽ പിഴച്ചു